Akshay Kumar at Selfiee location: മധ്യപ്രദേശിലെ ഭോപാലില്‍ എത്തിച്ചേര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സെല്‍ഫി'യുടെ ഷൂട്ടിങിനായാണ് താരം ഭോപാലിലെത്തിയിരിക്കുന്നത്. നീണ്ട 45 ദിവസത്തെ ഷെഡ്യൂളിനാണ് 'സെല്‍ഫി' ടീം ഭോപാലിലെത്തിയത്.
വിമാനത്താവളത്തിലെത്തിയ അക്ഷയ് കുമാറിന് ചുറ്റും ആരാധകര്‍ തടിച്ചു കൂടി. താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'ബച്ചന്‍ പാണ്ഡേ'യ്‌ക്ക് ശേഷമാണ് 'സെല്‍ഫി'യുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നേരത്തെ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു അനൗന്‍സ്‌മെന്‍റ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ഭോപാലിലെ ബിഷഖെടി മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാലയില്‍ മാര്‍ച്ച് 25ന് ആരംഭിക്കുന്ന ചിത്ര ഭാരതി ചലച്ചിത്ര മേളയിലും അക്ഷയ് കുമാര്‍ പങ്കെടുത്തും. മുഖ്യമന്ത്രി ശിവരാജ് സിങ് ഉദ്‌ഘാടനം നിര്‍വഹിക്കുന്ന ചലച്ചിത്ര മേളയില്‍ പ്രമുഖ സിനിമാ പ്രവര്‍ത്തകരും കലാകാരന്‍മാരും പങ്കെടുക്കും.
Driving License Hindi remake: പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 'ഡ്രൈവിങ് ലൈസന്‍സി'ന്‍റെ(2019) ഹിന്ദി റീമേക്കാണ് 'സെല്‍ഫി'. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‌ത 'ഡ്രൈവിങ് ലൈസന്‍സ്' ബോക്‌സ്‌ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഹിന്ദി റീമേക്കില്‍ ഇതേ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‌മിയുമാണ്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‌മിയും ഇതാദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്.
ഡ്രൈവിങിനോട് ക്രെയ്‌സുള്ള ഒരു സൂപ്പര്‍ സ്‌റ്റാറിന്‍റെ ഡ്രൈവിങ് ലൈസന്‍സ് നഷ്‌ടപ്പെടുന്നതാണ് ചിത്രപശ്ചാത്തലം. സൂപ്പര്‍ സ്‌റ്റാറിന്‍റെ വേഷത്തില്‍ പൃഥ്വിരാജും മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടറായി സുരാജ് വെഞ്ഞാറമൂടുമാണ് മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. സൂപ്പര്‍സ്‌റ്റാറിന്‍റെ ആരാധകന്‍ കൂടിയായ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സൂപ്പര്‍സ്‌റ്റാറുമായി കൊമ്പു കോര്‍ക്കുന്നതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്.
Selfiee cast and crew: രാജ് മെഹ്‌തയാണ് സംവിധാനം. ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് 'സെല്‍ഫി'. മാജിക് ഫ്രെയിംസും 'സെല്‍ഫി'യിലൂടെ ഹിന്ദി സിനിമ പ്രൊഡക്ഷനില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
അതേസമയം സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം.
Also Read: 'ചരിത്രത്തിന്‍റെ ഭാഗം!' എല്ലാ ഇന്ത്യക്കാരും കാശ്‌മീര്‍ ഫയല്‍സ് കാണണമെന്ന് ആമിര്‍ ഖാന്‍