പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് പാര്‍വതിയും. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന പ്രതിഷേധ സായാഹ്നത്തിലാണ് പാര്‍വതിയും പങ്കാളിയായത്. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.
പ്രതിഷേധം കേവലം ഫേസ്ബുക്ക് പോസ്റ്റില്‍ മാത്രം ഒതുക്കാതെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന പാര്‍വതിക്ക് അഭിനന്ദന പ്രവാഹമാണ്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതി രംഗത്തെത്തിയിരുന്നു. ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്നതിന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പാര്‍വതി പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന പ്രതിഷേധ സായാഹ്നത്തില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്‌കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്‌റ തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി. ശബാന ആസ്മി, ദിയ മിര്‍സ, റിച്ച ഛദ്ദ തുടങ്ങി നിരവധി പേര്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നതിന്‍റെ കാരണം പറഞ്ഞ് പിന്തുണയുമായി രംഗത്തെത്തി.