മുംബൈ: പ്രശസ്‌ത ബോളിവുഡ് ഗായിക അനുരാധ പട്‌വാളിന്‍റെ മകളാണെന്നുള്ള കർമല മോഡക്‌സിന്‍റെ വാദത്തിൽ സുപ്രീം കോടതി സ്റ്റേ. തിരുവന്തപുരം കുടുംബ കോടതിയിൽ നടക്കുന്ന കേസിലാണ് സുപ്രീം കോടതി ഇടപെട്ടിരിക്കുന്നത്. കേസ് തിരുവനന്തപുരം കോടതിയിൽ നിന്നും മുംബൈയിലേക്ക് മാറ്റണമെന്ന് അനുരാധ പട്‌വാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൻ മകളാണെന്നുള്ളത് നിയമപരമായി തെളിയിക്കുമെന്നും ഇതിനായി ശക്തമായി പോരാടുമെന്നും കർമല മോഡക്‌സ് വ്യക്തമാക്കി.
അനുരാധ പട്‌വാളിന്‍റെ മകളാണെന്ന വാദവുമായെത്തിയ തിരുവനന്തപുരം സ്വദേശിനി മോഡക്‌സ്, ഗായികയിൽ നിന്നും 50 കോടി രൂപ നഷ്‌ട പരിഹാരവും അവകാശപ്പെട്ടിരുന്നു. "തിരുവനന്തപുരം കോടതിയിൽ നടക്കുന്ന കേസിൽ സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്‌തയി അറിഞ്ഞു. ഞാൻ നിയമപരമായി തന്നെ പോരാടും. എന്‍റെ അഭിഭാഷകനുമായി ബന്ധപ്പെട്ടതിന് ശേഷം സുപ്രീം കോടതിയിൽ ഈ കേസുമായി മുന്നോട്ട് പോകും," കർമല മോഡക്‌സ് പറഞ്ഞു.
“ഒരു വ്യക്തിയെയും അപമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇതിലെ സത്യാവസ്ഥ അറിയാൻ ആഗ്രഹിക്കുന്നു. കാരണം, അഞ്ച് വർഷം മുമ്പാണ് എന്‍റെ അച്ഛൻ ഞാൻ ഗായിക അനുരാധ പട്‌വാളിന്‍റെ മകളാണെന്നത് എന്നോട് വെളിപ്പെടുത്തിയത്. അപ്പോൾ മുതൽ ഞാൻ സത്യം അന്വേഷിക്കുകയായിരുന്നു, ”മോഡക്‌സ് കൂട്ടിച്ചേർത്തു.
കേസ് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന അനുരാധ പട്‌വാളിന്‍റെ ആവശ്യത്തെത്തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയുടെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, സൂര്യ കാന്ത് എന്നിവരുൾപ്പെട്ട ബെഞ്ച് പരാതിക്കാരിയായ കർമല മോഡക്‌സിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. പത്മശ്രീ, ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ അനുരാധ പട്‌വാൾ 50 കോടി രൂപയും അവരുടെ സ്വത്ത് വകയിൽ നിന്ന് ഒരു ഭാഗവും നൽകണമെന്ന് കർമല മോഡക്‌സ് പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, കർമല മോഡക്‌സ് മകളാണെന്ന വാദം അനുരാധ പട്‌വാളും അവരുടെ ഭർത്താവും സംഗീത സംവിധായകനുമായ അരുൺ പട്‌വാളും നേരത്തെ നിഷേധിച്ചതാണ്. കേസിന്‍റെ വിചാരണയുമായി ബന്ധപ്പെട്ട് പട്‌വാളിനോടും അവരുടെ രണ്ട് മക്കളോടും ഈ മാസം 27ന് കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു.