തൊണ്ണൂറുകളുടെ പ്രിയപ്പെട്ട സുന്ദരി... നേപ്പാളിൽ നിന്നും വന്ന് ഇന്ത്യയുടെ ഹൃദയം കവർന്ന താര സുന്ദരി. ദിൽ സേയിലും ബോംബെയിലും മുതൽവനിലും ഇന്ത്യനിലും നിറഞ്ഞുനിന്ന സൗന്ദര്യം. കണ്ണുകളുടെ ചലനത്തിലും വിടർന്ന പുഞ്ചിരിയിലും ചടുലമായ നൃത്തച്ചുവടുകളിലൂടെയുമെല്ലാം ബോളിവുഡും തമിഴകവുമെല്ലാം തങ്ങളുടെ സ്വപ്‌നസുന്ദരിയായി മനീഷ കൊയ്‌രാളയെ മനസിൽ പ്രതിഷ്‌ഠിച്ചു.
ഫേരി ഭേട്ടുല എന്ന നേപ്പാൾ ചിത്രത്തിലൂടെയാണ് ആദ്യമായി മനീഷ അഭിനയത്തിലേക്ക് കടന്നുവരുന്നത്. സുഭാഷ് ഘായ് സംവിധാനം ചെയ്‌ത സൌദാഗർ നടിയുടെ ആദ്യബോളിവുഡ് ചിത്രമാണ്. പിന്നീട് ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നായികയായും അതിഥി വേഷങ്ങളിലൂടെയും സ്‌ക്രീനിൽ തിളങ്ങി.
നായക് എന്ന ബോളിവുഡ് ചിത്രത്തിന്‍റെ തമിഴ് റീമേക്കായ 'മുതൽവനി'ലെ തേൻമൊഴിയും '1942: എ ലവ് സ്റ്റോറി'യിലെ രാജേശ്വരിയും 'ഇന്ത്യൻ' എന്ന ചിത്രത്തിലെ ഐശ്വര്യയും രാം ഗോപാൽ വർമയുടെ 'കമ്പനി'യിലെ സരോജയുമെല്ലാം സ്‌ക്രീനിലെ മനീഷ സാന്നിധ്യങ്ങളാണ്.
കണ്ണുകളിൽ ഉത്കണ്‌ഠയും എന്നാൽ പ്രണയവും നിറച്ച പെൺകുട്ടി. ബോംബെയിൽ കണ്ട വെളുത്ത ലെഹംഗയിലെ അതീവ സുന്ദരി തമിഴകത്ത് മാത്രമല്ല ഇന്ത്യൻ സിനിമയെ തന്നെ കീഴടക്കിയിരുന്നു. ഗ്രാമത്തിലെ നിഷ്‌കളങ്കയായ യുവതിയായും കലാപത്തിൽ പെട്ട നിസ്സഹായയായ അമ്മയായും കരിയർ ബെസ്റ്റ് പ്രകടനമാണ് മനീഷ കാഴ്‌ചവച്ചത്. മണിരത്‌നത്തിന്‍റെ തന്നെ ദിൽ സേയിലെ തീവ്രവാദിയായുള്ള പ്രകടനവും നടിക്ക് വലിയ ആരാധകവൃന്ദം സൃഷ്‌ടിച്ചു.
ഇടയ്‌ക്ക് അർബുദം കീഴടക്കാൻ ശ്രമിച്ചെങ്കിലും രോഗത്തെ പൊരുതി തോൽപിച്ച് വീണ്ടും അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിലേക്ക് മനീഷ കൊയ്‌രാള തിരിച്ചുവന്നു.
Also Read: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് ലുക്ക്; കോളജ് കുമാരനെ പോലെ മമ്മൂട്ടി
മൂന്ന് ദശകങ്ങളായി ഹിന്ദി സിനിമയിൽ സജീവമായ നടി സഞ്‌ജയ് ദത്തിന്‍റെ ബയോപിക് ചിത്രം സഞ്ജുവിൽ നാർഗിസ് ദത്തായി അഭിനയിച്ച് വീണ്ടും വിസ്‌മയിപ്പിച്ചു. ശ്യാമപ്രസാദിന്‍റെ ഇലക്‌ട്രയിലൂടെയും 2007ൽ അൻവറിലൂടെയും മലയാളക്കരയിലേക്കും താരം സാന്നിധ്യമറിയിച്ചിരുന്നു.
വെള്ളിത്തിരയിലെ അപ്‌സരസുന്ദരിയായി മാത്രമല്ല മനീഷ കൊയ്‌രാള സുപരിചിതയാവുന്നത്. യു.എൻ.എഫ്.പി.എയുടെ പ്രതിനിധിയായി സാമൂഹികപ്രവർത്തനങ്ങളിലും സജീവമാണ് നടി. നേപ്പാൾ പ്രധാനമന്ത്രി ആയിരുന്ന ബിവേശ്വർ പ്രസാദ് കൊയ്‌രാളയുടെ ചെറുമകളായ മനീഷയുടെ കുടുംബം രാഷ്‌ട്രീയത്തിലും സജീവമാണ്.