ഒരുപക്ഷെ കൊവിഡ് മഹാമാരി ശമിച്ചശേഷം ഏറ്റവും ഒടുവില്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയെത്തുന്ന മേഖല സിനിമാ-സീരിയല്‍ രംഗമായിരിക്കും. നിരവധി ദിവസവേതനക്കാരടക്കം ജോലി ചെയ്യുന്ന ഈ തൊഴില്‍ മേഖല ഇന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന ദിവസവേതനക്കാര്‍ക്കും മറ്റ് ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന നടീനടന്മാരും ഇപ്പോള്‍ വരുമാനമില്ല. ഇവരുടെ ദുരവസ്ഥ വാര്‍ത്തയായതോടെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ സാമ്പത്തികമായും ഭക്ഷ്യവസ്തുക്കളായും സഹായങ്ങള്‍ വിതരണം ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ഇപ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറും സാമ്പത്തിക സഹായവുമായി എത്തിയിരിക്കുകയാണ്.
ദുരിതത്തിലായ സിനിമാ-സീരിയല്‍ കലാകാരന്മാര്‍ക്കായി 45 ലക്ഷം രൂപയുടെ ധനസഹായമാണ് താരം നല്‍കിയത്. സിനിമാ-സീരിയല്‍ കലാകാരന്മാരുടെ അസോസിയേഷനാണ് താരം തുക കൈമാറിയത്. 1500 സിനിമാ-ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം അക്ഷയ് കുമാര്‍ അയച്ചിട്ടുണ്ട്. സംഘടനക്ക് കീഴില്‍ പതിനായിരത്തോളം അംഗങ്ങളാണുള്ളത്. ഇനിയും സാമ്പത്തിക സഹായം ആവശ്യമായി വന്നാല്‍ സമീപിക്കാമെന്നും സംഘടനാ ഭാരവാഹികളെ അക്ഷയ് കുമാര്‍ അറിയിച്ചു.