ന്യൂഡൽഹി: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയിൽ നിന്ന് പിടിച്ചെടുത്ത റോയൽറ്റി പണത്തിന്‍റെ 84 ശതമാനവും യുഎസ് ആസ്ഥാനമായുള്ള ചിപ്പ് നിർമ്മാണ കമ്പനിയായ ക്വാൽകോം ഗ്രൂപ്പിലേക്കാണ് അയച്ചതെന്ന് റിപ്പോർട്ട്. രണ്ടാഴ്‌ച മുൻപാണ് അനധികൃത പണമിടപാടുകൾ നടത്തിയതിനെത്തുടർന്ന് ഷവോമി ഇന്ത്യയിൽ നിന്ന് 5,551.3 കോടി രൂപ ഇഡി കണ്ടുകെട്ടിയത്.
ക്വാൽകോമിന് ഏകദേശം 4,663.1 കോടി രൂപയാണ് ഷവോമി നൽകിയത്. ഷവേമി തങ്ങളുടെ ഭൂരിഭാഗം ഉപകരണങ്ങളിലും ക്വാൽകോമിന്‍റെ ചിപ്പ് സെറ്റുകളാണ് ഉപയോഗിക്കുന്നത്. ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്നതിനുമപ്പുറം സ്റ്റാൻഡേർഡ് എസെൻഷ്യൽ പേറ്റന്‍റുകളും, ഇന്‍റലെക്‌ച്വൽ പേറ്റന്‍റുകളും(ഐപി) ഉൾപ്പെടുന്ന സാങ്കേതിക വിദ്യകളുടെ വിവിധ ലൈസൻസുകൾക്കായും ക്വാൽകോമിന് കമ്പനി റോയൽറ്റി നൽകി വന്നിരുന്നു.
എന്നാൽ റോയല്‍റ്റിയുടെ മറവില്‍ പണം അയച്ച കമ്പനിയിൽ നിന്ന് ഒരു സേവനവും ഷവേമിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദേശനാണ്യ വിനിമയ ചട്ടം സെക്ഷന്‍ 4ന്‍റെ ലംഘനമാണിതെന്നും ഇ.ഡി പ്രസ്‌താവനയില്‍ പറയുന്നു. ബാങ്കുകള്‍ക്ക് തെറ്റിദ്ധാരണജനകമായ വിവരങ്ങളാണ് കമ്പനി നല്‍കിയതെന്നും ഇഡി ആരോപിക്കുന്നു. അതേസമയം ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ഷവോമി വിസമ്മതിച്ചു.
ALSO READ: വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു; ഷവോമിയുടെ 5,551.27 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
അതേസമയം ഷവോമി ഇന്ത്യക്ക് ആശ്വാസമായി ബാങ്കുകളിൽ നിന്ന് ഓവർഡ്രാഫ്റ്റുകൾ എടുക്കാനും പേയ്‌മെന്‍റുകൾ നടത്താനും കർണാടക ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ടെക്‌നോളജി റോയൽറ്റി അടയ്‌ക്കുന്നതിൽ കോടതി കമ്പനിക്ക് വിലക്ക് നൽകിയിട്ടുണ്ട്. വിഷയം ഇപ്പോൾ ബാങ്കുകളും ഹർജിക്കാരനായ കമ്പനിയും തമ്മിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് മെയ് 23 വരെ നീട്ടിയിട്ടുണ്ട്.