ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇ.ഡി) കണ്ടുകെട്ടല്‍ നടപടിക്കെതിരെ കർണാടക ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ചൈനീസ് ഇലക്‌ട്രോണിക്‌സ് നിര്‍മാതാക്കളായ ഷവോമി. ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ അക്കൗണ്ടുകളിൽ നിന്ന് പണം കണ്ടുകെട്ടാനുള്ള ഇ.ഡിയുടെ ഏപ്രിൽ 29 ലെ പിടിച്ചെടുക്കൽ ഉത്തരവ് സ്ഥിരീകരിച്ച ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) കോംപീറ്റന്‍റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഫെമ നിയമങ്ങൾ ലംഘിച്ച് ഇന്ത്യയ്ക്ക് പുറത്തുള്ള മൂന്ന് കമ്പനികൾക്ക് റോയൽറ്റിയുടെ മറവിൽ പണം കൈമാറിയതിന് ഷവോമിയുടെ അക്കൗണ്ടുകളിൽ 5,551.27 കോടി രൂപ കണ്ടുകെട്ടാൻ ഈ വർഷം ആദ്യമാണ് ഇ.ഡി ഉത്തരവിട്ടത്.
ഇ.ഡിയുടെ ഉത്തരവിനെതിരെ കമ്പനി അന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കമ്പനിയോട് ഫെമയ്ക്ക് കീഴിലുള്ള കോംപീറ്റന്‍റ് അതോറിറ്റിയെ സമീപിക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇ.ഡിയുടെ ഉത്തരവ് കോംപീറ്റന്റ് അതോറിറ്റി ശരിവച്ചതിന് പിന്നാലെ ഒക്‌ടോബര്‍ മൂന്നിനാണ് ഷവോമി ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയത്. ഇന്നലെ (06.10.2022) ജസ്‌റ്റിസ് എൻ.എസ് സഞ്ജയ് ഗൗഡയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം കമ്പനി ഒരു ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുവെങ്കിലും കോംപീറ്റന്‍റ് അതോറിറ്റിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ഹാജരാക്കിയിരുന്നില്ല.
എന്നാല്‍ ഒരു വിദേശ ബാങ്കിന്‍റെ പ്രതിനിധിയെ വാദത്തിനിടെ കേള്‍ക്കാന്‍ അനുവദിച്ചില്ല എന്ന് കോംപീറ്റന്‍റ് അതോറിറ്റിയുടെ ഉത്തരവിനെതിരെ ഷവോമി പുതിയ ഹര്‍ജിയില്‍ കോടതിയെ അറിയിച്ചു. ഒരു കമ്പനി ഇന്ത്യക്ക് പുറത്ത് കൈവശം വച്ചിരിക്കുന്ന ആസ്‌തികളുമായി ബന്ധപ്പെട്ട് ഫെമയുടെ 37 എ വകുപ്പിന്‍റെ സാധുത കമ്പനിയുടെ അഭിഭാഷകൻ ചോദ്യം ചെയ്‌തു. അതേസമയം കോമ്പീറ്റന്‍റ് അതോറിറ്റി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിനു പകരം കമ്പനി അപ്പീലേറ്റ് അതോറിറ്റിയെ സമീപിക്കേണ്ടിയിരുന്നുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എം.ബി നർഗുണ്ടും അഭിഭാഷകനായ മധുകർ ദേശ്‌പാണ്ഡെയും കോടതിയെ ചൂണ്ടിക്കാണിച്ചു.
ഈ വര്‍ഷം ആദ്യം ഹര്‍ജി പരിഗണിച്ച കോടതി കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മാത്രമെ പണം ഉപയോഗിക്കാൻ പാടുള്ളുവെന്നും റോയൽറ്റി അടയ്ക്കുന്നതില്‍ നിന്ന് കമ്പനിയെ വിലക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കണ്ടുകെട്ടേണ്ടുന്ന തുകയുടെ ഭൂരിഭാഗവും കമ്പനി ഇതിനോടകം പിൻവലിച്ചതായി അഭിഭാഷകന്‍ ദേശ്‌പാണ്ഡെ അറിയിച്ചു. മുമ്പ് 5,551.27 കോടി രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 1,900 കോടി രൂപ മാത്രമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം ഇഡി കണ്ടുകെട്ടാൻ ആദ്യം ഉത്തരവിട്ട മുഴുവൻ തുകയ്ക്കും ബാങ്ക് ഗ്യാരണ്ടി നൽകാതെ കമ്പനിക്ക് അനുകൂലമായ ഇടക്കാല ഉത്തരവ് അനുവദിക്കാനാവില്ലെന്ന് കോടതി വാക്കാൽ അറിയിച്ചു. കേസില്‍ തുടര്‍ന്നുള്ള വാദം കോടതി ഒക്‌ടോബർ 14 ലേക്ക് മാറ്റി.