വാഷിങ്‌ടണ്‍ : ആഡ് ഫ്രീ എക്‌സ്‌പീരിയന്‍സ് നല്‍കുന്ന പ്രീമിയം പ്ലസ് ഉള്‍പ്പെടെ പുതുപുത്തന്‍ സബ്‌സ്‌ക്രിപ്‌ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് എക്‌സ് (ട്വിറ്റര്‍) (X Launches Two New Premium Subscription Plans). പ്രതിമാസം 16 ഡോളര്‍ (1334 രൂപ 62 പൈസ) നിരക്കിലാണ് പ്രീമിയം പ്ലസ് ലഭ്യമാകുക. എക്‌സിലെ ഫോര്‍ യു (For You), ഫോളോയിങ് (Following) ഫീഡുകളില്‍ നിന്ന് പരസ്യം നീക്കം ചെയ്യുന്നതിന് പ്രീമിയം പ്ലസ് സഹായിക്കും.
'ബേസിക്' എന്നതാണ് രണ്ടാമത്തെ പ്ലാന്‍. പ്രതിമാസം മൂന്ന് ഡോളര്‍ (ഏകദേശം 250 രൂപ) ആണ് ബേസിക്കിന് ചാര്‍ജ് ചെയ്യുക. ബ്ലൂ ചെക്‌മാര്‍ക്കിന്‍റെ (Blue Checkmark) പരിധിയില്‍ വരുന്നില്ലെങ്കിലും പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാനും നീണ്ട വാചകങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാനും ബേസിക് സഹായിക്കും.
'മാസം 3 ഡോളര്‍ (വെബ് വഴി ലോഞ്ച് ചെയ്യുമ്പോള്‍) നിരക്കില്‍ ഞങ്ങള്‍ പുതിയ ബേസിക് ടയര്‍ ലോഞ്ച് ചെയ്യുന്നു. അത് നിങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായ പ്രീമിയം ഫീച്ചറുകളിലേക്ക് ആക്‌സസ് നല്‍കുന്നു' - പുതിയ സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് എക്‌സ് അവകാശപ്പെടുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്‌ക് (Elon Musk) എക്‌സ് (അന്ന് ട്വിറ്റര്‍) ഏറ്റെടുത്തത്. പിന്നാലെ തന്നെ കമ്പനിയില്‍ പല മാറ്റങ്ങളും മസ്‌ക് കൊണ്ടുവന്നു. ധനസമ്പാദനത്തിനായി പല വഴികളും മസ്‌ക് സ്വീകരിച്ചിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ ഈ പ്ലാനുകളും വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്.
നേരത്തെ 'നോട്ട് എ ബോട്ട്' എന്ന സബ്‌സ്‌ക്രിപ്‌ഷന്‍ എക്‌സില്‍ പരീക്ഷിക്കുമെന്ന് മസ്‌ക് അറിയിച്ചിരുന്നു. പ്ലാറ്റ്‌ഫോമിലെ ലൈക്കുകള്‍, റീ പോസ്റ്റ്, മറ്റ് അക്കൗണ്ടുകള്‍ കോട്ട് ചെയ്യുക, വെബ് വേര്‍ഷനിലെ പോസ്റ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ നോട്ട് എ ബോട്ട് സബ്‌സ്‌ക്രൈബ് ചെയ്യണമെന്നായിരുന്നു കമ്പനി അറിയിച്ചത്. പ്രതിവര്‍ഷം ഒരു ഡോളര്‍ സബ്‌സ്‌ക്രിപ്‌ഷനായി നല്‍കണം.
ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് ആരംഭത്തില്‍ അവതരിപ്പിച്ചത്. പ്രതിവര്‍ഷം ഒരു ഡോളര്‍ നല്‍കിയാണ് നിലവില്‍ ഈ രാജ്യങ്ങളില്‍ ഉള്ളവര്‍ എക്‌സ് ആക്‌സസ് ചെയ്യുന്നത്. ബോട്ട് അക്കൗണ്ടുകളും സ്‌പാം അക്കൗണ്ടുകളും തടയുന്നതിനായാണ് നോട്ട് എ ബോട്ട് അവതരിപ്പിക്കുന്നത് എന്നായിരുന്നു കമ്പനി നല്‍കിയ വിശദീകരണം.