ലോകത്തെ ഏറ്റവും അപകടകാരിയായ രോഗങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് എച്ച്ഐവി - എയ്‌ഡ്‌സ്. ഒരു കാലത്ത് എയ്‌ഡ്‌സ് ബാധിച്ചവരുടെ അടുത്ത് നിന്നാൽ പോലും രോഗം പകരുമെന്ന് കരുതി ഓടി ഒളിച്ചിരുന്നവരാണ് പലരും. എന്നാൽ അതിൽ നിന്നെല്ലാം മാറ്റം വന്നു. എച്ച്‌ഐവി ബാധിതരെ ചേർത്ത് നിർത്താൻ നമ്മുടെ സമൂഹം മുന്നോട്ടുവരുന്നുണ്ട്. ഈ രോഗത്തെക്കുറിച്ചും, അതിന്‍റെ ചികിത്സയെക്കുറിച്ചും, രോഗവുമായി ബന്ധപ്പെട്ട വസ്‌തുതകളെക്കുറിച്ചും അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഡിസംബർ 1 ന് 'ലോക എയ്‌ഡ്‌സ് ദിനം' ആചരിക്കുന്നത്.
ചികിത്സയും മുൻകരുതലുകളും സ്വീകരിച്ചാൽ എയ്‌ഡ്‌സ് എന്ന വില്ലനെ നിയന്ത്രിക്കാമെങ്കിലും ഈ രോഗം മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണെന്നതാണ് വസ്‌തുത. 2021ൽ ഏകദേശം 1.5 കോടി ജനങ്ങൾക്ക് എച്ച്‌ഐവി എയ്‌ഡ്‌സ് ബാധിച്ചിട്ടുണ്ടെന്നാണ് UNAIDS-ന്‍റെ (UNICEF-ന്‍റെ ഒരു ശാഖ) കണക്കുകൾ വ്യക്‌തമാക്കുന്നത്. ഇതിൽ 6.50 ലക്ഷം പേർ ഈ അണുബാധ മൂലവും മറ്റ് അനുബന്ധ രോഗങ്ങൾ മൂലവും മരണപ്പെട്ടു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
UNAIDS-ന്‍റെ റിപ്പോർട്ടുകൾ അനുസരിച്ച് ലോകമെമ്പാടും ഇതുവരെ 8.42 കോടി പേർക്ക് എയ്‌ഡ്‌സ് ബാധിച്ചിട്ടുണ്ട്. അതിൽ ഏകദേശം 4.1 കോടി പേർ ഇതിനകം മരണപ്പെട്ടുകഴിഞ്ഞു. ഈ കണക്കുകൾ വച്ചുനോക്കുമ്പോൾ എച്ച്‌ഐവി എയ്‌ഡ്‌സാണ് നിലവിൽ ലോകത്തുള്ളതിൽ വെച്ച് ഏറ്റവും അപകടകാരിയായ രോഗം എന്ന് പറയുന്നതിൽ തെറ്റില്ല.
എയ്‌ഡ്‌സ് ദിനം: എയ്‌ഡ്‌സിനെക്കുറിച്ചും അതിന്‍റെ ചികിത്സകളെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുക എന്നത് മാത്രമല്ല ലോക എയ്‌ഡ്‌സ് ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. എയ്‌ഡ്‌സ് ബാധിതരോട് ഐക്യദാര്‍ഢ്യമോ പിന്തുണയോ പ്രകടിപ്പിക്കുകയും, രോഗ ബാധിതരെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി എയ്‌ഡ്‌സ് ദിനാചരണത്തിന്‍റെ ഭാഗമായി മുന്നോട്ടുവെയ്‌ക്കുന്നുണ്ട്.
ഓരോ വർഷവും പുതിയ പ്രമേയങ്ങളുമായാണ് ലോകാരോഗ്യ സംഘടന ലോക എയ്‌ഡ്‌സ് ദിനം ആചരിക്കുന്നത്. സമൂഹത്തിൽ വ്യാപിച്ചുകിടക്കുന്ന അസമത്വം ഇല്ലാതാക്കി എയ്‌ഡ്‌സ് നിർമാർജനം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് 'തുല്യപ്പെടുത്തുക' (Equalize) എന്ന എന്ന പ്രമേയവുമായാണ് ലോക എയ്‌ഡ്‌സ് ദിനം 2022ൽ ആചരിക്കുന്നത്. 'ഒന്നായി തുല്യരായി തടുത്തുനിർത്താം' എന്നാണ് ഈ പ്രമേയത്തിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യം വയ്‌ക്കുന്നത്.
1987-ലാണ് എയ്‌ഡ്‌സിനായി ഒരു ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ലോകാരോഗ്യ സംഘടനയുടെ 'ഗ്ലോബൽ പ്രോഗ്രാം ഓൺ എയ്‌ഡ്‌സിന്‍റെ' ഇൻഫർമേഷൻ ഓഫിസർമാരായ ജെയിംസ് ഡബ്ല്യു ബണ്ണും, തോമസ് നെറ്ററുമാണ് ഈ ആശയത്തിന്‍റെ ഉപജ്ഞാതാക്കൾ. തുടർന്ന് 1988 ഡിസംബർ 1ന് 'ആശയവിനിമയം' എന്ന പ്രമേയവുമായി ലോക എയ്‌ഡ്‌സ് ദിനം ആചരിക്കാൻ ഗ്ലോബൽ പ്രോഗ്രാം ഓൺ എയ്‌ഡ്‌സ് ഡയറക്‌ടർ ജോനാഥൻ മാൻ തീരുമാനിക്കുകയായിരുന്നു.
റെഡ് റിബണ്‍ ഡേ : 1996 മുതൽ ഐക്യരാഷ്‌ട്രസഭയുടെ 'UNAIDS' എന്ന പദ്ധതിയിലൂടെ ലോക എയ്‌ഡ്‌സ് ദിനം ആചരിക്കാനും അതിനുകീഴിൽ വിവിധ ബോധവത്കരണ പരിപാടികളും കാമ്പെയ്‌നുകളും സംഘടിപ്പിക്കാനും തുടങ്ങി. തുടക്കത്തിൽ കുട്ടികൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകി അവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രചാരണം നടത്തിയിരുന്നത്.
എന്നാൽ പിന്നീട് എല്ലാ പ്രായത്തിലും ലിംഗത്തിലും പെട്ട ആളുകളെയും സംരക്ഷിക്കാനും അവരെ ബോധവത്കരിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. എയ്‌ഡ്‌സ് എന്ന രോഗത്തിന്‍റെ തീവ്രത കണക്കിലെടുത്ത് 2007ൽ വൈറ്റ് ഹൗസാണ് ലോക എയ്‌ഡ്‌സ് ദിനത്തിന്‍റെ പ്രതീകമായി 'റെഡ് റിബണ്‍' അംഗീകരിച്ചത്. അതുകൊണ്ടാണ് ഡിസംബർ ഒന്ന് 'റെഡ് റിബണ്‍ ഡേ' എന്നും അറിയപ്പെടുന്നത്.
എയ്‌ഡ്‌സിന്‍റെ ഉത്ഭവം : 1957-ൽ ആഫ്രിക്കയിലെ കോംഗോയിലാണ് ആദ്യമായി എയ്‌ഡ്‌സ് എന്ന രോഗം കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചയാളുടെ രക്‌തം പരിശോധിച്ചതിലൂടെയാണ് വൈറസ് ബാധ തിരിച്ചറിഞ്ഞത്. എന്നാൽ എയ്‌ഡ്‌സ് എന്നത് ഒരു രോഗമായി അംഗീകരിച്ചത് 1980ൽ ആയിരുന്നു. ഇന്ത്യയിൽ 1986ൽ മദ്രാസിലാണ് ആദ്യമായി എയ്‌ഡ്‌സ് റിപ്പോർട്ട് ചെയ്‌തത്.
അക്വയേക് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രോം (Acquired Immune Deficiency Syndrome- AIDS ) എന്നതിന്‍റെ ചുരുക്ക രൂപമാണ് എയ്‌ഡ്‌സ്. ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് (HIV) എന്ന വൈറസ് മൂലമാണ് എയ്‌ഡ്സ് ഉണ്ടാകുന്നത്. ഈ വൈറസ് ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്‍റെ ടി- കോശങ്ങളെയാണ് ആക്രമിക്കുന്നത്.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട : ഒന്നിലധികം പങ്കാളികളുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, എച്ച്ഐവി ബാധിതരുമായുള്ള ലൈംഗിക ബന്ധം, രോഗബാധിതരായ വ്യക്‌തിയുടെ രക്തം സ്വീകരിക്കല്‍, അണുബാധയേറ്റ സിറിഞ്ചും സൂചിയും ഉപയോഗിക്കല്‍ എന്നീ പ്രക്രിയകളിലൂടെയാണ് എച്ച്‌ഐവി വൈറസ് പ്രധാനമായും പകരുന്നത്. വൈറസ് ബാധയുള്ള സ്ത്രീയുടെ രക്തത്തിലൂടെയോ, മുലപ്പാലിലൂടെയോ ശിശുവിലേക്കും രോഗാണുക്കൾ പകരാനുള്ള സാധ്യതകളുണ്ട്.
എയ്‌ഡ്‌സ് ബാധിച്ച ഒരാളുടെ ശരീരത്തിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ഇവയാണ്
- സന്ധികളിലും പേശികളിലും വേദന
- കടുത്ത വിറയലും പനിയും
- ബലഹീനതയും ക്ഷീണവും അനുഭവപ്പെടുക
- പെട്ടെന്ന് ശരീരഭാരം കുറയുക
- വിട്ടുമാറാത്ത തലവേദനയും തൊണ്ടവേദനയും
- കാഴ്‌ച മങ്ങുക
- ശരീരത്തിൽ ചുവന്ന പാടുകളുണ്ടാവുക
- നാവിലും വായിലും വെളുത്ത പാടുകളുണ്ടാവുക
- വരണ്ട ചുമയും വയറിളക്കവും
- ശ്വസിക്കാൻ ബുദ്ധിമുട്ട്
- രാത്രിയിൽ ശരീരം വിയർക്കൽ
ഇവ വെറും മിഥ്യാധാരണകൾ : എയ്‌ഡ്‌സുമായി ബന്ധപ്പെട്ട് ലോകമെമ്പാടും പല തരത്തിലുള്ള തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ഈ തെറ്റിദ്ധാരണകൾ കാരണം ലോകത്തിന്‍റെ പല ഭാഗങ്ങളിലും എയ്‌ഡ്സ് എന്ന രോഗത്തെ ഒരു വലിയ ശാപമായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ ജനങ്ങൾ എയ്‌ഡ്‌സ് ബാധിച്ചവരിൽ നിന്ന് അകലം പാലിക്കുകയോ രോഗബാധിതരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയോ ചെയ്യുന്നു.
രോഗബാധിതനായ വ്യക്തിയെ ചുംബിക്കുന്നതിലൂടെയോ, അവർ കുടിച്ച വെള്ളം കുടിക്കുന്നതിലൂടെയോ, അവരുടെ അടുത്ത് ഇരിക്കുന്നതിലൂടെയോ, അവർ ഉപയോഗിച്ച വസ്‌ത്രം ഉപയോഗിക്കുന്നതിലൂടെയോ, അവരെ സ്‌പർശിക്കുന്നതിലൂടയോ ഒക്കെ എയ്‌ഡ് പകരും എന്ന തെറ്റായ ധാരണകളാണ് പ്രധാനമായും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്.
എന്നാൽ ഈ രീതികളിലൂടെയൊന്നും എയ്‌ഡ്‌സ് പകരില്ല. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെ ഈ രോഗം പകരില്ല. എച്ച്‌ഐവി ബാധിതർ കുടിച്ച ഗ്ലാസിൽ വെള്ളം കുടിച്ചാലോ എന്തിനേറെ രോഗബാധിതരായ വ്യക്തിയുടെ കടിയേറ്റാൽ പോലും ഈ രോഗം പകരില്ല എന്നതാണ് യാഥാർഥ്യം.
ശരിയായ ചികിത്സ : ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെയാണ് എച്ച്‌ഐവി ആദ്യം ആക്രമിക്കുന്നത്. ശരിയായ ചികിത്സ ആദ്യം മുതല്‍ ലഭ്യമായില്ലെങ്കില്‍ വൈറസ് ബാധിതനായ വ്യക്തിക്ക് ആരോഗ്യ നഷ്‌ടം സംഭവിക്കും. അതിനാൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ മെഡിക്കൽ ചെക്ക് അപ്പ് നടത്തി സംശയ നിവാരണം നടത്താൻ ഒരിക്കലും മടിക്കരുത്.
എയ്‌ഡ്‌സിനെ പൂർണമായും ഭേദമാക്കാൻ സാധിക്കുന്ന മരുന്നുകൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വൈറസിനെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിരോധ വൈറസിനെ ഉപയോഗിച്ച് എച്ച്‌ഐവി ബാധിതരുടെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കും.