വാഷിങ്‌ടൺ: ആപ്ലിക്കേഷനിലെ അപകട സാധ്യത വെളിപ്പെടുത്തി സമൂഹമാധ്യമമായ വാട്‌സ്‌ആപ്പ്. ആപ്പിന്‍റെ പഴയ വേർഷനിൽ 'ക്രിട്ടിക്കൽ' അപകട സാധ്യതയുള്ളതായി ഈ മാസം കണ്ടെത്തിയതിനെ തുർന്ന് വാട്‌സ്‌ആപ്പ് പേജിലൂടെയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. ഏറ്റവും പുതിയ വേർഷനിൽ ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കൾ ഉടന തന്നെ ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്നും വാട്‌സ്‌ആപ്പ് അറിയിച്ചു.
ഇന്‍റിഗർ ഓവർഫ്ലോ എന്നറിയപ്പെടുന്ന കോഡ് പിശക് ചൂഷണം ചെയ്യാൻ ഹാക്കർമാർക്ക് പഴയ വേർഷനിൽ കണ്ടെത്തിയ ക്രിട്ടിക്കൽ ബഗ് വഴി സാധിക്കും. ഇതിലൂടെ പ്രത്യേകമായി തയ്യാറാക്കിയ വീഡിയോ കോൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഫോണിൽ ഹാക്കർമാരുടെ കോഡുകൾ പ്രവർത്തിപ്പിക്കാനും ഹാക്ക് ചെയ്യാനും സാധിക്കുമെന്നാണ് വാട്‌സ്‌ആപ്പിന്‍റെ കണ്ടെത്തൽ. റിമോട്ട് കോഡ് എക്‌സിക്യൂട്ട് ചെയ്യുന്നതിലൂടെ ടാർഗറ്റ് സിസ്‌റ്റത്തിൽ മാൽവെയർ, സ്‌പൈവെയർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഇൻസ്‌റ്റാൾ ചെയ്യാൻ സാധ്യമാക്കും.
ഇതിലൂടെ ഉപഭോക്താവിന്‍റെ ഫോൺ ഏറെക്കുറെ ഹാക്കറിന്‍റെ നിയന്ത്രണത്തിൽ ആവുമെന്നും വെർജ് നൽകിയ റിപ്പോർട്ടിൽ അറിയിച്ചു. ഈ അപകട സാധ്യതകൾ എല്ലാം ഏറ്റവും പുതിയ വേർഷനിൽ വാട്‌സ്‌ആപ്പ് പരിഹരിച്ചു കഴിഞ്ഞു.