വാട്‌സ്ആപ്പിന് ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് പേമെന്‍റ് സേവനം നല്‍കാന്‍ അനുവാദം. പത്ത് കോടിയാളുകള്‍ക്ക് പേയ്‌മെന്‍റ് സേവനം നല്‍കാന്‍ എന്‍പിസിഐ (National Payments Corporation of India ) അനുമതി നല്‍കി. നിലവില്‍ ഇന്ത്യയില്‍ നാല് കോടി ഉപഭോക്താക്കള്‍ക്ക് പേമെന്‍റ് ഇടപാടിനാണ് വാട്‌സ്ആപ്പിന് അനുമതിയുള്ളത്.
തങ്ങളുടെ മുഴുവന്‍ ഉപയോക്‌താക്കള്‍ക്കും പേമെന്‍റ് സേവനം ലഭ്യമാക്കാന്‍ അനുവദിക്കണമെന്നായിരുന്നു എന്‍പിസിഐയോട് വാട്‌സ്ആപ്പ് ആവശ്യപ്പെട്ടിരുന്നത്. 50 കോടിയിലധികം ഉപഭോക്‌താക്കളാണ് വാട്‌സ്ആപ്പിന് ഇന്ത്യയില്‍ ഉള്ളത്. വാട്‌സ്ആപ്പില്‍ എല്ലാവര്‍ക്കും പണമയക്കാനുള്ള സൗകര്യം ഉണ്ടാകുകയാണെങ്കില്‍ അത് രാജ്യത്തെ നിലവിലെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കുമെന്ന ആശങ്കയാണ് എന്‍പിസിഐ അധികൃതര്‍ക്ക് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യക്തികള്‍ തമ്മിലുള്ള പണമയക്കല്‍ വാട്‌സ്ആപ്പ് പേമെന്‍റ് സര്‍വീസില്‍ സൗജന്യമാണ്. വ്യാപരസ്ഥാപനങ്ങളുടെ പണമയക്കലിന് 3.99 ശതമാനം പ്രൊസസിങ് ഫീസ് ഈടാക്കും. റീഫണ്ട്, സാങ്കേതിക സഹായം തുടങ്ങിയ സൗകര്യങ്ങള്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ലഭ്യമാണ്. പേമെന്‍റ് സേവനം ആരംഭിക്കാന്‍ 2020ലാണ് വാട്‌സ്ആപ്പിന് എന്‍പിസിഐ അനുമതി നല്‍കുന്നത്.
ആരംഭത്തില്‍ രണ്ട് കോടി ഉപയോക്താക്കള്‍ക്ക് മാത്രമെ പേമെന്‍റ് സേവനം ഒരുക്കുന്നതിന് അനുമതിയുണ്ടായിരുന്നുള്ളൂ. 2021 നവംബറില്‍ അത് നാല് കോടിയായി വര്‍ധിപ്പിച്ചു. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പെ എന്നിവയുമായാണ് വാട്‌സ്ആപ്പിന്‍റെ പേമെന്‍റ് സേവനം മത്സരിക്കുന്നത്.
ഓണ്‍ലൈന്‍ പണമിടപാടുകള്‍ രാജ്യത്ത് വളരെ വേഗത്തിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. ഈ വിപണിയുടെ നല്ലൊരു ശതമാനം സ്വന്തമാക്കുകയാണ് വാട്‌സ്ആപ്പിന്‍റെ ലക്ഷ്യം. പേമെന്‍റ് സേവനത്തിന്‍റെ പ്രഖ്യാപനത്തിന് ശേഷം വളരെയധികം താമസിച്ചാണ് വാട്‌സ്ആപ്പിന് പേമെന്‍റ് സേവനം ആരംഭിക്കാന്‍ സാധിച്ചത്. പേമെന്‍റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെയുള്ള സര്‍വറുകളില്‍ ശേഖരിച്ചു വയ്ക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുകൊണ്ടാണ് ഈ കാലതാമസം നേരിട്ടത്.
ALSO READ: ടെലിഗ്രാമിനെ വെല്ലുന്ന സൗകര്യങ്ങളുമായി വാട്സ്ആപ്പ്: പുതിയ ഫീച്ചര്‍ ഉടൻ