ദുബായ്: യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യത്തിന് നവംബറിൽ തുടക്കമാകും. യുഎഇയുടെ ചാന്ദ്രദൗത്യ പേടകമായ റാഷിദ് റോവർ ഈ വർഷം നവംബർ ഒമ്പതിനും 15നുമിടയിൽ വിക്ഷേപിക്കുമെന്ന് ചാന്ദ്രദൗത്യത്തിന്‍റെ ചുമതലയുള്ള ഹമദ് അൽ മർസൂഖി പറഞ്ഞു. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് റോവർ വിക്ഷേപിക്കുക. അടുത്ത മാസമായിരിക്കും റോക്കറ്റ് വിക്ഷേപണത്തിന്‍റെ കൃത്യമായ തീയതി പുറത്തുവിടുക.
റോവർ മാർച്ചിൽ ജാപ്പനീസ് ഐസ്പേസ് ലാൻഡറിന്‍റെ സഹായത്തോടെ ചന്ദ്രനിൽ ഇറങ്ങും. റോവറിന്‍റെ എല്ലാവിധ പരീക്ഷണങ്ങളും പൂർത്തിയാക്കിയതായും ഫലങ്ങളിൽ സന്തുഷ്‌ടരാണെന്നും മർസൂഖി പറഞ്ഞു. ലാൻഡറുമായി സംയോജിപ്പിച്ച റോവർ വിക്ഷേപണത്തിന് തയാറാണ്.
ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ ഒരു പ്രധാന ശക്തിയായി വളരാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് ചാന്ദ്രദൗത്യം. ചാന്ദ്രദൗത്യം വിജയിച്ചാൽ യുഎഇയും ജപ്പാനും ചന്ദ്രോപരിതലത്തിൽ പേടകങ്ങളിറക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും. നിലവിൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രനിൽ പേടകങ്ങൾ ഇറക്കിയ രാജ്യങ്ങൾ.
ചന്ദ്രോപരിതലം, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്‌ത പ്രതലങ്ങൾ ചന്ദ്രകണങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവയെക്കുറിച്ച് പഠനം നടത്തുന്നതിനാണ് റാഷിദ് റോവർ ലക്ഷ്യമിടുന്നത്.
10 കിലോഗ്രാം ഭാരം വരുന്ന റോവറിൽ രണ്ട് ഹൈ റെസല്യൂഷൻ ക്യാമറകൾ, ഒരു മൈക്രോസ്കോപ്പിക് ക്യാമറ, ഒരു തെർമൽ ഇമേജറി ക്യാമറ, ഒരു പ്രോബ് എന്നീ ഉപകരണങ്ങൾ ഉണ്ടാകും. ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് ചിത്രങ്ങൾ ലഭിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ അത്യാധുനിക വാണിജ്യ ഉപഗ്രഹം വികസിപ്പിക്കാനും യുഎഇക്ക് പദ്ധതിയുണ്ട്. 2117ഓടെ ചൊവ്വയിൽ ഒരു മനുഷ്യ കോളനി നിർമിക്കുകയാണ് യുഎഇയുടെ ലക്ഷ്യം.