ബെംഗളൂരു: രാജ്യത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാനുള്ള മാസ്‌റ്റർ പ്ലാനുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും കുറ്റവാളികളെ വേഗത്തില്‍ പിടികൂടുന്നതിനുമായി പുതിയൊരു ആപ്പ് തന്നെ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ്. മാത്രമല്ല, മൊബൈൽ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് ആൻഡ് സിസ്‌റ്റം (എംസിസിടിഎൻഎസ്) എന്ന ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായെത്തുന്നത് ബെംഗളൂരുവിലാണ്.
ബെംഗളൂരു നഗരത്തില്‍ ആളുകള്‍ രാവും പകലും ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഐടി-ബിടി മേഖലകളിലും മള്‍ട്ടി നാഷണല്‍ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ പ്രത്യേകിച്ചും രാത്രി വൈകുവോളം നഗരങ്ങളിലെല്ലാം തന്നെയുണ്ടാവാറുമുണ്ട്. ഇത് മുതലെടുപ്പ് നടത്തി ക്രിമിനലുകൾ രാത്രികാലങ്ങളില്‍ പിടിച്ചുപറി നടത്തുന്നത് സംബന്ധിച്ച കേസുകൾ കൂടിവരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ബെംഗളൂരു തന്നെ ഇത് ആദ്യമായി പരീക്ഷണത്തിനെത്തുന്നതും. മാത്രമല്ല, ഇതിന് പുറമെ കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളും നഗരത്തിൽ സമീപകാലത്ത് വർധിച്ചുവരികയാണ്. നിലവില്‍ ബെംഗളൂരു പൊലീസ് എംസിസിടിഎൻഎസ് ആപ്പ് ഉപയോഗിക്കുന്നുണ്ട്.
ആപ്പിന്‍റെ ഉപയോഗം എങ്ങനെ: വിരലടയാള സ്‌കാനറിന്‍റെ സഹായത്തോടെയാണ് പൊലീസിന്‍റെ ആപ്പ് ഉപയോഗം. ഇതിനായി സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിൽ അറസ്‌റ്റിലായ എല്ലാവരുടെയും വിരലടയാളം സംസ്ഥാന പൊലീസ് ഡാറ്റാബേസിലേക്ക് അയയ്ക്കും. ഇതിന്‍റെ സഹായത്തോടെ ഒരു വ്യക്തിയുടെ വിരൽ സ്കാൻ ചെയ്യുമ്പോൾ അയാളുടെ ക്രിമിനൽ പശ്ചാത്തലവും, ചരിത്രവും ഉടൻ തന്നെ വ്യക്തമാകും. നിലവില്‍ എംസിസിടിഎൻഎസ് ആപ്പ് പൊലീസ് ഇന്‍സറ്റാള്‍ ചെയ്‌തിട്ടുണ്ട്. ഇവര്‍ക്ക് ഫിംഗർപ്രിന്റ് സ്കാനർ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ സംശയിക്കുന്നയാളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ക്രിമിനൽ രേഖകളും സിസ്‌റ്റത്തില്‍ പ്രതിഫലിക്കും. മുൻകാല അറസ്‌റ്റുകളുടെ വിശദാംശങ്ങളും വ്യക്തമാകും. ഇതുപ്രകാരം, വിരലടയാളം പരിശോധിച്ച ശേഷം ക്രിമിനൽ രേഖയിലുണ്ടെങ്കിൽ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസിന് കഴിയും. ഇതിന്‍റെ ഭാഗമായി നിലവില്‍ രാത്രി 11ന് ശേഷം റോഡിലൂടെ സംശയാസ്പദമായി ഇറങ്ങിനടക്കുന്നവരുടെ വിരലടയാളം പരിശോധിക്കുന്നുണ്ട്. മാത്രമല്ല ആപ്പില്‍ നിന്ന് ഒരു കുറ്റവാളിക്കും രക്ഷപ്പെടാനാവില്ലെന്ന് സിറ്റി ഈസ്‌റ്റ് സോൺ അഡീഷണൽ പൊലീസ് കമ്മിഷണർ സുബ്രഹ്മണേശ്വര റാവു പറഞ്ഞു.