വാഷിംഗ്‌ടൺ: ക്യാപ്‌ഷനുകൾ ലഭ്യമായ വീഡിയോകളിൽ ഉപയോക്താക്കൾക്ക് ആവശ്യാനുസരണം ക്യാപ്‌ഷനുകൾ ഓണാക്കാനും ഓഫാക്കാനുമായി പുതിയ ബട്ടൺ പരീക്ഷിക്കാനൊരുങ്ങി സമൂഹ മാധ്യമ ഭീമൻമാരായ ട്വിറ്റർ. 'സിസി' ബട്ടൺ എന്ന പേരിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഓപ്ഷനിന്‍റെ പ്രരംഭഘട്ടത്തിൽ ഐഒഎസ് (iOS) ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഉടൻ തന്നെ ആൻഡ്രോയിഡ് (Android) ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നും കമ്പനി പറഞ്ഞു.
'വീഡിയോ ക്യാപ്‌ഷനുകൾ സഹിതമോ അല്ലാതെയോ കാണാവുന്നതാണ്, നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കും ഉടൻ തന്നെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകും.' കമ്പനി ട്വീറ്റിൽ പറഞ്ഞു. ക്യാപ്‌ഷനുകൾ ലഭ്യമായ വീഡിയോകളിൽ, പുതിയ 'സിസി' ബട്ടൺ ഉപയോഗിച്ച് ക്യാപ്‌ഷനുകൾ ഓൺ/ഓഫ് ചെയ്യാനുള്ള ഓപ്ഷൻ ഞങ്ങൾ പരീക്ഷിക്കുകയാണ്," വെർജ് റിപ്പോർട്ട് ചെയ്‌തു.
ടെസ്‌ല സിഇഒ എലോൺ മസ്‌ക് ട്വിറ്റർ വാങ്ങാൻ മുന്നോട്ട് വന്നത് മുതൽ ട്വിറ്റർ വാർത്തകളിൽ നിറഞ്ഞിരുന്നു. അതിന് പിന്നാലെ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തിരക്കിലാണ് മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ. ചിലത് ഉപയോക്താക്കളുടെ ആവശ്യപ്രകാരമാണ് പരീക്ഷിക്കുന്നത്. ഫോട്ടോ ക്യാപ്‌ഷനുകൾ അടങ്ങിയ എഎൽടി ബാഡ്‌ജും (ALT Badge) അവതരിപ്പിക്കുന്നുണ്ട്.
ALSO READ: 'സുരക്ഷ മുഖ്യം'; കോള്‍ റെക്കോഡിങ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി ഗൂഗിള്‍
അതേസമയം ദീർഘകാലമായി ഉപയോക്താക്കൾ അഭ്യർഥിക്കുന്ന ഫീച്ചറായ, അല്ലെങ്കിൽ 'ട്വീറ്റുകൾ എഡിറ്റ് ചെയ്യുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നതിന് എഡിറ്റ് ബട്ടണും പ്രവർത്തന സജ്ജമാകും. എന്നാൽ എഡിറ്റ് ബട്ടൺ പരിശോധിച്ചുറപ്പിച്ച (verified) ഹാൻഡിലുകളിൽ മാത്രമായി പരിമിതപ്പെടുത്തുമോ അതോ എല്ലാ ട്വിറ്റർ ഉപയോക്താക്കൾക്കും ലഭ്യമാകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
ടെക്‌ക്രഞ്ചിന്‍റെ റിപ്പോർട്ടനുസരിച്ച്, 'ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകളിലും ട്വീറ്റുകളിലും ഒരു സ്റ്റാറ്റസ് സജ്ജീകരിക്കാൻ അനുവദിക്കുന്ന ഫീച്ചറും കൊണ്ടുവരാനായി ട്വിറ്റർ ശ്രമിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് പ്രീ-സെറ്റ് സ്റ്റാറ്റസുകൾ മാത്രമേ തിരഞ്ഞെടുക്കാനാകൂ, അതോ ഇഷ്‌ടാനുസൃതമായവ സൃഷ്‌ടിക്കാനുള്ള ഓപ്‌ഷൻ ലഭ്യമാകുമോ എന്നതും നിലവിൽ വ്യക്തമല്ല.