സാന്‍ഫ്രാന്‍സിസ്‌കോ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ലോകം കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലുകളിലൊന്നായിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ തന്നെ ആഗോളതലത്തില്‍ ട്വിറ്ററിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും ആകെയുള്ള 7,600 ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്കും ജോലി നഷ്‌ടമായി.
ഇന്ത്യയില്‍ നിന്നും 200ഓളം പേര്‍ക്കും ഇതിനോടകം തന്നെ തൊഴില്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്. മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും ഇന്ത്യയില്‍ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിടലിന്‍റെ ഭാഗമായി ജീവനക്കാര്‍ക്ക് ഓഫിസിലേയ്ക്കുള്ള പ്രവേശനം നിഷേധിച്ചു. കൂടാതെ ഓഫിസും അടച്ചിരുന്നു.
പിരിച്ചുവിടല്‍ അറിയിപ്പ് ലഭിക്കുന്നതിന് മുന്‍പ് തന്നെ ജീവനക്കാരെ കമ്പനിയുടെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ നിന്നും ആശയവിനിമയ ശൃംഖലയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം നേരത്തെ അറിയിക്കാതെയുള്ള പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ ട്വിറ്ററിനെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.