ടോക്കിയോ : ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള സോളിഡ്-സ്റ്റേറ്റ് ബാറ്ററി (solid-state battery) നിർമിക്കാനൊരുങ്ങി വാഹന ഭീമൻമാരായ ടൊയോട്ട (Toyota). 2027 ഓടെ വാണിജ്യാടിസ്ഥാനത്തിലുള്ള സോളിഡ്- സ്റ്റേറ്റ് ബാറ്ററി നിർമാണമാണ് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ജപ്പാനിലെ മുൻനിര വാഹന നിർമ്മാതാവ് കൂടിയായ ടൊയോട്ട കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിനായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന ആവശ്യങ്ങൾ ഉയർന്ന് വരുന്നതിനിടെയാണ് കമ്പനിയുടെ തീരുമാനം.
ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രധാന പോരായ്‌മകളിലൊന്നായ ചാർജിങ് സമയം പുതിയ സോളിഡ്- സ്റ്റേറ്റ് ബാറ്ററിയിലൂടെ 10 മിനിറ്റോ അതിൽ കുറവോ ആയി ചുരുങ്ങുമെന്ന് കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു. വാഹനത്തിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പരിണാമത്തിനൊപ്പം അടുത്ത തലമുറ ഇലക്‌ട്രിക്ക് വാഹനങ്ങൾ ഡ്രൈവിങ് ഫീലിന്‍റെ കസ്റ്റമൈസേഷന് പ്രാപ്‌തമാക്കുമെന്നും കമ്പനി അറിയിച്ചു.
ഇലക്‌ട്രിക് വാഹന മേഖലയിൽ ടൊയോട്ട പിന്നാക്കം പോയതിന് പിന്നാലെ, ഇവി വാഹന മേഖലയിൽ കമ്പനിയെ ഉയർത്തിക്കൊണ്ട് വരുമെന്ന് ടൊയോട്ട പ്രസിഡന്‍റ് കോജി സാറ്റോ അടുത്തിടെ പറഞ്ഞിരുന്നു. മധ്യ ജപ്പാനിലെ ടൊയോട്ട സിറ്റിയിൽ ബുധനാഴ്‌ച ചേരുന്ന ഷെയർ ഹോൾഡർമാരുടെ യോഗത്തിൽ കമ്പനിയുടെ കാലാവസ്ഥ വ്യതിയാന പ്രതിബദ്ധതയെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ലിഥിയം- അയണ്‍ ബാറ്ററികളും നവീകരിക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട കമ്പനി. ഇപ്പോഴുള്ള ലിഥിയം- അയണ്‍ ബാറ്ററി മിക്ക കമ്പനികളും നിർമിക്കുന്ന തരം ഇവി ബാറ്ററികളാണെന്നും, അതിനാൽ അതിൽ നിന്ന് വ്യത്യസ്‌തമായി ഇവയിൽ പുതിയ രീതിയിലുള്ള ഓപ്‌ഷനുകൾ അവതരിപ്പിക്കാൻ തങ്ങൾ ഒരുങ്ങുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.
തങ്ങൾ ഒരു ഹൈഡ്രജൻ സൊസൈറ്റിക്ക് വേണ്ടി പ്രതിജ്ഞാബദ്ധമാണെന്നും ടോയോട്ട വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ ഫ്യുവൽ സെൽ വാഹനങ്ങൾ ഉൾപ്പെടെ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോഡലുകളുടെ പ്രവർത്തനവും കമ്പനി തുടരുന്നുണ്ട്. ഹൈഡ്രജൻ ഇപ്പോഴും ചെലവേറിയതാണ്. സാധാരണയായി ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
എന്നിരുന്നാലും ഇത് പുനരുപയോഗ ഊർജ്ജം (Renewable Energy) ഉപയോഗിച്ച് നിർമിക്കാനാകുമെന്നും, ശുദ്ധവും ചെലവ് കുറഞ്ഞതുമായ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിന് വിവിധ പങ്കാളികളുമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്‌തമാക്കി.
ഹൈബ്രിഡ് വാഹനങ്ങൾ : വിദേശ രാജ്യങ്ങളിൽ ഇലക്‌ട്രോണിക് വാഹന ഉടമകളുടെ വീടുകളിൽ തന്നെ ചാർജിങ് സ്റ്റേഷനുകൾ ഉണ്ടാകാറുണ്ട്. ഇതിനാൽ വാഹനങ്ങൾ റീചാർജ് ചെയ്യുന്നതിനായി കാറുകൾ രാത്രിയിൽ പ്ലഗ് ഇൻ ചെയ്‌ത് ഇടാറാകും പതിവ്. ഇതിന് പരിഹാരം കാണുന്നതിനായാണ് ഹൈബ്രിഡ് ഇലക്‌ട്രിക് കാറുകൾ (Hybrid Cars) ടൊയോട്ട അവതരിപ്പിക്കുന്നത്. ഇതിലൂടെ വാഹനം ഒടുമ്പോൾ തന്നെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുന്നു.
ഒരു പെട്രോൾ എഞ്ചിനിലും ഒരു ഇലക്‌ട്രിക് മോട്ടറിലുമാണ് ഹൈബ്രിഡ് കാറുകൾ പ്രവർത്തിക്കുന്നത്. യാത്രാ സമയത്തിന്‍റെ 60 ശതമാനം വരെ ബാറ്ററിക്ക് വാഹനത്തെ നയിക്കാൻ സാധിക്കും. ഇതിലൂടെ പെട്രോൾ ഉപയോഗിക്കുന്നത് കുറയാനും കൂടുതൽ ഇന്ധനക്ഷമത നേടാനും സാധിക്കുന്നു. കൂടാതെ എമിഷനും ഹൈബ്രിഡ് കാറുകളിൽ കുറവാണ്. ഇലക്ട്രിക്ക് മോട്ടറുകൾക്കായി പ്രത്യേകം ബാറ്ററി ചാർജ് ചെയ്യേണ്ടതില്ല.
വാഹനം സഞ്ചരിക്കുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ഉണ്ടാകുന്ന ജനറേറ്റർ ഗതികോർജ്ജം വൈദ്യുതിയായി മാറുകയും വാഹനം ഓട്ടോമാറ്റിക്കായി ചാർജ് ആകുകയും ചെയ്യുന്നു. അടുത്തിടെ ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്ന ഹൈബ്രിഡ് വാഹനം വിപണിയിലിറക്കിയിരുന്നു. ഹൈബ്രിഡ് മോഡലിന് 28.97 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.