സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതക്കള്‍ കേടുവന്ന ഫോണുകള്‍ സ്വയം നന്നാക്കാന്‍ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുകയാണ് സാംസങ്. ഇതിനായി ആവശ്യമായ ഉപകരണങ്ങളും സ്പെയര്‍പാര്‍ട്‌സുകളും കമ്പനി ലഭ്യമാക്കുന്നു. ആപ്പിള്‍ ആണ് ഈ രംഗത്ത് ആദ്യ ചുവടുകള്‍ വച്ചത്. ഇപ്പോള്‍ പ്രമുഖ സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ്ങും ഫോണുകള്‍ സ്വയം നന്നാക്കാനായി ഉപഭോക്താക്കളെ പ്രാപ്‌തമാക്കുകയാണ്.
ഗാലക്‌സി എസ്20, എസ്21, ഗ്യാലക്‌സി ടാബ് എസ്7+ എന്നിവയുടെ ഉപഭോക്തക്കള്‍ക്കായി സ്വയം റിപ്പയര്‍ പദ്ധതി യുഎസില്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. ഇവ നന്നാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍, പാര്‍ട്‌സുകള്‍, എങ്ങനെ റിപ്പയര്‍ ചെയ്യണമെന്ന് പറയുന്ന മാന്വലുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്കായി കമ്പനി ലഭ്യമാക്കും. ഇതിനായി സാംസങ് ഓണ്‍ലെന്‍ രംഗത്തെ പ്രമുഖ റിപ്പയര്‍ പ്ലാറ്റ്‌ഫോമായ ഇഫിക്‌സിറ്റുമായി കൈകോര്‍ത്തിരിക്കുകയാണ്.
ആദ്യഘട്ടത്തില്‍ സ്ക്രീന്‍, ബാക്ക് ഗ്ലാസ്, ചാര്‍ജിങ് പോര്‍ട്ടുകള്‍ എന്നിവ സ്വയം മാറ്റാന്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കും. കേടായ ഇവ സാംസങ്ങിന് തിരിച്ച് നല്‍കാം. കമ്പനി ഇവ പുനരുപയോഗത്തിന് വിധേയമാക്കും. കൂടുതല്‍ പ്രൊഡക്റ്റുകള്‍ക്കായി സ്വയം റിപ്പയര്‍ പദ്ധതി കമ്പനി അവതരിപ്പിക്കും. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് സാംസങ് അധികൃതര്‍ പറഞ്ഞു.
ഇലക്ടോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് ഈ ഉദ്യമം സഹായിക്കും. ഫോണിന് ചെറിയ കേടുപാടുകള്‍ പറ്റിയാല്‍ ആ ഫോണ്‍ പൂര്‍ണമായി ഉപേക്ഷിച്ച് മറ്റൊരു ഫോണ്‍ വാങ്ങുന്നതിന് പകരം കേടായ ഭാഗം മാറ്റി ഉപയോഗിക്കുകയാണെങ്കില്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ വലിയ രീതിയില്‍ കുറയ്‌ക്കാന്‍ സാധിക്കും. സെല്‍ഫ് സെര്‍വീസ് റിപ്പയര്‍ എന്നപേരില്‍ ആപ്പിള്‍ ഈ വര്‍ഷം ആദ്യമാണ് ഇത്തരമൊരു ഉദ്യമത്തിന് ആദ്യം തുടക്കമിട്ടത്. ഫോണ്‍ നന്നാക്കാനുള്ള ഒറിജിനല്‍ ടൂളുകളും പാര്‍ട്‌സുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കികൊണ്ട് അവരെ ഫോണ്‍ നന്നാക്കാന്‍ സ്വയം പ്രാപ്തമാക്കുകയാണ് കമ്പനി ചെയ്‌തത്.
ഐഫോണ്‍ 12, 13 സീരിസില്‍പെട്ട ഫോണുകളുടെ ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ലഭ്യമാക്കിയത്. എം1 ചിപ്പ്സെറ്റുള്ള മാക് പിസിക്ക് ഈ സൗകര്യം ഉടനെ ലഭ്യമാക്കും. ഉപഭോക്താക്കള്‍ക്കായുള്ള സ്വയം നന്നാക്കല്‍ പദ്ധതി സാംസങ്ങും ആപ്പിളും നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത് യുഎസിലാണ്. വൈകാതെ ഈ പദ്ധതി മറ്റ് രാജ്യങ്ങളിലും അവതരിപ്പിക്കുമെന്ന് ആപ്പിളും സാംസങ്ങും വ്യക്തമാക്കി.
ALSO READ: സാംസങ്ങ് ഗ്യാലക്‌സി എം33 5ജി ഇന്ത്യയിലെത്തി: സവിശേഷതകള്‍ അറിയാം