'എന്തൊക്കെ പറഞ്ഞാലും മരണം നമ്മുടെ കയ്യിലല്ലല്ലോ, മരണം എങ്ങനെ മുൻകൂട്ടി അറിയാനാകും'- പലപ്പോഴായി നാം കേൾക്കാറുള്ള വാക്കുകളാണ് ഇവ. എന്നാൽ ഇനി ഇങ്ങനെ പറഞ്ഞുപോകാൻ വരട്ടെ, മരണവും പ്രവചിക്കാനാകുമെന്നാണ് ശാസ്‌ത്ര ലോകത്തിന്‍റെ പുതിയ കണ്ടെത്തൽ. മരണം പ്രവചിക്കുന്ന എഐ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് ഗവേഷകർ (Scientists Develop AI Tool Doom Calculator that predicts death).
ഒരു വ്യക്തിയുടെ മരണസമയം പ്രവചിക്കാനുള്ള സാധ്യതയ്‌ക്ക് അരികിലേക്ക് എത്തിയിരിക്കുകയാണ് ശാസ്‌ത്രജ്ഞർ. ഡെന്മാർക്കിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ഗവേഷകരടങ്ങുന്ന ടീമാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അൽഗോരിതം അടിസ്ഥാനമാക്കി മനുഷ്യരുടെ മരണം പ്രവചിക്കാനാകുന്ന 'ഡൂം കാൽക്കുലേറ്റർ' എന്നറിയപ്പെടുന്ന ടൂൾ വികസിപ്പിച്ചത് (Artificial Intelligence algorithm known as Doom Calculator). വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ ഈ സാങ്കേതിക വിദ്യയ്‌ക്ക് കഴിയുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
ചാറ്റ്‌ജിപിടി (ChatGPT)യുമായി താരതമ്യപ്പെടുത്താമെങ്കിലും നേരിട്ടുള്ള ഉപയോക്തൃ ഇടപെടൽ ഇതിൽ സാധ്യമല്ല. നേച്ചർ കംപ്യൂട്ടേഷണൽ സയൻസ് ഓൺലൈൻ ജേണലിൽ ഈ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലൈഫ് 2 വെക് (life2vec) എന്ന മെഷീൻ ലേണിംഗ് ട്രാൻസ്‌ഫോർമർ മോഡലിലാണ് ഈ സാങ്കേതികവിദ്യയുടെ കാതൽ.
ചാറ്റ്‌ജിപിടി പോലെയുള്ള ട്രാൻസ്‌ഫോർമർ മോഡലുകൾക്ക് സമാനമായി പ്രവർത്തിക്കുന്ന, ലൈഫ് 2 വെക് ഡെന്മാർക്കിലെ 6 ദശലക്ഷത്തിലധികം വ്യക്തികളുടെ സാമ്പിളിൽ നിന്ന് വിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. ഇവരുടെ പ്രായം, ആരോഗ്യ നില, വിദ്യാഭ്യാസ പശ്ചാത്തലം, തൊഴിൽ ചരിത്രം, വരുമാനം, വിവിധ ജീവിത സംഭവങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡാറ്റ വിശകലനം ചെയ്‌തായിരുന്നു പഠനം. ഡാനിഷ് സർക്കാർ നൽകിയ ഈ ഡാറ്റയാണ് അൽഗോരിതത്തിന്‍റെ പ്രവചനങ്ങൾക്ക് അടിസ്ഥാനം.
2023 ഡിസംബറിലെ 'യൂസിംഗ് എ സ്വീക്വൻസ് ഓഫ് ലൈഫ് ഇവന്‍റ്‌സ് ടു പ്രെഡിക്‌ട് ഹ്യൂമൻ ലിവ്‌സ്' (Using a sequence of life-events to predict human lives) എന്ന പഠനത്തിന്‍റെ മുഖ്യ രചയിതാവായ പ്രൊഫസർ സുനെ ലേമാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്. മനുഷ്യജീവിതം വിശകലനം ചെയ്യാൻ തങ്ങൾ ചാറ്റ്ജിപിടിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നും ഓരോ വ്യക്തിയെയും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളുടെ ക്രമമായി പ്രതിനിധീകരിച്ചതിലൂടെയാണ് ഇത് സാധ്യമായതെന്നും പ്രൊഫസർ സുനെ ലേമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
മനുഷ്യജീവിതം പ്രവചിക്കാൻ ജീവിത സംഭവങ്ങളുടെ ഒരു ശ്രേണിയാണ് ഉപയോഗിക്കുന്നത്. വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ശ്രേണിയാക്കിയാണ് എഐയെ പരിശീലിപ്പിക്കുന്നത്. 2008 മുതൽ 2020 വരെ വ്യത്യസ്‌ത ലിംഗത്തിലും പ്രായത്തിലും പെട്ട ആറ് ദശലക്ഷം ഡാനിഷ് ജനങ്ങളിൽ ഗവേഷകർ ലൈഫ് 2 വെക് പ്രയോഗിച്ചു. 2016 ജനുവരി 1-ന് ശേഷം കുറഞ്ഞത് നാല് വർഷമെങ്കിലും അതിജീവിക്കാൻ സാധ്യതയുള്ള വ്യക്തികൾ ഏതൊക്കെയാണെന്ന് എഐ സിസ്റ്റം കൃത്യമായി വിലയിരുത്തി.
നിങ്ങളുടെ പ്രായം, ആരോഗ്യ ശീലങ്ങൾ, കുടുംബ ചരിത്രം, ജീവിതശൈലി തെരഞ്ഞെടുപ്പുകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ വിശകലനം ചെയ്യുന്ന അത്യാധുനിക അൽഗോരിതങ്ങൾ ഈ എഐ സാങ്കേതികത ഉപയോഗിക്കുന്നു. ചില കാൽക്കുലേറ്ററുകൾ തത്സമയ ആരോഗ്യ അപ്‌ഡേറ്റുകൾ നൽകുന്നതിന് നമുക്ക് ധരിക്കാവുന്ന ഉപകരണങ്ങളുമായി സമന്വയിപ്പിക്കാനാകുകയും ഏറ്റവും കൃത്യമായ കണക്കുകൾ ഉറപ്പാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ തൊരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ സഹായിക്കാനും ഇവയ്‌ക്കാവും.
അതേസമയം മരണം പ്രവചിക്കുക എന്നതിനപ്പുറം മറ്റേതെങ്കിലും തരത്തിൽ ഈ ടൂൾ പ്രയോജനപ്പെടുത്താനാകുമോ എന്ന കാര്യം വ്യക്തമല്ല. സ്വകാര്യതയെ ചുറ്റിപ്പറ്റിയുള്ള, ധാർമ്മിക പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.
ALSO READ: ജനുവരി ആറിന് ആദിത്യയെ എല്‍1 പോയിന്‍റിലെത്തിക്കും : ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്