ന്യൂഡൽഹി : ഇന്ത്യയിലാദ്യമായി സ്‌കീസോഫ്രീനിയ (schizophrenia) രോഗിക്ക് വിജയകരമായി ശസ്‌ത്രക്രിയ നടത്തി. ആഫ്രിക്കൻ രാജ്യത്ത് നിന്നുള്ള 28 കാരനായ സ്‌കീസോഫ്രീനിയ രോഗിക്കാണ് ഹരിയാനയിലെ (Haryana) ഗുരുഗ്രാമിലെ (Gurugram) മാരെംഗോ ഏഷ്യ ഹോസ്‌പിറ്റൽസിൽ (Marengo Asia Hospitals) ശസ്ത്രക്രിയ നടത്തിയത്. ഇയാൾക്ക് 13 വയസ് മുതൽ സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നു.
സീനിയർ കൺസൾട്ടന്‍റ് ഡോ. ഹിമാൻഷു ചമ്പനേരിയുടെ നേതൃത്വത്തിലുള്ള ന്യൂറോ സർജന്‍റെ സംഘമാണ് യുവാവിന് ശസ്ത്രക്രിയ നടത്തിയത്. എട്ട് മുതൽ പത്ത് മണിക്കൂർ വരെയാണ് ശസ്ത്രക്രിയയുടെ ദൈർഘ്യം. ന്യൂക്ലിയസ് അക്കുമ്പൻസിന്‍റെ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation) എന്ന അഡ്‌വാൻസ്‌ഡ് സർജിക്കൽ പ്രൊസീജിയർ പ്രയോജനപ്പെടുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ പ്രക്രിയയിൽ തലച്ചോറിനുള്ളിലെ രോഗ ബാധിത ഭാഗത്ത് ഇലക്ട്രോഡുകൾ സ്ഥാപിക്കുന്നു. വയർ വഴി ബാറ്ററിയിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകൾ അസാധാരണമായ മസ്‌തിഷ്‌ക പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിന് വൈദ്യുത പ്രേരണകൾ വിതരണം ചെയ്യുന്നു. തുടർന്ന് മസ്‌തിഷ്‌ക പ്രവർത്തനത്തിന്‍റെ ബാലൻസ് പുനഃസ്ഥാപിക്കുന്നു.
'28 കാരനായ യുവാവിന് 13 വയസ് മുതൽ സ്‌കീസോഫ്രീനിയ ബാധിച്ചിരുന്നു. അയാൾക്ക് ആളുകളെ കാണാനും വീടിന് വെളിയിൽ ഇറങ്ങാനും പരിഭ്രാന്തി ഉണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി, ഇയാൾ ഇതിന് ചികിത്സ തേടിയിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ തങ്ങളുടെ അടുത്തേക്ക് വന്നത്. തങ്ങൾ അദ്ദേഹത്തിന്‍റെ ലക്ഷണങ്ങൾ വിലയിരുത്തി. ന്യൂക്ലിയസ് അക്യുംബൻസിന്‍റെ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) രോഗിയിൽ നടത്തി. രോഗിയുടെ തലച്ചോറിന്‍റെ രോഗ ബാധിത ഭാഗത്ത് പേസ്മേക്കർ ബാറ്ററി ഘടിപ്പിച്ചുവെന്ന് ലീഡ് ന്യൂറോ സർജൻ ഡോ. ഹിമാൻഷു ചമ്പനേരി (Dr Himanshu Champaneri) പറഞ്ഞു.
2016 മുതൽ, സ്‌കീസോഫ്രീനിയയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട 13 കേസുകൾ മാത്രമാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്‌കീസോഫ്രീനിയ രോഗി മസ്‌തിഷ്‌ക ശസ്ത്രക്രിയയ്ക്ക് (Brain surgery) വിധേയനായ ആദ്യ സംഭവമാണിത്. ശസ്ത്രക്രിയയ്ക്ക് ശേഷം കറന്‍റ് ഓണാക്കിയപ്പോൾ, രോഗിക്ക് അനുഭവപ്പെടുന്ന പരിഭ്രാന്തി 30 മുതൽ 40 ശതമാനം വരെ കുറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ അസുഖം വിലയിരുത്തിയെന്നും ഇപ്പോൾ, യുവാവിന് 80 ശതമാനം ആശ്വാസമുണ്ടെന്നും ഡോക്‌ടർ അറിയിച്ചു. ഇപ്പോൾ, പുറത്തുപോയി ആളുകളെ കാണാൻ അയാൾ മടിക്കുന്നില്ല. യുവാവ് ഇപ്പോൾ ഒരു സാധാരണ ജീവിതം നയിക്കുന്നുവെന്നും ഡോക്‌ടർമാർ കൂട്ടിച്ചേർത്തു.
13 മാസം പ്രായമുള്ള കുഞ്ഞിന്‍റെ വൃക്ക സ്വീകരിച്ച് 30കാരൻ : കുറച്ചുദിവസങ്ങൾക്ക് മുൻപ് 30-കാരന്‍ 13 മാസം പ്രായമുള്ള കുഞ്ഞിന്‍റെ വൃക്കകള്‍ സ്വീകരിച്ചിരുന്നു. ബെംഗളൂരുവിലെ ഫോര്‍ട്ടിസ് (Fortis Hospital) ആശുപത്രിയിലായിരുന്നു ശസ്‌ത്രക്രിയ. റോബോട്ടിക് എന്‍ ബ്ലോക്ക് (Robotic En Bloc) പ്രക്രിയയിലൂടെയാണ് 13 മാസം പ്രായമുള്ള കുഞ്ഞിന്‍റെ രണ്ട് വൃക്കകളും 30 വയസുകാരനിലേക്ക് മാറ്റിവച്ചത്.
ഡോ.ശ്രീഹർഷ ഹരിനാഥ്, ഡോ.മോഹൻ കേശവമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ സംഘമാണ് ഈ ശസ്‌ത്രക്രിയ നടത്തിയത്. അപൂര്‍വമായ ഒരു കേസായിരുന്നു ഇതെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. '30 വയസുള്ള ഒരു വ്യക്തി വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ഹീമോഡയാലിസിസിന് വിധേയനായിരുന്നുവെന്നും ഈ സാഹചര്യത്തില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ അല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലുണ്ടായിരുന്നില്ലെന്നും ഡോക്‌ടർമാർ അറിയിച്ചു.
ഇതിനിടെയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് 13 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ വൃക്ക ദാനം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്ന് ഡോ. കേശവമൂര്‍ത്തി പറഞ്ഞു. ശസ്‌ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 7.3 കിലോഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ശരീരഭാരം. വൃക്ക സ്വീകരിച്ച വ്യക്തിക്ക് 50 കിലോ തൂക്കമാണുണ്ടായിരുന്നത്.
ഈ സാഹചര്യത്തില്‍, ഒരു കുട്ടിയുടെ വൃക്ക മാറ്റിവയ്‌ക്കുക എന്ന കാര്യം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍, റോബോട്ടിക് എൻ-ബ്ലോക്ക് ശസ്‌ത്രക്രിയയിലൂടെ വിജയകരമായി തന്നെ വൃക്കകള്‍ മാറ്റി വയ്‌ക്കാൻ സാധിച്ചുവെന്ന് ഡോ. കേശവമൂര്‍ത്തി വ്യക്തമാക്കി. റോബോട്ടിക് എന്‍ ബ്ലോക്ക് എന്ന നൂതന സാങ്കേതിക വിദ്യ സ്വീകര്‍ത്താവിന്‍റെ ശരീരഭാരത്തിന് അനുസരിച്ച് മാറ്റിവച്ച വൃക്കകളുടെ വലിപ്പം കൂട്ടാന്‍ സഹായിക്കുന്നു. നാല് മണിക്കൂറോളം നീണ്ട ശസ്‌ത്രക്രിയയാണ് നടത്തിയത്. ഇത്തരത്തില്‍ ഒരു കേസ് ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.