വാഷിങ്‌ടൺ : ലോകത്തിലെ സമുദ്രങ്ങളും തടാകങ്ങളും നദികളും നിരീക്ഷിക്കുന്നതിനായി നാസ വിക്ഷേപിച്ച യുഎസ്-ഫ്രഞ്ച് ഉപഗ്രഹം ഇന്നലെ ഭ്രമണപഥത്തിലെത്തി. കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. എസ്‌ഡബ്ല്യുഒടി ( SWOT- Surface Water and Ocean Topography) എന്ന ഉപഗ്രഹത്തിന്‍റെ സേവനം കാലാവസ്ഥ വ്യതിയാനവും വരൾച്ചയും വെള്ളപ്പൊക്കവും തീരദേശ മണ്ണൊലിപ്പും വഷളാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ വളരെ സഹായകമാകുമെന്ന് ശാസ്‌ത്രജ്ഞര്‍ പറഞ്ഞു.
ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതോടെ കാലിഫോർണിയയിലെയും ഫ്രാൻസിലെയും നിയന്ത്രണ കേന്ദ്രങ്ങളിൽ ആഹ്ളാദപ്രകടനം നടന്നു. 'ഇതൊരു നിർണായക നിമിഷമാണ്, അതിൽ ഞാൻ വളരെ ആവേശത്തിലാണ്. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഭൂമിയിലെ ജലം ഞങ്ങള്‍ കാണാന്‍ പോകുകയാണ്' - നാസയിലെ ശാസ്‌ത്രജ്ഞയായ നാദിയ വിനോഗ്രഡോവ ഷിഫർ പറഞ്ഞു.
ഉപഗ്രഹം ഭൂമിയുടെ ഉപരിതലത്തിന്‍റെ 90% ത്തിലധികം ജലത്തിന്‍റെ ഉയരം അളക്കും. ജലത്തിന്‍റെ ഒഴുക്ക് ട്രാക്കുചെയ്യാനും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാനും ഇത് ശാസ്‌ത്രജ്ഞരെ സഹായിക്കും. ദശലക്ഷക്കണക്കിന് തടാകങ്ങളും 1.3 ദശലക്ഷം മൈൽ (2.1 ദശലക്ഷം കിലോമീറ്റർ) നദികളും ഉപഗ്രഹം നിരീക്ഷിക്കും.
33-അടി (10-മീറ്റർ) ഉയരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ജോഡി ആന്‍റിനകള്‍ സ്വീകരിക്കുന്ന സിഗ്‌നലുകള്‍ വഴി ഭൂമിയിലേക്ക് റെഡാര്‍ പള്‍സുകള്‍ എത്തിക്കാന്‍ ഉപഗ്രഹത്തിന് കഴിയും. 21 കിലോമീറ്ററിന് ഉള്ളില്‍ നടക്കുന്ന വൈദ്യുത പ്രവാഹങ്ങളും ചുഴലിക്കാറ്റുകളും വരെ നിരീക്ഷിക്കാന്‍ ഇതിന് സാധിക്കും. നാസയുടെ നിലവിലെ 30 ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾക്ക് അത്തരം ചെറിയ സവിശേഷതകൾ കണ്ടെത്താൻ കഴിയില്ല.
ഈ പഴയ ഉപഗ്രഹങ്ങൾക്ക് തടാകങ്ങളുടെയും നദികളുടെയും വ്യാപ്‌തി മാപ്പ് ചെയ്യാൻ കഴിയുമെങ്കിലും അവയുടെ അളവുകൾ കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ലെന്ന് ദൗത്യത്തിന്‍റെ ഭാഗമായ നോർത്ത് കരോലിന സർവകലാശാലയിലെ ടാംലിൻ പാവൽസ്‌കി പറഞ്ഞു. ഏറ്റവും പ്രധാനമായി സമുദ്രനിരപ്പ് ഉയരുന്നതിന്‍റെ സ്ഥാനവും വേഗതയും തീരപ്രദേശങ്ങളുടെ മാറ്റവും ഉപഗ്രഹം വെളിപ്പെടുത്തും. 890 കിലോമീറ്റർ ഉയരത്തിൽ പരിക്രമണം ചെയ്യുന്നതിനാൽ ആർട്ടിക്കിനും അന്‍റാർട്ടിക്കയ്ക്കും ഇടയിലുള്ള ഭാഗം ഉപഗ്രഹം കുറഞ്ഞത് മൂന്നാഴ്‌ചയിലൊരിക്കലെങ്കിലും നിരീക്ഷിക്കും.
ദൗത്യം മൂന്ന് വർഷം നീണ്ടുനിൽക്കുമെന്നാണ് റിപ്പോര്‍ട്ട്. 1.2 ബില്യണ്‍ ഡോളറിന്‍റെ പ്രൊജക്‌ടാണ് നാസയും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയും ചേര്‍ന്ന് പ്രാവര്‍ത്തികമാക്കിയത്. നാസയുടെ ഈ വര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ വിക്ഷേപണമാണിത്.