ന്യൂഡൽഹി: മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ Sandhya Devanathan നിയമിച്ചതായി മെറ്റ അറിയിച്ചു. അജിത് മോഹന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. 2016 മുതല്‍ മെറ്റയില്‍ സേവനമനുഷ്‌ഠിക്കുകയായിരുന്ന സന്ധ്യ, കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അടുത്ത വര്‍ഷം ജനുവരി 1 നാണ് സന്ധ്യ ചുമതലയേല്‍ക്കുക. കൂടാതെ ഏഷ്യ പസഫിക് നേതൃ സംഘത്തിലും സന്ധ്യ ഭാഗമാകുമെന്നും മെറ്റ അറിയിച്ചു.
ആരാണ് സന്ധ്യ ദേവനാഥൻ: 22 വർഷത്തെ പരിചയ സമ്പത്തും ബാങ്കിങ്, പേയ്‌മെന്‍റ്, ടെക്‌നോളജി തുടങ്ങിയ രംഗങ്ങളില്‍ അന്താരാഷ്‌ട്ര തലത്തില്‍ പ്രവൃത്തി ചരിചയവുമുള്ള ആഗോള ബിസിനസ് ഡീലറാണ് സന്ധ്യ ദേവനാഥന്‍. 2016ല്‍ മെറ്റയില്‍ സേവനം ആരംഭിച്ച സന്ധ്യ സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ കമ്പനിയുടെ ബിസിനസ് വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ഏഷ്യ പസഫിക് മേഖലയിലെ മെറ്റ കമ്പനിയുടെ ഗെയിമിങ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയതും സന്ധ്യയാണ്.
കമ്പനിയുടെ നേതൃനിരയിലേക്ക് വനിതകളെ നിയമിക്കുന്നതിന് ശ്രമം നടത്തുകയും ജോലി സ്ഥലത്ത് വൈവിധ്യം കൊണ്ടുവരണമെന്ന് നിരന്തരം വാദിക്കുകയും ചെയ്‌തിരുന്ന ഒരു വ്യക്തി കൂടിയാണ് അവര്‍. മെറ്റയിലെ 'വിമന്‍@എപിഎസി'യുടെ എക്‌സിക്യൂട്ടീവ് സ്‌പോണ്‍സറും ഗെയിമിങ് വ്യവസായത്തിലെ വൈവിധ്യമാർന്ന പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള മെറ്റ സംരംഭമായ പ്ലേ ഫോർവേഡിന്‍റെ ആഗോള ലീഡുമാണ് സന്ധ്യ. പെപ്പർ ഫിനാൻഷ്യൽ സർവീസസിന്‍റെ ഗ്ലോബൽ ബോർഡിലും അവർ സേവനമനുഷ്‌ഠിച്ചുണ്ട്.
'ഇന്ത്യയിലെ ഞങ്ങളുടെ പുതിയ നേതാവായി സന്ധ്യയെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബിസിനസ് സ്കെയിലിങ്, അസാധാരണമായ ടീമുകളെ കെട്ടിപ്പടുക്കൽ, ഉത്‌പന്ന നവീകരണത്തിന് നേതൃത്വം നൽകൽ, ശക്തമായ പങ്കാളിത്തം ഉറപ്പാക്കല്‍ എന്നിവയിൽ സന്ധ്യക്ക് മികച്ച ട്രാക്ക് റെക്കോഡുണ്ട്. ഇന്ത്യയിൽ മെറ്റയുടെ തുടർച്ചയായ വളർച്ചയ്ക്ക് അവർ നേതൃത്വം നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്', മെറ്റ ചീഫ് ബിസിനസ് ഓഫിസർ മാർനെ ലെവിൻ പറഞ്ഞു.