ഹൈദരാബാദ് : അതിരുകളില്ലാതെ ആശയവിനിമയം സാധ്യമാക്കിയ ജനപ്രിയ പ്ലാറ്റ്‌ഫോമായ ഒമേഗള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവേറിയതും പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികളും ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളാണ് അടച്ചുപൂട്ടലിലേക്കെത്തിയതെന്ന് ഉടമയായ ലീഫ് കെ ബ്രൂക്‌സ് അറിയിച്ചു. ഇതിനൊപ്പം സൈബര്‍ ദുരുപയോഗത്തെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടതും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.
ശവക്കല്ലറയില്‍ പേര് കൊത്തിവയ്‌ക്കുന്ന ഭാഗത്തായി ഒമേഗളിന്‍റെ ലോഗോ ആലേഖനം ചെയ്‌ത പോലുള്ള പ്രതീകാത്മക ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുന്നതായുള്ള പ്രഖ്യാപനം കമ്പനി നടത്തിയത്. സാമ്പത്തികമായോ മാനസികമായോ ഇനി തുടരാനാവില്ല എന്ന കുറിപ്പും ഇതിന് താഴെയായി ഇവര്‍ പങ്കുവച്ചു.
ഒരു കാലഘട്ടത്തിന്‍റെ താരമായിരുന്ന ഒമേഗള്‍ : 2009 ല്‍ ആരംഭിച്ച ഒമേഗള്‍ കണ്ണടച്ച് തുറക്കും വേഗത്തിലാണ് ജനപ്രിയമായത്. സങ്കീര്‍ണതകളില്ലാത്ത രൂപകല്‍പ്പനയും ലോകത്ത് എവിടെയുമുള്ള അപരിചിതരുമായും ബന്ധപ്പെടുന്നതിനുള്ള സൗകര്യവുമെല്ലാം ഒമേഗളിനെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍ സൈബറിടങ്ങളില്‍ അനേകം വെല്ലുവിളികളും ഓണ്‍ലൈന്‍ ദുരുപയോഗവുമെല്ലാം വര്‍ധിച്ചതോടെ ഒമേഗളിന്‍റെ പ്രവര്‍ത്തനങ്ങളിലും വലിയ രീതിയിലുള്ള പരിശോധനകള്‍ നേരിടേണ്ടിവന്നു.
Also Read: നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ? തിരിച്ചറിയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
കല്ലും മുള്ളും നിറഞ്ഞ പാതകള്‍ : ഒമേഗളിന്‍റെ യാത്ര പോലും വിവാദങ്ങളിലൂടെയായിരുന്നു. അതില്‍ ഏറ്റവും ചര്‍ച്ചയായ ഒന്നായിരുന്നു അമേരിക്കന്‍ യുവാവ് ഈ പ്ലാറ്റ്‌ഫോമിനെ മറയാക്കി, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡോഫൈലുകളുമായി (കുട്ടികളോട് ലൈംഗികാസക്തിയുള്ള ആളുകള്‍) പരിചയപ്പെടുത്തി അതിക്രമത്തിന് വഴിയൊരുക്കിയിരുന്നത്.
ഈ സംഭവത്തില്‍ 10 വര്‍ഷങ്ങള്‍ക്കിപ്പുറം നിയമപ്പോരാട്ട വേളയില്‍, ഇതില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും ഇവിടം ഇത്തരക്കാരുടെ സങ്കേതമാണെന്നും ഒമേഗളിന്‍റെ നിയമ വിദഗ്‌ധര്‍ക്ക് പോലും തുറന്നുപറയേണ്ടതായും വന്നു. മാത്രമല്ല, ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോക്ക്‌ഡൗണ്‍ സമയത്ത് കുട്ടികളുടേതായുള്ള ലൈംഗിക ദൃശ്യങ്ങളില്‍ പത്തിരട്ടിയിലധികം വര്‍ധനയുണ്ടായതായി ഇന്‍റര്‍നെറ്റ് വാച്ച് ഫൗണ്ടേഷൻ (ഐഡബ്ല്യുഎഫ്) റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: ഡീപ് ഫേക്ക് : ഇത്തരം ഫോട്ടോകളും വീഡിയോസും എങ്ങനെ തിരിച്ചറിയാം?, യാഥാർത്ഥ്യം ഏതൊക്കെ?
കൂടാതെ ഒമേഗളിന്‍റെ പ്രവര്‍ത്തനങ്ങളിലെ ആശങ്കകള്‍ പങ്കുവച്ച് ഉടമയായ ലീഫ് കെ ബ്രൂക്‌സ് തന്നെ നിരവധി തവണ രംഗത്തെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇത്രമാത്രം പ്രതിസന്ധികള്‍ നേരിടുമ്പോഴും ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചിരുന്ന സ്വീകാര്യതയില്‍ അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്‌തിരുന്നു.