ഉപയോക്താക്കളില്‍ നിന്നും പണം വാങ്ങി വൈരിഫൈഡ് ബ്ലൂ ടിക്ക് നല്‍കുന്ന സംവിധാനം അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഫേസ്‌ബുക്കിലൂടെ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പരിഷ്‌കാരം ആഗോളതലത്തില്‍ നിലവില്‍ വരുന്നതോടെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം യൂസേര്‍സിന് പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാന്‍ സാധിക്കും.
ബ്ലൂ ടിക്ക് വെരിഫിക്കേഷനായി ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കുന്ന സംവിധാനം സമൂഹമാധ്യമ രംഗത്ത് ആദ്യം അവതരിപ്പിച്ചത് ഇലോണ്‍ മസ്‌ക് ആയിരുന്നു. ട്വിറ്ററിന്‍റ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹം മൈക്രോബ്ലോഗിങ് സൈറ്റില്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നായിരുന്നു ഈ തീരുമാനം. ബ്ലൂ ടിക്കിനായി ഉപയോക്താക്കളില്‍ നിന്നും പണം ഈടാക്കാനുള്ള ട്വിറ്ററിന്‍റെ നടപടി വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഇതിന് പിന്നാലെയാണ് ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റയും ഈ പാത പിന്തുടരുന്നത്. ഈ മാസം അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരുമെന്ന് സക്കര്‍ബര്‍ഗ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വെരിഫൈഡ് ബ്ലൂ ടിക്കിനായി വെബില്‍ പ്രതിമാസം 11.99 ഡോളറും (992.36 ഇന്ത്യന്‍ രൂപ), ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ 14.99 ഡോളറും (1240.66) രൂപയും ആയിരിക്കുമെന്നും മെറ്റ സിഇഒ അറിയിച്ചു.
സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കൈവശം ഉള്ള ഉപയോക്താക്കള്‍ക്ക് മെറ്റ വെരിഫിക്കേഷനായി അപേക്ഷിക്കാം. ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ വ്യാജ ഐഡികള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആള്‍മാറാട്ട ഭീഷണികളും തട്ടിപ്പുകളും തടയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: പണം നൽകാതെ നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം