ഹൈദരാബാദ്: സൂമിനും ഗൂഗിൾ മീറ്റിനും സമാനമായി ഒരേ സമയം കൂടുതൽ ആളുകളെ ഗ്രൂപ്പ് കോളിൽ ഉള്‍ക്കൊള്ളിക്കുന്ന പുത്തന്‍ ഫീച്ചറുമായി വാട്‌സ്‌ആപ്പ്. നിരവധി ഉപയോക്താക്കള്‍ക്ക് ഇതിനോടകം തന്നെ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മറ്റു ആപ്പുകളില്‍ നിന്ന് വ്യത്യസ്‌തമായി, ഗ്രൂപ്പ് കോളിങ് ഫീച്ചര്‍ ഉപയോക്താക്കള്‍ക്കിടയില്‍ സാധാരണമാക്കുന്നതിനാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത് എന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ പറയുന്നത്.
വാട്‌സ്‌ആപ്പിന്‍റെ ഈ പുത്തന്‍ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാം; വാട്‌സ്‌ആപ്പ് തുറന്ന് ചാറ്റ് പേജിലെ കോള്‍സ് (Calls) ഐക്കണില്‍ ടച്ച് ചെയ്യുമ്പോള്‍ ക്രിയേറ്റ് കോള്‍ ലിങ്ക് (Create Call Link) എന്ന ഫീച്ചര്‍ കാണാം. ക്രിയേറ്റ് കോള്‍ ലിങ്കില്‍ ടച്ച് ചെയ്‌താല്‍ കോള്‍ ടൈപ്പ് (Call Type) -വീഡിയോ കോള്‍, ഓഡിയോ കോള്‍ എന്നിങ്ങനെ കാണാം. ഒപ്പം ദൃശ്യമാകുന്ന ലിങ്ക് വാട്‌സ്ആപ്പ് വഴി അയക്കുകയോ, ലിങ്ക് കോപ്പി ചെയ്യുകയോ, ലിങ്ക് പങ്കിടുകയോ ചെയ്യാനുള്ള ഓപ്‌ഷനുകള്‍ ദൃശ്യമാകും.
ഉപയോക്താവ് തെരഞ്ഞെടുത്ത കോൾ ടൈപ്പ് അടിസ്ഥാനമാക്കിയാണ് ലിങ്ക് സൃഷ്‌ടിക്കപ്പെടുന്നത്. ഉപയോക്താവിന് വാട്‌സ്‌ആപ്പ് വഴി മറ്റുള്ളവർക്ക് ലിങ്ക് അയയ്ക്കാനോ പകർത്താനോ പങ്കിടാനോ കഴിയും. മറ്റ് ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്‌താല്‍, ജോയിൻ, ലീവ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണും.
ജോയിൻ എന്നതിൽ ക്ലിക്ക് ചെയ്‌ത് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാം. ഉപയോക്താവ് ഒരിക്കൽ ഉണ്ടാക്കിയ ലിങ്ക് 90 ദിവസത്തേക്ക് ഉപയോഗിക്കാമെന്നാണ് ടെക് വിദഗ്‌ധർ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ഈ ലിങ്ക് വഴി ഒരേസമയം എത്ര പേർക്ക് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാനാകുമെന്ന കാര്യത്തിലും വ്യക്തതയില്ല. നിലവിലെ അപ്‌ഡേറ്റ് അനുസരിച്ച്, ഒരേ സമയം 32 പേർക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാം. വൈകാതെ ഈ എണ്ണം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512ൽ നിന്ന് 1024 ആക്കാനുള്ള പരീക്ഷണം വാട്‌സ്ആപ്പ് അടുത്തിടെ ആരംഭിച്ചിരുന്നു. ഗ്രൂപ്പ് കോളിങ്ങിനും ഈ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.