വാഷിങ്ടണ്‍: വീഡിയോ സ്‌ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്‌സ് 150 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ആദ്യമായി നെറ്റ്ഫ്ലിക്‌സിന് വരിക്കാര്‍ നഷ്‌ടപ്പെട്ടു എന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള കമ്പനിയുടെ തീരുമാനം. പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ കമ്പനിയുടെ മൊത്തം ജീവനക്കാരായ 11,000ത്തിന്‍റെ രണ്ട് ശതമാനമാണ്. പിരിച്ചുവിട്ട ജീവനക്കാരില്‍ കൂടുതലും യുഎസില്‍ ജോലിചെയ്യുന്നവരാണ്.
വരിക്കാര്‍ കുറഞ്ഞതിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാര്‍ക്കറ്റിങുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഏതാനും ജീവനക്കാരെ നെറ്റ്‌ഫ്ലിക്‌സ് പിരിച്ചുവിട്ടിരുന്നു. നെറ്റ്‌ഫ്ലിക്‌സിന്‍റെ തന്നെ ഭാഗമായ ടുഡും വെബ്‌സൈറ്റിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അന്ന് പിരിച്ചുവിടപ്പെട്ടത് =. നെറ്റ്ഫ്ലിക്‌സിന്‍റെ സിനിമകളെയും സീരിസുകളെയും പ്രമോട്ട് ചെയ്യുകയാണ് ടുഡും ചെയ്യുന്നത്.
വരുമാനത്തിലുണ്ടാകുന്ന ഇടിവിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക്, ആമസോണ്‍, യുബര്‍ എന്നീ ടെക്ക് കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയ പശ്ചാത്തലത്തില്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നെറ്റ്ഫ്ലിക്‌സ് അവസാനിപ്പിച്ചതിന്‍റെ ഫലമായി ഏഴ് ലക്ഷം വരിക്കാരെയാണ് കമ്പനിക്ക് നഷ്‌ടമായത്. നെറ്റ്‌ഫ്ലിക്‌സിന്‍റെ ഒഹരി മൂല്യത്തില്‍ ഈ വര്‍ഷം സംഭവിച്ചത് 70 ശതമാനം ഇടിവാണ്. ഒരാളുടെ സബ്‌സ്ക്രിപ്‌ഷന്‍ മറ്റാളുകളുമായി പങ്കു വയ്ക്കുന്നത് തടയാനുള്ള നടപടികള്‍ നെറ്റ്‌ഫ്ലിക്‌സ് സ്വീകരിച്ചുവരുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ വരിക്കാര്‍ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് നെറ്റ്‌ഫ്ലിക്‌സ്.