സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ വിമാന നിര്‍മിത കമ്പനിയായ ബോയിങ്ങുമായി ചേര്‍ന്ന് കൂടുതല്‍ ഇന്ധനക്ഷമതയുള്ള വിമാനങ്ങള്‍ നിര്‍മിക്കാനൊരുങ്ങി നാസ. ബഹിരാകാശ നിയമ ഉടമ്പടി പ്രകാരം പരീക്ഷണാടിസ്ഥാനത്തിലാണ് നാസയും ബോയിങ്ങും ചേര്‍ന്ന് വിമാനം നിര്‍മിക്കാനൊരുങ്ങുന്നത്. ഉദ്വമനം കുറയ്‌ക്കുന്നതിനായി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ണ തോതിലുള്ള വിമാനം നിര്‍മിക്കാനൊരുങ്ങുകയാണെന്ന് എയര്‍സ്‌പെയ്‌സ് കമ്പനി ബ്ലോഗില്‍ വ്യക്തമാക്കി.
ഏഴ് വര്‍ഷത്തിനുള്ള നാസ 425 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും, അതേമസമയം, വിമാന നിര്‍മിത കമ്പനിയും അതിന്‍റെ പങ്കാളിയും കരാര്‍ അടിസ്ഥാനത്തിലുള്ള ബാക്കി തുകയായ ഏകദേശം 725 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യും. കൂടാതെ കരാറിന്‍റെ ഭാഗമായി സാങ്കേതിക വിദഗ്‌ധരെയും സംവിധാനങ്ങളും ഏജന്‍സി നല്‍കും.
'ഭാവിയിലെ വാണിജ്യ വിമാനങ്ങളെ നയിക്കുന്നതിനായി കൂടുതല്‍ ഇന്ധനക്ഷമതയുള്ള വിമാനങ്ങള്‍ പൂര്‍ണ തോതിലുള്ള പരീക്ഷണാടിസ്ഥാനത്തില്‍ നാസയും ബോയിങും ചേര്‍ന്ന് നിര്‍മിക്കാനൊരുങ്ങുന്നു. പരിസ്ഥിതിയ്‌ക്കും, വാണിജ്യ വ്യോമയാന വ്യവസായത്തിനും ലോകമെമ്പാടുമുള്ള യാത്രക്കാര്‍ക്കും ഉപകാരപ്രദമാകുന്ന തരത്തിലാകും നിര്‍മിതി. പരീക്ഷണത്തില്‍ ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ 2030ലെ വിമാനങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ കാണാന്‍ സാധിക്കുമെന്നും പദ്ധതി 2020കളില്‍ തന്നെ പൂര്‍ത്തിയാക്കി പരീക്ഷണം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും' നാസയുടെ ഭരണാധികാരിയായ ബില്‍ നെല്‍സണ്‍ പറഞ്ഞു.
ട്രാന്‍സോണിക്ക് ട്രസ് ബ്രേയ്‌സ്‌ഡ് രൂപത്തിലുള്ള വിമാനത്തിന്‍റെ നേര്‍ത്ത ചിറകുകളുടെ നിര്‍മിതി പരമ്പരാഗത വിമാനങ്ങളെക്കാളും കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നു. മാത്രമല്ല, വിമാനത്തില്‍ ഇന്ധനം കുറയുമ്പോള്‍ മുന്നോട്ട് പോകാന്‍ നേരിടുന്ന തടസങ്ങളും മറികടക്കാന്‍ വിമാനത്തിന്‍റെ ഡിസൈന്‍ സഹായകമാകുന്നു. പുതിയ പദ്ധതി നിലവിലെ വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനം വരെ ഉദ്വമനം കുറയ്‌ക്കാന്‍ സഹായകമാകുമെന്ന് നാസ കണ്ടെത്തി.
'യുഎസിനെ പിന്തുണയ്‌ക്കാവുന്ന തരത്തില്‍ ബഹുമുഖ സുസ്ഥിര തന്ത്രം, പ്രവർത്തനക്ഷമത, പുനരുപയോഗ ഊർജം, നൂതന സാങ്കേതിക വിദ്യ തുടങ്ങിയ സവിശേഷതകള്‍ ബോയിങ്ങിനുണ്ട്. മാത്രമല്ല, 2050ഓടെ കാര്‍ബണ്‍ വാതകത്തിന്‍റെ പുറംതള്ളല്‍ പൂര്‍ണമായും ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന്' ബോയിങ്ങിന്‍റെ ചീഫ് ടെക്നോളജി ഓഫീസര്‍ ടോഡ് സിട്രോണ്‍ പറഞ്ഞു.