വാഷിങ്ടണ്‍: സോഷ്യൽ നെറ്റ്‌വർക്ക് ആപ്പിലേക്കുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ(credentials) മോഷ്‌ടിക്കാൻ രൂപകൽപ്പന ചെയ്‌ത ആപ്പുകളെപ്പറ്റി ഉപഭോക്‌താക്കൾക്ക് മുന്നറിയിപ്പ് നൽകി ഫേസ്‌ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ. ആപ്പിളിന്‍റെയും ഗൂഗിളിന്‍റെയും ആപ്പ് സ്‌റ്റോറുകളിൽ ഇത്തരത്തിൽ നിരവധി ആപ്പുകൾ ഉണ്ടെന്ന് മെറ്റ അറിയിച്ചു. ഗെയിം, ഫോട്ടോ എഡിറ്റർ തുടങ്ങി മറ്റു പല ഉപയോഗങ്ങളുടേയും പേരിലുള്ള 400ലധികം ആപ്പുകൾ കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെ നമ്മളറിയാതെ തന്നെ നമ്മുടെ ക്രെഡൻഷ്യലുകൾ പങ്കുവെക്കപ്പടുന്നു. സംഭവം മെറ്റ റിപ്പോർട്ട് ചെയതതിനെ തുടർന്ന് ഇവ ആപ്പ് സ്‌റ്റോറുകളിൽ നിന്ന് നീക്കം ചെയ്‌തു. വ്യാജ അവലോകനങ്ങളും വാഗ്‌ദാനങ്ങളും നൽകി ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളെ അവർ പ്രേരിപ്പിക്കുകയും കബിളിപ്പിക്കുയുമാണ്.
ലോഗിൻ ക്രെഡൻഷ്യലുകൾക്ക് പകരം പണം തട്ടാൻ ശ്രമിക്കുന്ന ആപ്പുകളും ഇതേ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. ചില ആപ്പുകൾ ഫേസ്‌ബുക്ക് ഐഡിയിലൂടെ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡെവലപ്പർമാർക്ക് ക്രെഡൻഷ്യലുകൾ മോഷ്‌ടിക്കാൻ സാധിക്കും. 402 ആപ്ലിക്കേഷനുകളിൽ 355 എണ്ണം ആൻഡ്രോയിഡിനും 47 എണ്ണം ഐഒഎസിലുമാണ് കണ്ടെത്തിയത്.
ഐഫോണിൽ കണ്ടുവരുന്ന ഇത്തരം ആപ്പുകൾ പൊതുവെ ബിസിനസ് പേജുകളോ പരസ്യങ്ങളോ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.