ഹൈദരാബാദ്: സെലിബ്രിറ്റികള്‍, ഉന്നത കമ്പനികളുടെ സിഇഒ, തുടങ്ങിയ പ്രമുഖരുടെ ജീവിത രീതിയെക്കുറിച്ചും അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും അറിയുന്നതില്‍ ആളുകള്‍ താത്‌പര്യം പ്രകടിപ്പിക്കുന്ന പ്രവണത എല്ലാക്കാലത്തും കണ്ടുവരുന്നതാണ്. ഇത്തരത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുമുണ്ട്. അടുത്ത കാലത്ത് ആമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി നാഷണല്‍ ടെക് കമ്പനിയായ ആപ്പിളിന്‍റെ സിഇഒ ടിം കുക്ക് ഉപയോഗിക്കുന്ന ഫോണിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.
ഒടുവില്‍ അദ്ദേഹം ഐഫോണാണ് ഉപയോഗിക്കുന്നത് എന്ന നിഗമനത്തില്‍ എത്തി ചേര്‍ന്നു. ഇതില്‍ സംശയമൊന്നുമില്ലെങ്കിലും സംഭവം വൈറലായിരുന്നു. സമാനമായ രീതിയില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുടെ പിക്‌സല്‍ ഫോണും ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍, ഏറ്റവും ഒടുവില്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് താന്‍ ഉപയോഗിക്കുന്നത് പിക്‌സല്‍ ഫോണ്‍ ആണെന്ന് വെളിപ്പെടുത്തിയതോടെ നെറ്റിസണ്‍സിന് ചര്‍ച്ചയ്‌ക്ക് മറ്റൊരു വിഷയം കൂടി ലഭിച്ചിരിക്കുകയാണ്.
ചര്‍ച്ചയായത് സക്കര്‍ബര്‍ഗിന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി: ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ തന്‍റെ ഫോണുമായി നില്‍ക്കുന്ന ചിത്രം സക്കര്‍ബര്‍ഗ് പങ്കുവച്ചതോടെയാണ് വാര്‍ത്ത വൈറലായത്. 'മീറ്റിങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ 13 മെയിലുകള്‍ പരിശോധിക്കുകയാണ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഫോണിന്‍റെ മോഡല്‍ വെളിപ്പെടുത്താതെ സക്കര്‍ബര്‍ഗ് ചിത്രം പങ്കുവയ്‌ക്കുക മാത്രം ചെയ്‌തതോടെ ഏത് ബ്രാന്‍ഡാണ് ഇതെന്ന് കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് നെറ്റിസണ്‍സ്.
ഏതായാലും ചിത്രത്തില്‍ സക്കര്‍ബര്‍ഗിന്‍റെ കൈവശമുള്ളത് ആപ്പിളല്ല, ആന്‍ഡ്രോയിഡ് ഫോണാണെന്ന് വ്യക്തമായി. ബ്രാന്‍ഡ് ഏതെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഡിസൈന്‍ കണക്കാക്കി സാംസങ് ഗ്യാലക്‌സി എസ്21 അല്ലെങ്കില്‍ എസ്22 സീരിസ് ആണെന്ന നിഗമനത്തില്‍ ആളുകള്‍ എത്തിച്ചേര്‍ത്തിരിക്കുകയാണ്.
തനിക്ക് ആന്‍ഡ്രോയിഡ് ഫോണിനോടാണ് പ്രിയമെന്നും അതിനാല്‍ തന്നെ നീണ്ട നാള്‍ താന്‍ സാംസങ് ഫോണാണ് ഉപയോഗിക്കുന്നതെന്നും നേരത്തെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. മാത്രമല്ല, അദ്ദേഹം സാംസങിന്‍റെ വലിയ ആരാധകനാണെന്നും കൂട്ടിച്ചേര്‍ത്തു. ലോകത്തുടനീളമുള്ള ആളുകള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണ്‍ ആണെന്നിരിക്കെ മറ്റ് സ്‌മാര്‍ട് ഫോണുകളെ അപേക്ഷിച്ച് ഇതിന് ധാരാളം സവിശേഷതകള്‍ ഉണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. കൂടാതെ, തന്‍റെ ഓഫിസിലെ ജീവനക്കാരോട് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഗൂഗിള്‍ ന്യൂസില്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ കൂടി: അതേസമയം, ഇന്ത്യൻ ഭാഷയിലുള്ള വാർത്തകളെ പിന്തുണക്കുന്നതിനായി നിലവിലുള്ള ഗൂഗിൾ ന്യൂസിൽ രണ്ട് ഇന്ത്യ ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗൂഗിൾ. ഇന്ത്യൻ ഭാഷ വെബ് കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് ഗൂഗിൾ ഇന്ത്യ രണ്ട് ഭാഷകൾ കൂടി ഉൾപ്പെടുത്തിയത്. ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളാണ് ഗൂഗിൾ ന്യൂസിൽ പുതിയതായി ഉൾപ്പെടുത്തിയ ഭാഷകൾ.
അടുത്ത ആഴ്‌ച ഈ ഭാഷകളിലും ഗൂഗിൾ ന്യൂസിൽ വാർത്തകൾ ലഭ്യമാകും. ഇതോടെ ഇന്ത്യയിലെ മൊത്തം 10 ഭാഷകളാണ് ഗൂഗിൾ ന്യൂസിൽ ലഭ്യമാകുന്നത്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു എന്നിവയാണ് നിലവിൽ ലഭ്യമാകുന്ന മറ്റ് ഭാഷകൾ.
ഈ വിപുലീകരണം ലോകമെമ്പാടുമുള്ള ആളുകൾക്ക് അവർ ഇഷ്‌ടപ്പെടുന്ന ഭാഷയിൽ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഗൂഗിളിന്‍റെ പ്രതിബദ്ധത കൂടുതൽ ഉറപ്പാക്കുന്നതായി ഗൂഗിൾ അധികൃതർ പറഞ്ഞു.