സിയോള്‍: പുതിയ ഹൈ പെര്‍ഫോമന്‍സ് ലാപ്ടോപ്പ് മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ച് പ്രമുഖ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ എല്‍ജി. ജനപ്രിയ മോഡലായ ഗ്രാമിന്‍റെ സമാന ഫീച്ചറുകളുമായാണ് പുതിയ മോഡലുകള്‍ വിപണിയിലേക്കെത്തിയത്. അള്‍ട്രാ പിസി 16, അള്‍ട്രാ പിസി 17 എന്ന് പേരിരിട്ടിരിക്കുന്ന പുതിയ മോഡലുകള്‍ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തിയാണ് സൗത്ത് കൊറിയന്‍ ബഹുരാഷ്‌ട്ര കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഗ്രാം മോഡലുകളേക്കാള്‍ താരതമ്യേന ഭാരക്കൂടുതലുണ്ടെങ്കിലും വലിയ സ്‌ക്രീന്‍ ആണെന്നതും ചിലവ് കുറവാണെന്നതും പുതിയ മോഡലുകളുടെ പ്രത്യേകതയാണ്. അള്‍ട്രാ പിസി 17, അള്‍ട്രാ പിസി 16 മോഡലുകള്‍ക്ക് യഥാക്രമം യുഎസ് ഡോളർ 1,599 (ഇന്ത്യന്‍ കറന്‍സിയില്‍ 1,27,416.08 രൂപ), യുഎസ് ഡോളർ 999 (79,605.17 രൂപ) ആണ് വിപണി വില. ആര്‍ട്ടിഫിഷ്യല്‍സ് ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്ലാന്‍സ് ബൈ മിറാമെട്രിക്‌സ് സോഫ്‌റ്റ്‌വെയർ പുതിയ പതിപ്പുകളുടെ സവിശേഷതയാണ്.
വെബ്‌കാമിലൂടെ യൂസറുടെ പൊസിഷന്‍ ട്രാക്ക് ചെയ്യാന്‍ ഗ്ലാന്‍സ് ബൈ മിറാമെട്രിക്‌സ് സോഫ്‌റ്റ്‌വെയറിലൂടെ സാധിക്കും. ഉപകരണത്തിന്‍റെ സമീപത്ത് നിന്ന് യൂസര്‍ മാറുമ്പോള്‍ സ്‌ക്രീന്‍ ഓട്ടോമാറ്റിക്കലി ലോക്കാകും. യൂസറല്ലാതെ മറ്റൊരെങ്കിലും നോക്കുമ്പോള്‍ സ്‌ക്രീന്‍ ബ്ലര്‍ ആകുന്നതും ഈ സോഫ്‌റ്റ്‌വെയറിന്‍റെ പ്രത്യേകതയാണ്.
പോർട്ടബിള്‍ സൗകര്യം കൊണ്ട് ശ്രദ്ധേയമായ ഗ്രാം മോഡലുകളേക്കാള്‍ ഭാരക്കൂടുതലുള്ളവയാണ് അള്‍ട്രാ മോഡലുകള്‍. 17 ഇഞ്ച് വലിപ്പമുള്ളവയ്ക്ക് 4.37 പൗണ്ടും 16 ഇഞ്ച് വലിപ്പമുള്ളവയ്ക്ക് 3.63 പൗണ്ടുമാണ് ഭാരം. കൂടുതല്‍ ഗ്രാഫിക് ടാസ്‌കുകള്‍ക്കായി എക്‌സ്‌റ്റേണല്‍ ജിപിയു ഓപ്പ്‌ഷനും 17 ഇഞ്ച് മോഡലിലുണ്ട്.