ഓരോ വർഷവും ഓരോന്ന് അതാണ് ഓണ്‍ലൈൻ തട്ടിപ്പുകളിലെ ട്രെൻഡ്. കഴിഞ്ഞ വർഷം ലോകത്തെ മുഴുവൻ ആശങ്കയിലാഴ്‍ത്തിയത് റാൻസംവെയർ ആയിരുന്നെങ്കിൽ ഈ വർഷത്തെ താരം ക്രിപ്റ്റോജാക്കിങ് ആണ്. ക്രിപ്റ്റോകറൻസി സമ്പാദിക്കുന്നതിനായി മറ്റുള്ളവരുടെ കംപ്യൂട്ടറുകളിൽ അവരറിയാതെ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതാണ് ക്രിപ്റ്റോജാക്കിങ്. നമ്മുടെ കംപ്യൂട്ടറിൽ മൈനിങ് സോഫ്റ്റ്വെയറുകൾ ഉണ്ടെന്നു നമ്മളറിയില്ല. നമുക്കു വേണ്ടി ജോലി ചെയ്യേണ്ട കംപ്യൂട്ടർ മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്തു വിയർക്കുകയും അയാളുടെ അക്കൗണ്ടിൽ പണം നിറയുകയും ചെയ്യും. നിങ്ങൾ പൊന്നുപോലെ നോക്കുന്ന കാർ ഷെഡിൽ ഭദ്രമായി കയറ്റിയിട്ട് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അയൽക്കാരൻ വന്ന് കാറെടുത്തുകൊണ്ടുപോയി ഊബർ സർവീസ് നടത്തുന്നതു പോലൊരു പരിപാടി.
റാൻസംവെയർ പോലെ അലമ്പുകളൊന്നുമില്ല എന്നതുകൊണ്ടു തന്നെ ഇതിനോടകം നമ്മളിലാരൊക്കെ ക്രിപ്റ്റോജാക്കിങ്ങിന് ഇരയായിട്ടുണ്ടെന്ന് ആരും അറിയുന്നുമില്ല. 2017 സെപ്തംബറിനു ശേഷം ക്രിപ്റ്റോജാക്കിങ്ങിൽ വൻകുതിപ്പാണ് ലോകമെങ്ങും ഉണ്ടായിരിക്കുന്നത്. ജാക്കർ എങ്ങനെ നമ്മുടെ കംപ്യൂട്ടർ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നു എന്നൊരു ചോദ്യം വേണ്ട. എക്കാലവും ഹാക്കർമാർ വന്ന വഴികളിലൂടെ തന്നെയാണ് ജാക്കറും നമ്മുടെ കംപ്യൂട്ടർ ഉപയോഗിക്കുന്നത്. സുരക്ഷാസംവിധാനങ്ങളില്ലാത്ത വെബ്സൈറ്റുകൾക്കുള്ളിൽ കയറുന്ന ജാക്കർ ക്രിപ്റ്റോമൈനിങ് സോഫ്റ്റ്വെയർ അതിനുള്ളിൽ ഉള്‍പ്പെടുത്തുന്നു. നമ്മൾ നമ്മുടെ കംപ്യൂട്ടറിൽ നിന്ന് ഈ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ സോഫ്റ്റ്വെയർ നമ്മുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ആവുന്നു.
പോപ് അപ് പരസ്യങ്ങളും ഇമെയിലുകളും ഉൾപ്പെടെ കംപ്യൂട്ടർ വൈറസ് വന്നുകൊണ്ടിരുന്ന വഴികളിലൂടെയെല്ലാം മൈനിങ് സോഫ്റ്റ്വെയറുകൾ നമ്മുടെ കംപ്യൂട്ടറുകളിലെത്തുന്നുണ്ട്. ജാക്കർ ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്വെയർ അയാളുടെ വാലറ്റിലേക്കാണ് പണം അയയ്ക്കുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് കംപ്യൂട്ടറുകൾ ഉപയോഗിച്ചു മൈനിങ് നടത്തുമ്പോൾ ജാക്കർ ഒരു വൻകിട അധോലോകരാജാവിനെപ്പോലെ സമ്പന്നനാകുന്നു.
2017ൽ ക്രിപ്റ്റോജാക്കിങ് 8500% വളർച്ചയാണ് നേടിയതെന്ന് നോർടൺ ആന്റി വൈറസ് നിർമാതാക്കളായ സിമാൻടെക് പറയുന്നു. കഴിഞ്ഞ വർഷം ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞത് റാൻസംവെയർ ആണെങ്കിലും വർഷാവസാനത്തോടെ ക്രിപ്റ്റോമൈനിങ് ഇന്റർനെറ്റ് തട്ടിപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് ഇന്‍ർനെറ്റിൽ ഏതെങ്കിലും തട്ടിപ്പുകൾ നടത്തുന്നവരെല്ലാം പൊതുവായി നടത്തുന്ന തട്ടിപ്പ് ക്രിപ്റ്റോജാക്കിങ് ആണെന്നാണ് മാൽവെയർവൈറ്റ്സ് ആന്റി വൈറസ് കമ്പനിയുടെ അഭിപ്രായം. റിസ്കില്ലാതെ പണം സമ്പാദിക്കാനുള്ള എളുപ്പവഴി തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതിൽ പഴിക്കാനാവില്ല.
ഗൂഗിൾ ക്രോം, മോസില ഫയർഫോക്സ് തുടങ്ങിയ വെബ് ബ്രൗസറുകളിലെ എക്സ്റ്റൻഷനുകളുടെ രൂപത്തിലും ക്രിപ്റ്റോജാക്കിങ് നടക്കുന്നുണ്ട്. അടുത്തിടെ എല്ലാത്തരം മൈനിങ് എക്സ്റ്റൻഷനുകളും നീക്കം ചെയ്ത് ഗൂഗിൾ ക്രോം കൈകൾ ശുദ്ധമാക്കിയിരുന്നു. മറ്റു ബ്രൗസറുകളിൽ ക്രിപ്റ്റോജാക്കിങ് തടയുന്നതിനുള്ള എക്സ്റ്റൻഷനുകൾ ലഭ്യമാണ്.