എറണാകുളം: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയ്‌ക്ക് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നവംബര്‍ 10 മുതല്‍ 12 വരെ കൊച്ചിയിലാണ് സംസ്ഥാന ശാസ്‌ത്ര മേള നടക്കുക. മേളയുടെ ഭാഗമായി കൊച്ചിയില്‍ വിദ്യാര്‍ഥികളുടെ വിളംബര ജാഥ സംഘടിപ്പിച്ചു.
ശാസ്‌ത്ര മേളയുടെ പ്രധാന വേദികളിലൊന്നായ എറണാകുളം സെന്‍റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും കച്ചേരിപ്പടി സെന്‍റ് ആന്‍റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തിലായിരുന്നു ജാഥ. ബാന്‍ഡ് മേളത്തിന്‍റെയും സ്റ്റുഡന്‍റ്‌സ് പൊലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്‌എസ് തുടങ്ങിയവയുടെയും അകമ്പടിയോടെയാണ് വിളംബര ജാഥ നടന്നത്. ശാസ്ത്ര സമവാക്യങ്ങളും, ശാസ്ത്ര ദൃശ്യങ്ങളും ഉയര്‍ത്തി പിടിച്ചായിരുന്നു വിദ്യാര്‍ഥികളുടെ ജാഥ.
വിളംബര ജാഥയ്ക്ക് ശേഷം ഹൈക്കോടതി ജങ്ഷനില്‍ നടന്ന ഫ്‌ളാഷ് മോബ്, ശാസ്ത്ര നാടകം എന്നിവ ടി.ജെ വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്‌തു. ശാസ്ത്രമേളയ്ക്ക് എത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ നഗരം ഒരുങ്ങി കഴിഞ്ഞുവെന്ന് എം.എല്‍.എ പറഞ്ഞു.