ബെംഗളൂരു : വിദ്യാര്‍ത്ഥികള്‍ക്ക് ബഹിരാകാശ ചലഞ്ചുമായി ഐഎസ്ആര്‍ഒ. വിദ്യാര്‍ത്ഥികളില്‍ നിന്ന് നവീന ആശയങ്ങളും(Innovative ideas) റോബോട്ടിക് റോവറുകളുടെ പുത്തന്‍ രൂപരേഖകളും അടക്കമുള്ളവ ക്ഷണിച്ചുകൊണ്ടാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ദൗത്യങ്ങളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കിയിരിക്കുന്നത്.
ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ (vikram lander)വിജയകരമായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുകയും പര്യവേഷണങ്ങള്‍ തുടങ്ങുകയും ചെയ്തത് ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങള്‍ക്ക് കൂടുതല്‍ വേഗം പകരുമെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. അക്കാദമിക് വ്യാവസായിക രംഗത്ത് ഉള്ളവര്‍ക്ക് കൂടി ഈ മേഖലയില്‍ അവസരം നല്‍കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഐഎസ്ആര്‍ഒ ചൂണ്ടിക്കാട്ടി.
ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് യു ആര്‍ റാവു സാറ്റലൈറ്റ് സെന്‍ററും ഐഎസ്ആര്‍ഒയും യുവാക്കളില്‍ നിന്ന് പുതുപുത്തന്‍ ആശയങ്ങള്‍ തേടിയിട്ടുള്ളത്. 'നമുക്ക് ഇനിയൊരു ബഹിരാകാശ റോബോട്ടിനെ സൃഷ്ടിക്കാം' എന്ന ടാഗ് ലൈനോടെയാണ് ഐഎസ്ആര്‍ഒ റോബോട്ടിക്സ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ബഹികാശ മോഡല്‍ നിര്‍മ്മിച്ച് സമര്‍പ്പിക്കുകയാണ് ആദ്യഘട്ടം.
ചക്രങ്ങളോ കാലുകളോ ഉള്ള റോവറുകളാണ് നിര്‍മ്മിക്കേണ്ടത്. ഇതിന്‍റെ ഹാര്‍ഡ് വെയറുകളും സോഫ്റ്റ് വെയറുകളും പൂര്‍ണമായും നിര്‍മ്മിച്ചിരിക്കണമെന്നും ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ബഹിരാകാശ റോബോട്ടുകളെ കുറിച്ച് വിദ്യാര്‍ത്ഥി സമൂഹത്തില്‍ കൂടുതല്‍ അവബോധമുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഈ രംഗത്തെ ഭാവി പദ്ധതികളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പരിപാടിയുടെ അന്തിമഘട്ടം യുആര്‍എസ്‌സിയുടെ ബെംഗളൂരു ക്യാംപസില്‍ 2024 ഓഗസ്റ്റില്‍ സംഘടിപ്പിക്കും.