സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. മറ്റ് സമൂഹ മാധ്യമങ്ങളെ അനുകരിച്ചുകൊണ്ടുള്ള ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. റീപോസ്റ്റ് ഫീച്ചർ ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നുവെന്ന് ടെക്‌ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
മറ്റൊരു വ്യക്തിയുടെ കണ്ടന്‍റ് സ്വന്തം ടൈംലൈനിലേക്ക് കൊണ്ടുവരുന്ന ഫീച്ചറാണ് റീപോസ്റ്റ്. ട്വിറ്ററിന്‍റെ റീട്വീറ്റ്, ഫേസ്ബുക്ക്, ടംബ്ലർ എന്നിവയുടെ റീഷെയർ എന്നിവയ്ക്ക് സമാനമായിരിക്കും റീപോസ്റ്റ്. കൂടാതെ ടിക്‌ടോകിലും പരീക്ഷണങ്ങൾ നടത്തുകയാണ്. സോഷ്യൽ മീഡിയ കൺസൾട്ടന്‍റായ മാറ്റ് നവാര റീപോസ്റ്റ് ഫീച്ചറിന്‍റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ഫോളോവേഴ്‌സിന് കാണുന്നതിന് മറ്റൊരാളുടെ പോസ്റ്റ് പങ്കിടുന്നത് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പുതിയ കാര്യമല്ല. പക്ഷേ അത് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയോ മെസേജിലൂടെയോ മാത്രമായിരുന്നു ഇതുവരെ സാധിച്ചിരുന്നത്. പുതിയ ഫീച്ചർ വരുന്നതോടുകൂടി മറ്റൊരാളുടെ പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് റീപോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കി നേരിട്ട് ഫീഡിലേക്ക് റീപോസ്റ്റ് ചെയ്യാൻ കഴിയും.
റീപോസ്റ്റിന് പുറമെ, ക്രോസ് പ്ലാറ്റ്‌ഫോം ഷെയർ ചെയ്യൽ ഓപ്‌ഷനുകളും ഇൻസ്റ്റഗ്രാം പരിഷ്‌കരിച്ചിട്ടുണ്ട്. അതിനാൽ ഇൻസ്റ്റഗ്രാമിൽ നിന്ന് നേരിട്ട് വാട്‌സ്ആപ്പ്, മെസഞ്ചർ, സ്നാപ്‌ചാറ്റ് എന്നിവയിലേക്ക് പോസ്റ്റുകൾ ഷെയർ ചെയ്യാൻ സാധിക്കും. ടിക്‌ടോക് ഫീച്ചറിന് സമാനമാണ് ഇത്.