ഹൈദരാബാദ്: സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള കാലത്താണ് നാം ജീവിക്കുന്നത്. ഇതിന്‍റെ ഉപയോഗത്തെക്കുറിച്ചും ഗുണദോഷങ്ങളെക്കുറിച്ചും ഏറെ ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഏറെപ്പേരുടേയും നിത്യജീവിതത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാന്‍ കഴിയാത്തതായി മാറിയ കാലമാണിത്.
ലോക ജനസംഖ്യയുടെ 59.9 ശതമാനം അതായത് 4.8 ബില്യൺ പേര്‍ നിലവിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതായാണ് കണക്ക്. ഇതില്‍ ഒരു ശരാശരി ഉപയോക്താവ് ഓരോ മാസവും ശരാശരി ആറ് മുതൽ ഏഴ് വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകളിൽ ഇടപഴകുകയും അവയിൽ പ്രതിദിനം ഏകദേശം രണ്ട് മണിക്കൂറും 24 മിനിറ്റും ചിലവഴിക്കുകയും ചെയ്യുന്നതായുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ളാറ്റ്‌ഫോകളുടെ ജനപ്രീതി അതിവേഗത്തില്‍ കുറയുന്നതായാണ് പുതിയ കണ്ടെത്തെലുകള്‍. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ഇന്‍സ്റ്റഗ്രാമും ഇക്കൂട്ടത്തിലുണ്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനമായ ടിആർജി ഡാറ്റാസെന്‍റേഴ്‌സാണ് (TRG Datacentres) ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. 2023 ജൂലൈയില്‍ ലോഞ്ച് ചെയ്ത് വെറും അഞ്ച് ദിവസത്തിനകം 100 മില്യന്‍ ഉപയോക്താക്കളെ നേടിയ മെറ്റയുടെ ത്രെഡ്‌സ് ആപ്പിന് പ്രതിദിന സജീവ
ഉപയോക്താക്കളിൽ വമ്പന്‍ ഇടിവുണ്ടായതായാണ് കണക്ക്. ഇലോണ്‍ മസ്‌ക്കിന്‍റെ എക്‌സിന് (മുമ്പ് ട്വിറ്റര്‍) പകരമെന്നോണം മെറ്റ അവതരിപ്പിച്ച ആപ്ലിക്കേഷനാണ് ത്രെഡ്‌സ്. തുടക്കത്തില്‍ വലിയ വിജയമായ ത്രെഡ്‌സ് ഓഗസ്റ്റ് ആയപ്പോഴേക്കും പ്രതിദിന സജീവ ഉപയോക്താക്കളിൽ 80 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന ഉപയോഗം ജൂലൈയിലെ 21 മിനിറ്റിൽ നിന്ന് നവംബറിൽ വെറും മൂന്ന് മിനിറ്റായി കുറഞ്ഞുവെന്നുമാണ് കണ്ടെത്തെല്‍.
മറ്റ് പല സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളും ഉപയോക്താക്കള്‍ക്ക് മടുത്തതായും ടിആർജി ഡാറ്റാസെന്റേഴ്‌സ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 'എങ്ങിനെ ഡിലീറ്റ് ചെയ്യാം' എന്ന സെര്‍ച്ച് വിശകലനം ചെയ്‌തുകൊണ്ട് ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒമ്പത് സോഷ്യൽ നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള സ്ഥാപനത്തിന്‍റെ കണ്ടെത്തല്‍ ഇങ്ങിനെ.. ഈ വർഷം ഏറ്റവും കൂടുതൽ പേര്‍ ഡിലീറ്റാക്കാൻ ശ്രമിച്ച സോഷ്യൽ മീഡിയ ആപ്പ് ഇൻസ്റ്റഗ്രാമാണ്. (Instagram most deleted app in 2023)
മെറ്റയുടെ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാമിന് ഒരുകാലത്ത് സോഷ്യൽ മീഡിയ രംഗത്ത് ആധിപത്യം പുലർത്താനായിരുന്നു. എന്നാല്‍ തുടർച്ചയായ പരസ്യങ്ങളും ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതും ഇതില്‍ നിന്നും ഉപയോക്താക്കളെ അകറ്റാന്‍ കാരണമായെന്നാണാണ് ഗവേഷകർ പറയുന്നത്. ആഘോള തലത്തില്‍ പ്രതിമാസം ഒരു മില്യണിലധികം ഉപയോക്താക്കള്‍ ഇന്‍സ്റ്റഗ്രാം എങ്ങിനെ ഡിലീറ്റ് ചെയ്യാമെന്ന് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്‌തുവെന്നാണ് ടിആർജി ഡാറ്റാസെന്‍റേഴ്‌സ് അവകാശപ്പെട്ടിരിക്കുന്നത്.
രണ്ട് ബില്യണ്‍ ഉപയോക്താക്കളാണ് ഇന്‍സ്റ്റഗ്രാമിനുള്ളത്. അതേസമയം മറ്റ് അപ്ലിക്കേഷനുകളും ഏറെക്കുറെ സമാനമായ കൊഴിഞ്ഞുപോക്ക് നേരിടുന്നുണ്ട്. എന്നാല്‍ ചൈനീസ് ടെക് കമ്പനിയായ ടെൻസെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള വീചാറ്റ് ഡിലീറ്റ് ചെയ്യുന്നതിനുള്ള സെര്‍ച്ചുകള്‍ കുറവാണെന്നും, ഇത് താരതമ്യേന സ്ഥിരതയുള്ള ഉപയോക്തൃ അടിത്തറയെ സൂചിപ്പിക്കുന്നതാണെന്നുമാണ് ടിആർജി ഡാറ്റാസെന്റേഴ്‌സ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ALSO READ: ട്വീറ്റുകളൊന്നുമില്ല, സ്വാഗത സന്ദേശം മാത്രം ; 'എക്‌സ്' പ്രവര്‍ത്തനത്തില്‍ തടസം