ശ്രീഹരിക്കോട്ട: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം.എസ് ഇന്ന് വിക്ഷേപിക്കും. രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. ഐഎസ്‌ആര്‍ഒയുടെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് നിര്‍മിച്ച റോക്കറ്റാണിത്.
ആറ് മീറ്റര്‍ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞന്‍ റോക്കറ്റാണ് വിക്രം എസ്. ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ പുതിയൊരു മുന്നേറ്റമായത് കൊണ്ട് തന്നെ ഇതിന് 'പ്രാരംഭ്' എന്നാണ് പേരിട്ടിരിക്കുന്നത്. പിഎസ്‌എല്‍വി, ജിഎസ്‌എല്‍വി തുടങ്ങിയവ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയ്ക്ക് പകരമായി പ്രൊപ്പല്‍ഷന്‍ സെന്‍ററില്‍ നിന്നായിരിക്കും വിക്രം എസ് വിക്ഷേപിക്കുക. പ്രാരംഭ് എന്ന ദൗത്യം വഴി കുതിച്ചുയരുന്ന റോക്കറ്റ് ചെന്നൈ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എന്‍-സ്‌പേസ്ടെക്, അര്‍മേനിയന്‍ ബസം ക്യു സ്‌പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിക്കുക.
റോക്കറ്റ് നവംബര്‍ 12നും 16 നും ഇടയില്‍ വിക്ഷേപിക്കാനാകുമെന്നായിരുന്നു നിര്‍മാണ കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് വിക്ഷേപണ തിയ്യതി ഇന്നത്തേക്ക് മാറ്റിയത്. വിക്രം എസ് വിക്ഷേപിക്കുന്നതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയാകും സ്‌കൈറൂട്ട് എയ്‌റോസ്പേസ്.
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് സ്‌കൈറൂട്ടിന്‍റെ വിക്ഷേപണ വാഹനത്തിന് വിക്രം എന്ന് പേരിട്ടിരിക്കുന്നത്. സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയിലെ യുവാക്കള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രേരണയാകുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ് പറഞ്ഞു.
also read: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം, 'വിക്രം എസ്' ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും