ന്യൂഡൽഹി : രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസിന്‍റെ വിക്ഷേപണം നവംബർ 18 ലേയ്‌ക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടർന്നാണിതെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനി സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് ഞായറാഴ്‌ച അറിയിച്ചു. നവംബർ 15 നാണ് വിക്ഷേപണം നേരത്തെ നിശ്ചയിച്ചിരുന്നത്.
'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്‍റെ കന്നി ദൗത്യം മൂന്ന് ഉപഭോക്തൃ പേലോഡുകൾ വഹിക്കും. ശ്രീഹരിക്കോട്ടയിലെ ഇന്ത്യൻ സ്‌പേസ് ഓർഗനൈസേഷന്‍റെ ലോഞ്ച്പാഡിൽ നിന്നാണ് വിക്രം എസ് വിക്ഷേപിക്കുക.
അടുത്ത വർഷം വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന വിക്രം-1 ഓർബിറ്റൽ വെഹിക്കിളിൽ ഉപയോഗിക്കുന്ന 80 ശതമാനം സാങ്കേതികവിദ്യകളും സാധൂകരിക്കാൻ സഹായിക്കുമെന്നതിനാൽ സ്‌കൈറൂട്ടിന്‍റെ സുപ്രധാന നാഴികക്കല്ലായാണ് ഈ ദൗത്യം കണക്കാക്കുന്നത്. ദൗത്യം വിജയിച്ചാൽ ബഹിരാകാശത്തേയ്ക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് മാറും.