ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ ഫോണ്‍ വില്‍പ്പനയില്‍ (I Phone Sale) വന്‍ കുതിപ്പ്. ഉത്സവകാല വില്‍പ്പനയുടെ (Festival Season) ഭാഗമായി ആദ്യ ആഴ്‌ചകളില്‍ (ഒക്‌ടോബര്‍ 8-15) തന്നെ 1.5 ദശലക്ഷം യൂണിറ്റ് ഐ ഫോണുകളാണ് വിറ്റുപോയത്. ഇത് വര്‍ഷാവര്‍ഷമുള്ള ഐ ഫോണ്‍ വില്‍പ്പനയുടെ 25 ശതമാനത്തിലധികം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ചിന്‍റെ (Counterpoint Research) റിപ്പോര്‍ട്ട് പ്രകാരം, ഉത്സവകാല സീസണിന്‍റെ ഭാഗമായി സാംസങ് (Samsung), ആപ്പിള്‍ (Apple), ഷവോമി (Xiaomi) ഉത്പന്നങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ സ്‌മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ (Smartphone Sale) ആദ്യ ആഴ്‌ച തന്നെ 25 ശതമാനം കുതിപ്പും രേഖപ്പെടുത്തി. എന്നാല്‍ വര്‍ഷത്തില്‍ ഇതുവരെ മന്ദഗതിയില്‍ പോയിരുന്ന സ്‌മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലാണ്, പ്രതീക്ഷിച്ചതിലുമുപരിയായുള്ള വന്‍ കുതിച്ചുചാട്ടം പ്രകടമായത്. മാത്രമല്ല ഉത്സവകാല സീസണ്‍ ആരംഭിച്ചതിന്‍റെ ആദ്യ 48 മണിക്കൂറിനുള്ളില്‍ തന്നെ ആമസോണിലും ഫ്ലിപ്‌കാര്‍ട്ടിലുമായി (Amazon And Flipkart) വിറ്റുപോയ സ്‌മാര്‍ട്ട്ഫോണുകളില്‍ 80 ശതമാനവും 5ജി ശേഷിയുള്ളവയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Also Read: 'അപകടം മണത്തറിഞ്ഞ് പ്രവര്‍ത്തിക്കും'; ഐ ഫോണ്‍ 14 ന് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയം കൂടുന്നു
മുന്നില്‍ ആരെല്ലാം: ഫ്ലിപ്‌കാര്‍ട്ടിലേക്ക് മാത്രം കടന്നാല്‍, പ്രീമിയം സെഗ്‌മെന്‍റുകളുടെ വില്‍പ്പനയില്‍ 50 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതില്‍ തന്നെ ഐഫോൺ 14, ഗാലക്‌സി എസ് 21 എഫ്ഇ എന്നിവയാണ് മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഐ ഫോണ്‍ 13 ആണ് താരമായിരുന്നതെങ്കില്‍, ഇത്തവണ ഐ ഫോണ്‍ 12, ഐ ഫോണ്‍ 13, ഐ ഫോണ്‍ 14 എന്നിവയ്‌ക്കെല്ലാം തന്നെ ആവശ്യക്കാര്‍ ഏറെയായിരുന്നു.
മാത്രമല്ല ഫ്ലിപ്‌കാർട്ടിൽ വിൽപന ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മോഡലുകള്‍ വിറ്റുതീർന്നിരുന്നു. ഇതേസമയത്ത് ആമസോണില്‍ ഐഫോൺ 13, ഗാലക്‌സി എസ് 23 എഫ്ഇ എന്നിവയുടെ വില്‍പനയിലൂടെ പ്രീമിയം സെഗ്‌മെന്‍റുകളില്‍ 200 ശതമാനം വളര്‍ച്ചയാണ് കണ്ടത്.
10,000 രൂപ മുതല്‍ 15,000 രൂപ സെഗ്‌മെന്‍റുകളില്‍ വരുന്ന 5ജി ശേഷിയുള്ള ഫോണുകള്‍ക്കും വലിയ രീതിയില്‍ ആവശ്യക്കാരെത്തി. ഇതില്‍ തന്നെ റിയല്‍മി നാര്‍സോ 60എക്‌സ് 5ജി, ഗാലക്‌സി എം14 5ജി, എം34 5ജി എന്നിവയാണ് ആമസോണില്‍ ഏറ്റവുമധികം വിറ്റുപോയതെങ്കില്‍, ഫ്ലിപ്‌കാര്‍ട്ടില്‍ വിവോ ടി2എക്‌സായിരുന്നു വില്‍പനയില്‍ മുന്‍പില്‍. പ്രതിദിന ഇഎംഐ ഉള്‍പ്പടെയുള്ള ഫിനാന്‍സിങ്, ക്രെഡിറ്റ് സ്‌കീമുകള്‍ ലഭ്യമായത് കൊണ്ടുതന്നെ വരും ആഴ്‌ചകളിലും പ്രീമിയം ഉപകരണങ്ങളുടെ ഡിമാന്‍ഡില്‍ കുറവുണ്ടാവില്ല എന്നാണ് വ്യക്തമാവുന്നതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്.