ന്യൂഡൽഹി: ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയ്‌ക്ക് ആദരമർപ്പിക്കുന്ന ഡൂഡിലുമായി ഗൂഗിൾ. രാഷ്‌ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്ന ഡെയർഡെവിൾസ് തുടങ്ങി ഇന്ത്യയിലെ പ്രതീകാത്മക ലാൻഡ്‌മാർക്കുകളെല്ലാം ഉൾക്കൊള്ളിച്ച് വളരെ സങ്കീർണമായി മുറിച്ചെടുത്ത ഒരു കടലാസ് കട്ടിങ്ങാണ് ഗൂഗിൾ ഡൂഡിലായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഗുജറാത്ത് ആസ്ഥാനമായുള്ള കലാകാരൻ പാർത്ത് കോതേകറാണ് തീർത്തും കൈകൊണ്ട് നിർമിച്ച ആ കടലാസ് കട്ടിങ്ങിന് പുറകിൽ. ഗൂഗിളിന്‍റെ 'g','o','g','l','e' എന്നീ അക്ഷരങ്ങൾ കറുത്ത നിറത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഡൂഡിലിൽ ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം മറ്റൊരു 'o' രാഷ്‌ട്രപതി ഭവന്‍റെ താഴികക്കുടത്തിന് മുകളിൽ പ്രതീകാത്മകമായാണ് നല്‌കിയിരിക്കുന്നത്.
മോണോക്രോമിലുള്ള ഈ കടലാസ് കട്ടിങ്ങിന് കൂടുതൽ ആകർഷണീയത നല്‌കുന്ന തരത്തിലാണ് ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്‍റെയും മറ്റു പൂക്കളുടേയും പാറ്റേണുകൾ ഉള്ളത്. ഇന്ത്യയുടെ എല്ലാ സങ്കീർണതകളും സൗന്ദര്യവും ഉൾകൊള്ളിക്കാൻ ആഗ്രഹിച്ചത് കൊണ്ട് നാല് ദിവസം കൊണ്ടാണ് ഈ കലാസൃഷ്‌ടി പൂർത്തിയാക്കിയതെന്ന് പാർത്ത് പറഞ്ഞു. ദിവസവും ആറ് മണിക്കൂർ ആണ് ഇതിനായി പാർത്ത് ചിലവഴിച്ചിരുന്നത്.