കാലിഫോർണിയ(യുഎസ്) : തിരക്കിട്ട് ജോലി ചെയ്യുന്നതിനിടെ ഫോണിലേക്ക് മാർക്കറ്റിങ് സ്‌പാം കോളുകൾ വരുന്നത് ചെറുതല്ലാത്ത ബുദ്ധിമുട്ടാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. എത്ര ബ്ലോക്ക് ചെയ്‌താലും പുതിയ നമ്പറുകളില്‍ നിന്ന് വിളിച്ചുകൊണ്ടേയിരിക്കും. സ്‌പാം കോളുകൾ കാരണം അജ്ഞാത നമ്പറുകളിൽ നിന്ന് കോൾ എടുക്കാന്‍ മടിക്കുന്നവരുമുണ്ട്.
ചിലപ്പോഴൊക്കെ സ്‌പാം കോളുകൾ വഴി പണം തട്ടുന്ന സംഭവങ്ങളും നടക്കാറുണ്ട്. ബാങ്കിൽ നിന്നാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിക്കുന്ന കോളുകളും ഉണ്ടാകാറുണ്ട്. ഇത്തരം കോളുകൾ ഒഴിവാക്കാൻ ആളുകള്‍ അതത് നമ്പരുകൾ ബ്ലോക്ക് ചെയ്യുകയാണ് പതിവ്.
എന്നാൽ അടുത്ത തവണ മറ്റൊരു നമ്പറിൽ നിന്നായിരിക്കും വിളി വരുന്നത്. എല്ലാ സ്‌പാം നമ്പരുകളും ബ്ലോക്ക് ചെയ്‌തുകൊണ്ടിരിക്കുക എന്നത് നടക്കുന്ന കാര്യവുമല്ല. എന്നാൽ ഇതിന് പരിഹാരവുമായാണ് ടെക്ക് ഭീമനായ ഗൂഗിൾ എത്തിയിരിക്കുന്നത്.
ഗൂഗിളിന്‍റെ ടെലി ഫോൺ സേവനമായ ഗൂഗിൾ വോയ്‌സിലാണ് ഇതിനുള്ള സംവിധാനമൊരുക്കുന്നത്. ഇനിമുതൽ സ്‌പാം നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ ഉപയോക്താക്കൾക്ക് ഗൂഗിൾ മുന്നറിയിപ്പ് നൽകും. അനാവശ്യ കോളുകളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് ഗൂഗിൾ അധികൃതർ വ്യക്തമാക്കി.
ഇൻകമിങ് കോൾ സ്ക്രീനിലും ഉപയോക്താക്കളുടെ കോൾ ഹിസ്‌റ്ററിയിലും നമ്പർ സ്‌പാം ആണോ എന്നത് കാണാൻ കഴിയും. ഗൂഗിളിന്‍റെ കോളിങ് ഇക്കോസിസ്‌റ്റത്തിലുടനീളം ഓരോ മാസവും കോടിക്കണക്കിന് സ്‌പാം കോളുകളാണ് തിരിച്ചറിയുന്നത്, അതേ അഡ്വാൻസ്‌ഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംവിധാനം ഉപയോഗിച്ചാണ് ഉപയോക്താക്കൾക്ക് സഹായകരമാകുന്ന പുതിയ അപ്ഡേഷൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു.
എങ്ങനെ ബ്ലോക്ക് ചെയ്യാം : സ്‌പാം കോളുകൾ ബ്ലോക്ക് ചെയ്യാനും ബൾക്ക് ആയി റിപ്പോർട്ട് ചെയ്യാനുമുള്ള ഒപ്ഷൻ ഉപയോക്താക്കൾക്ക് ഉണ്ട്. ഒരു പ്രാവശ്യം സ്‌പാം നമ്പറായി ബ്ലോക്ക് ചെയ്യുന്ന നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നാൽ അത് നേരിട്ട് വോയ്‌സ് മെയിലിലേക്ക് പോകും. എന്നാൽ അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോൾ സ്‌പാം അല്ലെന്ന് മാറ്റാനുള്ള ഓപ്ഷനുമുണ്ട്.
സ്‌പാം നിയന്ത്രിക്കുന്നതിനായുള്ള പുതിയ ഫീച്ചറിൽ കമ്പനി അധികൃതർ ഇടപെടില്ല. ഏതൊക്കെ നമ്പറുകൾ സ്‌പാം ആക്കണമെന്ന കാര്യത്തിൽ ഉപയോക്താവിന് പൂർണ സ്വാതന്ത്ര്യവുമുണ്ട്.
അടുത്തിടെ ഗൂഗിൾ വോയ്‌സ് (Google Voice) ഉപയോക്താക്കൾക്ക് മികച്ച കോളിങ് അനുഭവം നൽകുന്നതിനായി കമ്പനി പുതിയ ഫീച്ചർ പുറത്തിറക്കിയിരുന്നു. ഇതിനായി 'ഇന്‍റലിജന്‍റ് നെറ്റ്‌വർക്ക് സ്വിച്ചിങ്' ഫീച്ചറാണ് അവതരിപ്പിച്ചത്. സെല്ലുലാർ ഡാറ്റയും വൈ-ഫൈയും മാറുന്നതിനനുസരിച്ച് നിലവിലുള്ള കോളുകൾ സ്വയമേവ സ്വിച്ച് ചെയ്യപ്പെടും.
എന്താണ് സ്‌പാം കോളുകൾ : മുൻ കൂട്ടി റെക്കോർഡ് ചെയ്‌ത സന്ദേശങ്ങളാണ് റോബോ കോളുകൾ അഥവാ സ്‌പാം കോളുകൾ . ഇവ പലപ്പോഴും ഓട്ടോമേറ്റഡ് ആയിരിക്കും. ഉത്പന്നങ്ങളും സേവനങ്ങളും ആളുകളിലേക്ക് എത്തിക്കാനാണ് ഇത്തരം ഓട്ടോമേറ്റഡ് കോളുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. യഥാർഥ കമ്പനികൾ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് വിൽക്കാൻ ഉപയോഗിക്കുന്ന ടെലിമാർക്കറ്റിങ് കോളുകളും ഉണ്ട്.
തട്ടിപ്പുകാരും മറ്റും ഉപയോഗിക്കുന്ന സ്‌പാം കോളുകളാണ് ഇക്കൂട്ടത്തിലുള്ള മറ്റൊന്ന്. ആളുകളെ കബളിപ്പിച്ച് ഡാറ്റ തട്ടിയെടുക്കാനും അത് ഉപയോഗിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കാനും തട്ടിപ്പുകാർ ഇത്തരം സ്‌പാം കോളുകൾ ഉപയോഗിക്കാറുണ്ട്.