വാഷിങ്ടണ്‍: അമേരിക്ക ആസ്ഥാനമായുള്ള ടെക്ക് ഭീമന്‍ ഗൂഗിള്‍, ചൈനയിലെ മെയിന്‍ലാന്‍റില്‍ ട്രാന്‍സ്‌ലേഷന്‍ സേവനങ്ങള്‍ നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ കുറവ് മൂലമാണ് ഇത്തരത്തിലൊരു നടപടി. ഗൂഗിള്‍ പുറത്തിറക്കിയ പ്രസ്‌താവനയെ അടിസ്ഥാനമാക്കി ദി ഹില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വെര്‍ച്വല്‍ സ്വകാര്യ നെറ്റ്‌വര്‍ക്ക് ഇല്ലാതെ ട്രാന്‍സ്‌ലേഷന്‍ സേവനത്തിന്‍റെ ഹോങ്‌കോങ് പതിപ്പ് ഈ പ്രദേശങ്ങളില്‍ ലഭ്യമാകുന്നില്ല എന്ന് ഏതാനും മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. രാജ്യത്തെ ഗൂഗിളിന്‍റെ ഏറ്റവും ഒടുവിലത്തെ അവശേഷിപ്പായിരുന്നു ട്രാന്‍സ്‌ലേഷന്‍ സേവനങ്ങള്‍. '2010 ലേക്ക് തിരികെയെത്തി' എന്ന തലക്കെട്ടോടുകൂടി സിഎന്‍എന്‍ ട്വിറ്ററില്‍ കുറിച്ചു. ഗൂഗിള്‍ സ്വയം സെൻസറിങ് നിർത്തിയതിന് ശേഷം ചൈനയിൽ ഗൂഗിളിന്‍റെ സെർച്ച് എഞ്ചിൻ സേവനം അവസാനിപ്പിച്ചതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഒരു വ്യക്തിയുടെ ഐഡന്‍റിറ്റി കണ്ടെത്താൻ കഴിയുന്ന സംവിധാനം രൂപകൽപ്പന ചെയ്യുന്നു എന്നാരോപിച്ച് ദശലക്ഷക്കണക്കിന് പൗരന്മാരിൽ നിന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പൊലീസിന്‍റെ ഗവേഷണങ്ങള്‍, കരാറുകാരന്‍റെ പേറ്റന്‍റുകള്‍, അവതരണങ്ങള്‍, നൂറുകണക്കിന് പൊതു സംഭരണ രേഖകൾ എന്നിവ ചൈനയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ചാര സാങ്കേതികവിദ്യകളുടെ വിശദാംശങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. തങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന കാര്യം ജനങ്ങള്‍ക്ക് അഞ്ജാതമാണ്.
ഇത്തരം നിരീക്ഷണങ്ങള്‍ സ്വേച്ഛാധിപത്യ ഭരണം നിലനിർത്താൻ സർക്കാരിനെ സഹായിക്കും. എന്നാല്‍ അനുമതിയില്ലാതെ ചൈനീസ് അധികാരികൾ പൊതുജനങ്ങളുടെ സ്വകാര്യതയിൽ ഇടപെടുന്നു എന്നത് നിയമവിരുദ്ധമാണ്. ചൈനയുടെ 2017 ലെ സൈബർ സുരക്ഷാ നിയമപ്രകാരം രാജ്യത്ത് അവശ്യ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്‌ചർ നൽകുന്ന ബിസിനസുകൾക്ക് അവരുടെ ഡാറ്റ സിസിപി റണ്‍ സര്‍ക്കാറിന്‍റെ സെര്‍വറുകളില്‍ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാക്കിയിരുന്നു.
2021-ലെ ചൈനയുടെ ഡാറ്റ സെക്യൂരിറ്റി നിയമമനുസരിച്ച് ദേശീയ സുരക്ഷയെ അടിസ്ഥാനമാക്കി ചൈനയിൽ ബിസിനസ് നടത്തുന്ന വിദേശ കമ്പനികളെ പരിശോധിക്കാൻ ചൈനീസ് സർക്കാരിന് അധികാരമുണ്ട്. എന്നാല്‍ ഇത്തരം അധികാരങ്ങള്‍ അതിരുകള്‍കപ്പുറത്ത് ഡാറ്റ നിയന്ത്രണം വിപുലീകരിക്കുന്നതിനുള്ള ചൈനയുടെ തന്ത്രമായിരുന്നുവെന്നാണ് ആരോപണം. ചൈനീസ് സര്‍ക്കാരിന്‍റെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി വീചാറ്റ്, ടിക്ക്‌ടോക്ക് പോലുള്ള ആപ്പുകള്‍ പരിശേധനയ്‌ക്ക് വിധേയമാക്കിയിരുന്നു.