ആൻ ഫ്രാങ്കിന് ആദരവുമായി ഗൂഗിള്‍ ഡൂഡിൽ. പ്രത്യേക ആനിമേറ്റഡ് സ്ളൈഡ് ഷോയിൽ ആനിന്‍റെ ജീവ ചരിത്രം ഉള്‍ക്കൊള്ളിച്ചാണ് ഗൂഗിള്‍ ഡൂഡിലൊരുക്കിയിരിക്കുന്നത്. ഹോളോകോസ്റ്റ് ആക്രമണങ്ങളുടെ ഭീകരത ലോകത്തിന് മുമ്പിൽ തുറന്നുകാട്ടിയ ആൻ ഫ്രാങ്കിന്‍റെ ഡയറി കുറിപ്പുകള്‍ 1947 ജൂണ്‍ 25ന് പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
പുസ്‌തകത്തിന്‍റെ 75ാം വാർഷികം ദിനത്തിന് ആദര സൂചകമായാണ് ഗൂഗിള്‍ പുതിയ ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ ഡൂഡിൽ ആർട്ട് ഡയറക്‌ടർ തോക്ക മേർ ആണ് ഡൂഡിലുകൾ തയ്യാറാക്കിയത്. 2022 ഫെബ്രുവരിയിൽ നെറ്റ്ഫ്ലിക്‌സിൽ പുറത്തിറങ്ങിയ 'മൈ ബെസ്റ്റ് ഫ്രണ്ട് ആൻ ഫ്ലാങ്ക്' എന്ന ചിത്രം സെർച്ച് എൻജിനുകളിൽ ടോപ് പൊസിഷനിൽ ഇടം പിടിച്ചിരുന്നു.
ജൂത സംസ്‌കാരവുമായി ബന്ധപ്പെട്ട 60 പ്രധാന സെർച്ചുകളിൽ ഒന്നാണ് ആൻ ഫ്രാങ്കെന്നും ഗൂഗിള്‍ വിലയിരുത്തുന്നു. ആൻ ഫ്രാങ്ക് ഒളിവിൽ താമസിച്ചിരുന്ന വീട് 2017ൽ മാത്രം 2.1 മില്ല്യണ്‍ ആളുകള്‍ സന്ദർശിച്ചതായാണ് കണക്കുകള്‍. നാസികളുടെ ക്രൂരതകൾക്ക് ഇരയായ പുറം ലോകം അറിഞ്ഞ ജൂത കുടുംബങ്ങളിൽ ഒന്നായിരുന്നു ആൻ ഫ്രാങ്കിന്‍റേത്. പതിമൂന്നാം ജന്മദിനത്തിൽ സമ്മാനമായി ലഭിച്ച ഡയറിയിലൂടെയാണ് ആൻ പിന്നീട് തന്‍റെ ജീവിതം എഴുതി ചേർത്തത്. ആനിന്‍റെ മരണശേഷം 1947ൽ ‘ഒരു പെൺകുട്ടിയുടെ ഡയറി’ എന്ന പേരിൽ ആ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചതോടെയാണ് ആൻ ഫ്രാങ്കിനെ ലോകം അറിയാൻ തുടങ്ങിയത്.
ആൻഫ്രാങ്കിന്‍റെ 'കിറ്റി': ജർമനിയിലെ ഫ്രാങ്ക്‌ഫെർട്ടിലെ ഒരു പുരാതന ജൂതകുടുംബത്തിൽ 1929 ജൂൺ 12നായിരുന്നു ആനിന്‍റെ ജനനം. പിതാവ് ഒട്ടോ ഫ്രാങ്ക് ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. മാതാവ് എഡിത്ത് ഫ്രാങ്ക് വീട്ടമ്മയും. മാർഗറ്റ് ഫ്രാങ്കായിരുന്നു ഏക സഹോദരി. 1933ൽ ജർമനിയിൽ നാസി പാർട്ടി ശക്തി പ്രാപിച്ചതോടെ രാജ്യത്ത് ജൂതവിദ്വേഷം വ്യാപകമായി. തുടർന്ന് വർധിച്ചുവന്ന അതിക്രമങ്ങൾ സഹിക്കാനാവാതെ കുടുംബത്തോടൊപ്പം ഫ്രാങ്ക് നെതർലൻഡിലേക്ക് കുടിയേറി. അഞ്ചുവയസായിരുന്നു അന്ന് ആനിന്‍റെ പ്രായം. 1942 ജൂൺ 12നാണ് 13ാം ജന്മദിനത്തിൽ ഒട്ടോ ഫ്രാങ്ക് മകൾക്ക് ഒരു ഡയറി സമ്മാനിക്കുന്നത്. കിറ്റി എന്ന് ഓമനപ്പേരിട്ട ഡയറിയിൽ 1942 ജൂൺ മുതൽ അവൾ എഴുതിത്തുടങ്ങി.
ഒളിസങ്കേതത്തിലേക്ക്: 1942 ജൂലൈ 5ന് ഫ്രാങ്കിനും കുടുംബത്തിനും ജർമനിയിലേക്ക് മടങ്ങിപോകാനുള്ള അറിയിപ്പ് ലഭിച്ചു. ജർമനിയിൽ ജൂതന്മാരുടെ സ്ഥിതി അത്യന്തം വഷളായിരുന്നതിനാൽ ആനും കുടുംബവും ഒളിസങ്കേതത്തിലേയ്ക്കു മാറി. 1942നും 1944നും ഇടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്തെ തന്‍റെ ജീവിതത്തെക്കുറിച്ചാണ് ആൻ ഡയറിയിൽ കുറിച്ചത്. വെറും ഒരു കൗമാരക്കാരിയുടെ കുറിപ്പുകളായിരുന്നില്ല അത്. ഒളിത്താവളങ്ങളിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന ഒരു വംശത്തിന്‍റെ വേദന അവള്‍ തന്‍റെ വരികളിലൂടെ കുറിച്ചിട്ടു.
രോഗവും മരണവും: ഭക്ഷണവും വസ്‌ത്രവും മരുന്നുമായിരുന്നു കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഏറ്റവും പ്രധാന പ്രശ്‌നം. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ 'സ്കാബീസ്' എന്ന ത്വഗ് രോഗം ആനിന് ബാധിച്ചു. തുടർന്ന് ആനിനെ ബർഗൻ ബെൽസൻ ക്യാമ്പിലേക്ക് മാറ്റി. വ്യാധി രൂക്ഷമായതോടെ മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയില്‍ ആൻഫ്രാങ്ക് ലോകത്തോട് വിടപറഞ്ഞു. 1945 ഏപ്രിൽ 15ന് അമേരിക്കയുടെയും ബ്രിട്ടന്‍റെയും സഖ്യസേന ബർഗൻ ബെൽസൻ ക്യാമ്പ് സ്വതന്ത്രമാക്കപ്പെടുന്നതിന് ഏതാനും ദിവസം മുൻപായിരുന്നു ഇരുവരുടെയും മരണം.
ദ ഡയറി ഓഹ് ആൻ ഫ്രാങ്ക്: ആൻ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകൾ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റൊഴിക്കപ്പെട്ട പുസ്‌തകങ്ങളിലൊന്നായി ഇപ്പോഴും തുടരുന്നു. സഖ്യസേനയുടെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ശേഷം ഓഫിസ് വൃത്തിയാക്കാനെത്തിയ ആളാണ് ആൻ ഫ്രാങ്കിന്‍റെ ഡയറി കണ്ടെടുത്തത്. തുടർന്ന് ഈ കുറിപ്പികള്‍ 1947 ജൂണ്‍ 25ന് പുസ്‌തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ആൻ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകൾ ആവേശത്തോടെയാണ് ലോകം സ്വീകരിച്ചത്. 'ദ ഡയറി ഓഹ് ആൻ ഫ്രാങ്ക്' എഴുപതോളം ഭാക്ഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. രണ്ടരക്കോടി കോപ്പികളാണ് വിറ്റൊഴിഞ്ഞത്. ബൈബിളിനു ശേഷം കഥേതരവിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റൊഴിയപ്പെട്ട പുസ്തകം ദ ഡയറി ഓഹ് ആൻ ഫ്രാങ്കാണ്.