ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുമ്പോള്‍ ഗൂഗിളിന്‍റെ ഹോം സെർച്ച് പേജിൽ പ്രത്യക്ഷപ്പെട്ടത് മലയാളി കലാകാരിയുടെ ഡൂഡില്‍. ഇന്ത്യയുടെ ചരിത്ര ദിനത്തെ പട്ടം പറത്തലുമായി ബന്ധപ്പെടുത്തിയാണ് മലയാളിയായ നീതിയുടെ കലാസൃഷ്‌ടി. ബ്രിട്ടീഷുകാർക്കെതിരായ പ്രതിഷേധ സൂചകമായി കൊളോണിയൽ വിരുദ്ധ മുദ്രാവാക്യങ്ങളോടെ സ്വാതന്ത്ര്യ സമര സേനാനികൾ പട്ടം പറത്തിയിരുന്നുവെന്നതിനാലാണ് പട്ടം പറത്തല്‍ സ്വാതന്ത്ര്യ ദിനവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നത് എന്നും അതിനാല്‍ ദേശീയ നിറങ്ങളും സ്നേഹത്തിന്‍റ സന്ദേശവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷത്തെ സ്‌മരണയും ഉള്‍പ്പെടുത്തിയാണ് താന്‍ ഡൂഡില്‍ വരച്ചതെന്ന് നീതി പറഞ്ഞു.
ഡൂഡിൽ ക്ലിക്ക് ചെയ്‌ത ശേഷം, ഉപയോക്താവിന് അവരുടെ സ്ക്രീനിന്‍റെ മുകളിൽ ഇടതുവശത്തുള്ള പട്ടത്തിന്‍റെ ചെറിയ ചിത്രത്തിൽ ക്ലിക്ക് ചെയ്യാം. ക്ലിക്ക് ചെയ്യുമ്പോൾ, സ്‌ക്രീനിൽ പട്ടങ്ങൾ പ്രത്യക്ഷപ്പെടുന്നതും ഉപയോക്താവ് ക്ലിക്ക് ചെയ്യുന്നിടത്തെല്ലാം കൂടുതൽ പട്ടങ്ങൾ വന്നു ചേരുന്നതും കാണാം. സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നത് ഏറെ പ്രധാനമാണ്. രാവിലെ മുതല്‍ തന്നെ ആളുകള്‍ ടെറസില്‍ കയറി പട്ടം പറത്തുന്ന കാഴ്‌ച സ്വാതന്ത്ര്യ ദിനത്തില്‍ മാത്രം കാണാന്‍ കവിയുന്ന ഒന്നാണ്.