വാഷിങ്ടൺ: 2023 മുതൽ ഫിറ്റ്ബിറ്റ് സേവനങ്ങൾ ഉപയോഗിക്കണമെങ്കിൽ ഗൂഗിൾ അക്കൗണ്ട് ആവശ്യമാണെന്ന് റിപ്പോർട്ടുകൾ. 2021ലാണ് ടെക്ക് ഭീമനായ ഗൂഗിൾ ഇലക്‌ട്രോണിക്‌സ് ആൻഡ് ഫിറ്റ്‌നസ് കമ്പനിയായ ഫിറ്റ്ബിറ്റ് ഏറ്റെടുത്തത്. എന്നാൽ അതിനുശേഷവും ഫിറ്റ്ബിറ്റ് പഴയതുപോലെ തന്നെയായിരുന്നു ഉത്പന്നങ്ങൾ പുറത്തിറക്കിയിരുന്നത്. ഫിറ്റ്ബിറ്റ് ബൈ ഗൂഗിൾ എന്ന് പുനർനാമകരണം ചെയ്‌തതിന് ശേഷവും അത് ഇത്തരത്തിൽ തന്നെ തുടർന്നു. അതിനാണ് ഇപ്പോൾ മാറ്റം വരാൻ പോകുന്നത്.
അടുത്ത വർഷം മുതൽ ഫിറ്റ്ബിറ്റ് ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കുമെന്ന് ജിഎസ്എം അരീന പറയുന്നു. ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ ഫിറ്റ്ബിറ്റിന്‍റെ ചില സേവനങ്ങൾ സൈൻ അപ്പ് ചെയ്യുന്നതിനോ പുതിയ ഫിറ്റ്ബിറ്റ് ഉപകരണങ്ങളോ ഫീച്ചറുകളോ ആക്‌ടിവേറ്റ് ചെയ്യുന്നതിനോ ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കേണ്ടി വരുമെന്ന് ഫിറ്റ്ബിറ്റിന്‍റെ സപ്പോർട്ട് പേജിൽ പറയുന്നു.
ഫിറ്റ്ബിറ്റ് ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചതിന് ശേഷവും ഫിറ്റ്ബിറ്റ് അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് ഫിറ്റ്ബിറ്റ് ഡാറ്റ ഗൂഗിൾ അക്കൗണ്ടിലേക്ക് മാറ്റുന്നതിനോ ഫിറ്റ്ബിറ്റ് ഉപകരണങ്ങളും സേവനങ്ങളും പിന്തുണക്കുന്ന കാലത്തോളം ഫിറ്റ്ബിറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കാനോ സാധിക്കും. 2025 ആദ്യം വരെയാണ് ഫിറ്റ്ബിറ്റ് ഉപകരണങ്ങളും സേവനങ്ങളും ഫിറ്റ്ബിറ്റ് അക്കൗണ്ടുകളിൽ പ്രവർത്തിക്കുകയുള്ളൂവെന്ന് ജിഎസ്എം അരീന റിപ്പോർട്ട് ചെയ്യുന്നു.
ഫിറ്റ്ബിറ്റിലെ ഗൂഗിൾ അക്കൗണ്ടുകൾ ഫിറ്റ്ബിറ്റിനും മറ്റ് ഗൂഗിൾ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ, അക്കൗണ്ട് സുരക്ഷ, ഫിറ്റ്ബിറ്റ് ഉപയോക്തൃ ഡാറ്റയ്‌ക്കുള്ള കേന്ദ്രീകൃത സ്വകാര്യത നിയന്ത്രണങ്ങൾ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നു.