കോപ്പന്‍ഹേഗന്‍: മസിലുകളുടെ ശക്‌തി വര്‍ധിപ്പിക്കുന്ന ജീന്‍ കണ്ടെത്തി ഗവേഷകര്‍. കായികപരമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ഈ ജീന്‍ ഉത്തേജിക്കപ്പെടുകയും ശരീരത്തിലെ മസിലുകളുടെ ശക്‌തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. വ്യായമത്തിലൂടെ ലഭിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങള്‍ ചികിത്സയിലൂടെ നല്‍കാന്‍ സാധിക്കുന്നതിലേക്കാണ് ഈ കണ്ടെത്തല്‍ നയിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
'സെല്‍ മെറ്റാബോളിസം' എന്ന ശാസ്ത്ര ജേര്‍ണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല തരത്തിലുള്ള വ്യായമങ്ങള്‍ എങ്ങനെ ശരീര മസിലുകളിലെ തന്‍മാത്രകളെ മാറ്റുന്നു എന്ന് പഠനം വിശദീകരിക്കുന്നു. മസിലുകളുടെ ശക്തി വര്‍ധനവിന് കാരണമായ C18ORF25 എന്ന ജീനാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാ തരത്തിലുള്ള വ്യായമങ്ങളിലും ഈ ജീന്‍ ഉത്തേജിക്കപ്പെടുമെന്ന് ഗവേഷകര്‍ കണ്ടെത്തി.
C18ORF25 ജീന്‍ ഇല്ലാത്ത മൃഗങ്ങളില്‍ വ്യായമങ്ങള്‍ കൊണ്ട് ലഭിക്കുന്ന ഫലം കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത്തരം മൃഗങ്ങള്‍ക്ക് ദുര്‍ബലമായ മസിലുകള്‍ മാത്രമെ ഉണ്ടാകുകയുള്ളൂവെന്നും പഠനം പറയുന്നു. C18ORF25 ജീനിന് ഉത്തേജനം സംഭവിക്കുമ്പോള്‍ മസിലുകള്‍ ശക്തിപ്പെടുമെന്ന് കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ ബെഞ്ചമിന്‍ പാര്‍ക്കര്‍ പറഞ്ഞു. മസിലുകള്‍ കൂടുതല്‍ വലുതായില്ലെങ്കിലും ഈ ജീനുകള്‍ പ്രവര്‍ത്തന നിരതമാകുമ്പോള്‍ മസിലുകള്‍ ശക്‌തിപ്പെടും.
ഈ ജീനിന്‍റെ കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക വഴിത്തിരിവാകുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ വാര്‍ധക്യം ഉറപ്പുവരുത്തല്‍, മസിലുകള്‍ ശോഷിക്കുമ്പോള്‍ നല്‍കുന്ന ചികിത്സ, സ്പോര്‍ട്‌സ് സയന്‍സ്, ഇറച്ചിക്കായി മൃഗങ്ങളെ വളര്‍ത്തല്‍ എന്നിവയില്‍ നിര്‍ണായക കാല്‍ വയ്പ്പ് നടത്താന്‍ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
പ്രമേഹം, ഹൃദ്രോഗങ്ങള്‍, പലതരത്തിലുള്ള അര്‍ബുദങ്ങള്‍ എന്നിവ തടയുന്നതിന് വ്യായമം സഹായിക്കുമെന്ന് കണ്ടെത്തിയതാണ്. വ്യായാമം ചെയ്യുമ്പോള്‍ ഈ ആരോഗ്യകരമായ ഫലങ്ങള്‍ തന്‍മാത്ര തലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തുന്നതിലൂടെ പുതിയ ഫലപ്രദമായ ചികിത്സരീതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.