വനം ഭൂമിയുടെ നിലനിൽപ്പിന് അഭിവാജ്യഘടകമാണെന്നുള്ളത് കുട്ടിക്കാലം മുതൽക്കെ നാം കേട്ടുവളർന്ന കാര്യമാണ്. അന്തരീക്ഷത്തിൽ നിന്നും കാർബൺ ആഗിരണം ചെയ്യുന്ന എന്‍റിറ്റികൾ മാത്രമാണ് മരങ്ങളും വനങ്ങളും എന്നാകും അധികവും നാം പഠിച്ചിട്ടുണ്ടാവുക. എന്നാൽ വനങ്ങൾ ഭൂമിക്കുവേണ്ടി എത്രത്തോളം പ്രവർത്തിക്കുന്നുണ്ട് എന്നത് നാം ചിന്തിക്കുന്നതിനും അപ്പുറമാണ്. ഇതിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനങ്ങൾ.
കാലാവസ്ഥ വ്യതിയാനം മനുഷ്യരാശിക്ക് വലിയൊരു ഭീഷണിയാണ്. ശരാശരി താപനില ചെറിയ തോതിൽ ഉയരുന്നതുപോലും സമുദ്രനിരപ്പിലെ വർധനവിന് കാരണമായേക്കാം. അതുമൂലം ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങൾക്കും നഗരങ്ങൾക്കും നാശം സംഭവിച്ചേക്കുന്നു.
ഇത്തരത്തിൽ ആഗോള താപനില നിയന്ത്രിക്കുന്നതിൽ വനങ്ങൾ പ്രധാന പങ്കുവഹിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎസിലെയും കൊളംബിയയിലെയും ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നിൽ. ഭൂമിയെ കുറഞ്ഞത് അര ഡിഗ്രി സെൽഷ്യസെങ്കിലും തണുപ്പിക്കാൻ വനങ്ങൾ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി.
വിവിധ വനങ്ങളുടെ കാർബൺ ഡൈ ഓക്‌സൈഡ് ഇതര ഗുണങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തിൽ, ചില മേഖലകളിലെ വനങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ സംഭാവന നൽകുന്നതായും കണ്ടെത്തി. ബ്രസീൽ, ഗ്വാട്ടിമാല, ഛാഡ്, കാമറൂൺ, ഇന്തോനേഷ്യ എന്നിവിടങ്ങളിലേത് പോലെയുള്ള ഉഷ്‌ണമേഖലാ വനങ്ങളിൽ ഒരു ഡിഗ്രിയിൽ കൂടുതൽ തണുപ്പിക്കൽ പ്രഭാവം ഉള്ളതായി പഠനം വ്യക്തമാക്കുന്നു.
ഗവേഷണമനുസരിച്ച്, കാർബൺ പോലെയുള്ള ബയോകെമിക്കൽ ഘടകങ്ങളിൽ നിന്ന് വ്യത്യസ്തമായി, മരങ്ങളുടെ ഭൗതിക വശങ്ങളുടെ (തടി, ഇലകൾ, സാന്ദ്രത പോലെയുള്ളവ) വൈവിധ്യമാർന്ന ബയോഫിസിക്കൽ ഗുണങ്ങളാണ് വനങ്ങളിൽ തണുപ്പിക്കൽ പ്രഭാവമുണ്ടാകുന്നത്.
ALSO READ:പ്ളാസ്‌റ്റിക് മാലിന്യങ്ങളെ തുരത്താന്‍ പുതിയ 'എന്‍സൈം'; പുത്തന്‍ പ്രതീക്ഷയുമായി ശാസ്‌ത്രലോകം