സിംഗപ്പൂര്‍: മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനാവശ്യമായ വൈദ്യുതി നമ്മുടെ ശരീരത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാൻ സാധിച്ചാല്‍ അത് എങ്ങനെയുണ്ടാവും? നമ്മുടെ വസ്‌ത്രത്തില്‍ നിന്ന് വീട്ടിലെ എല്‍ഇഡി ബള്‍ബുകള്‍ പ്രകാശിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി നിര്‍മിക്കാന്‍ സാധിച്ചാലോ? ഇത്തരം ആശയങ്ങള്‍ ലാബില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് ഗവേഷകര്‍.
ശാരീരിക ചലനത്തെ വൈദ്യുതിയായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു പ്രത്യേകതരം തുണി വികസിപ്പിച്ചെടുത്തിരിക്കുകയാണ് സിംഗപ്പൂരിലെ ഗവേഷകര്‍. ശരീര ചലനത്തില്‍ നിന്ന് വൈദ്യുതി നിര്‍മിക്കാന്‍ കഴിയുന്ന 'സ്മാര്‍ട്ട്' വസ്‌ത്രം നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു. ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വസ്‌ത്രങ്ങള്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തുതുമാണ്.
എന്നാല്‍ അതിന്‍റെ പ്രശ്‌നം അലക്കികഴിഞ്ഞാല്‍ ഈ വസ്ത്രങ്ങളുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ക്ഷമത കുറയുമെന്നുള്ളതായിരുന്നു. ഈ വെല്ലുവിളി മറികടന്നിരിക്കുകയാണ് സിംഗപ്പൂരിലെ നാന്‍യാങ് സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകര്‍.
ഇലക്‌ട്രോഡ് നിര്‍മിച്ചിരിക്കുന്നത് തെര്‍മോപ്ലാസ്‌റ്റിക് ഉപയോഗിച്ച്: എസ്ഇബിഎസ് (styrene-ethylene-butylene-styrene) എന്ന തെര്‍മോപ്ലാസ്റ്റികും വെള്ളിയുടെ നാനോവയറുകളും ഉപയോഗിച്ചാണ് ഈ വസ്ത്രത്തില്‍ ഘടിപ്പിക്കുന്ന വഴക്കമുള്ള ഇലക്‌ട്രോഡ് നിര്‍മിച്ചത്. സ്ക്രീന്‍പ്രിന്‍റിങ് എന്ന പ്രക്രിയയിലൂടെയാണ് ഇതിന്‍റെ നിര്‍മാണം. തുണി നിര്‍മിച്ചിരിക്കുന്നത് പിവിഡിഎഫ്-എച്‌പിഎഫ്എഫ് (polyvinylidene fluoride-co-hexafluoropropylene) എന്ന മെറ്റീരിയലും ലിഡ് മുക്തമായ പെരോവ്‌സ്കൈറ്റ്സ് എന്ന മെറ്റീരിയലും ഉപയോഗിച്ചാണ്. പിവിഡിഫ്-എച്‌പിഎഫ്എഫ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദന ക്ഷമത വളരെയധികം വര്‍ധിപ്പിക്കാന്‍ സാധിക്കും.
ഈ തുണി അലക്കാനും ഉണക്കാനും സാധിക്കും: ശരീരം ചലിക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന കമ്പനമാണ് ഈ തുണി വൈദ്യുതോര്‍ജമാക്കി മാറ്റുന്നത്. നിലവില്‍ ഒരു സ്ക്വയര്‍ മീറ്റര്‍ തുണിയില്‍ നിന്ന് 2.34 വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ തുണികൊണ്ടുള്ള വസ്ത്രങ്ങള്‍ ശരീര ചലനത്തെ മോശമായ രീതിയില്‍ ബാധിക്കുന്നില്ലെന്നും ഗവേഷകര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും സ്‌മാര്‍ട്ട് വാച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാനുമായ വൈദ്യുതി ഇതില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.
ഈ തുണി വാട്ടര്‍പ്രൂഫ് ആയതുകൊണ്ട് തന്നെ അലക്കല്‍ ഇതിന്‍റെ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കില്ല. ഈ തുണി മടക്കാനും ഉണക്കാനുമൊക്കെ സാധിക്കും. ഈ തുണിക്ക് തേയ്‌മാനങ്ങള്‍ സംഭവിച്ചാലും വൈദ്യുതി ഉല്‍പാദന ക്ഷമത അഞ്ച് മാസം വരെ നിലനില്‍ക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.