സാന്‍ഫ്രാന്‍സിസ്‌കോ : ചില വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഒഫീഷ്യല്‍ എന്ന ലേബല്‍ കൊടുക്കുന്ന ഫീച്ചര്‍ താന്‍ 'നശിപ്പി'ച്ചെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക്. സര്‍ക്കാര്‍ വകുപ്പുകളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ ഒഫീഷ്യല്‍ എന്ന ലേബല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഫീച്ചര്‍ കാര്യക്ഷമമല്ല എന്നാണ് മസ്‌ക് വ്യക്തമാക്കിയത്.
വെബ് വീഡിയോ പ്രൊഡ്യൂസര്‍ ആയ മാർക്വെസ് ബ്രൗൺലിയുടെ ഒഫീഷ്യല്‍ ലേബല്‍ അപ്രത്യക്ഷമായി എന്ന ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, കായിക താരങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഒരു ചെറിയ സര്‍ക്കിളിലുള്ള ടിക്കിനോടൊപ്പം ഒഫീഷ്യല്‍ എന്ന ലേബലും ബുധനാഴ്‌ച വൈകിട്ട് പ്രത്യക്ഷപ്പെട്ടിരുന്നു.
ട്വിറ്ററിന്‍റെ പുതിയ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷന്‍ പ്രാബല്യത്തില്‍ വരുന്ന സമയത്ത് ഒഫീഷ്യലുകളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും മറ്റ് പൊതു വ്യക്തിത്വങ്ങളുടെയും അക്കൗണ്ടുകളെ രേഖപ്പെടുത്തുക എന്ന ആശയമായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്. ഒഫീഷ്യല്‍ ലേബല്‍ നിലവില്‍ തങ്ങള്‍ നല്‍കുന്നില്ലെന്നും എന്നാല്‍ തെറ്റിദ്ധരിപ്പിക്കലിനെതിരെയും ആള്‍മാറാട്ടത്തിനെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
ഇനിയും പലതും പ്രതീക്ഷിക്കാം : വരും ദിവസങ്ങളില്‍ പല തരത്തിലുള്ള പുതിയ ഫീച്ചറുകളും ട്വിറ്റര്‍ പരീക്ഷിക്കുമെന്ന സൂചനയും മസ്‌ക് നല്‍കി. 'ദയവായി നോട്ട് ചെയ്യൂ, ട്വിറ്റര്‍ വരും മാസങ്ങളില്‍ ഒരുപാട് പൊട്ടത്തരങ്ങള്‍ ചെയ്യും. ഗുണകരമായത് നിലനിര്‍ത്തുകയും അല്ലാത്തവ ഒഴിവാക്കുകയും ചെയ്യും' - ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.
പരാതി ഹോട്ട്‌ലൈന്‍ ഓപ്പറേറ്ററാണ് താനെന്നും ആവശ്യങ്ങള്‍ താഴെ കുറിക്കണമെന്നും മസ്‌ക് ട്വീറ്റ് ചെയ്‌തു. ട്വിറ്ററിന്‍റെ ഒരു പ്രൊഡക്‌റ്റും വിശുദ്ധ പശുവല്ലെന്ന് പ്രൊഡക്റ്റ് ഡെവലപ്പ്‌മെന്‍റിന്‍റെ ചുമതലയുള്ള എസ്‌തര്‍ ക്രൗഫോര്‍ഡ് ട്വീറ്റ് ചെയ്‌തു. ഇലോണ്‍ പലതും പരീക്ഷിക്കും. ചിലത് പരാജയപ്പെടുകയും ചിലത് വിജയിക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് കേന്ദ്ര മന്ത്രിമാര്‍ക്കും പുറമെ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുടെയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള കായിക താരങ്ങളുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകളിലും ഒഫീഷ്യല്‍ ലേബല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
രാജ്യത്ത് ബ്ലൂ ടിക്ക് ഒരു മാസത്തിനുള്ളില്‍ : ബ്ലൂ ടിക്ക് ലഭിക്കുന്നതിന് മാസം എട്ട് ഡോളര്‍ അടയ്‌ക്കണമെന്ന പരിഷ്‌കരണം നടപ്പിലാകുമ്പോള്‍ ഔദ്യോഗികമായ അക്കൗണ്ടുകളെ മറ്റ് ബ്ലൂ ടിക്ക് അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചറിയാനാണ് ഒഫീഷ്യല്‍ ലേബല്‍ കൊണ്ടുവന്നത്. അതായത് എട്ട് ഡോളര്‍ പ്രതിമാസം അടച്ചാല്‍ ബ്ലൂ ടിക്ക് ലഭിക്കുമെങ്കിലും ഒഫീഷ്യല്‍ ലേബല്‍ ലഭിക്കില്ലെന്നര്‍ഥം. സബ്‌സ്ക്രിപ്‌ഷന്‍റെ ഭാഗമായി ബ്ലൂ ടിക്ക് ലഭിക്കുന്നവര്‍ക്ക് ഐഡി വെരിഫിക്കേഷന്‍ ഉണ്ടാവില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.
ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷന്‍ എടുത്താല്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാകും. ഒരു മാസത്തിനുള്ളില്‍ ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ സര്‍വീസ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ട്വിറ്റര്‍ അറിയിച്ചത്. ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്‌കരണങ്ങളാണ് ട്വിറ്ററില്‍ നടക്കുന്നത്. ട്വിറ്ററിന്‍റെ വരുമാനത്തിന്‍റെ നല്ലൊരു പങ്കും പരസ്യത്തില്‍ നിന്നുള്ളതാണ്. ഇതിന് മാറ്റം വരുത്തുകയാണ് മസ്‌ക് ലക്ഷ്യം വയ്ക്കുന്നത്.