വാഷിംഗ്‌ഷൺ: ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന ചോദ്യവുമായി ട്വിറ്റർ സിഎഒ ഇലോൺ മസ്‌ക് നടത്തിയ വോട്ടെടുപ്പിൽ വൻ തിരിച്ചടി. ഇന്നലെ വൈകിട്ട് 6:45 വരെ നടന്ന പോളിങ്ങിൽ 61 ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 58 ശതമാനം പേരും മസ്‌കിന് എതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്.
ചോദ്യത്തോടൊപ്പം ഉപഭോക്താക്കളുടെ ആഗ്രഹം എന്തായാലും അനുസരിക്കുമെന്ന വാഗ്‌ദാനമാണ് മസ്‌കിന് പുറത്തേക്കുള്ള വഴി തുറന്നത്. കൂടുതൽ പേരും മസ്‌ക് ട്വിറ്റർ തലവൻ സ്ഥാനം ഒഴിയണമെന്ന് പറഞ്ഞതോടെ ഉപഭോക്താക്കളെ കൂടുതൽ ആകാംക്ഷയിലാക്കി മസ്‌കിന്‍റെ മറുപടി സന്ദേശവും എത്തി. 'ഉപഭോക്താക്കൾ ആഗ്രഹങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണമെന്നും ചിലപ്പോൾ അത് സാധ്യമാകും' എന്നതായിരുന്നു ആ അപ്രതീക്ഷിത മറുപടി. ട്വിറ്ററിൽ വലിയ നയമാറ്റങ്ങൾക്കായി വോട്ടെടുപ്പ് ഉണ്ടാകുമെന്നും മസ്‌ക് പറഞ്ഞു.
മസ്‌കിന്‍റെ നയങ്ങളിൽ പൊറുതിമുട്ടിയ പലരും മേധാവി സ്ഥാനം ഒഴിയണമെന്ന് വോട്ടിന് പുറകെ ട്വീറ്റ് ചെയ്‌തു. എന്നാൽ ട്വിറ്ററിന് ഒരു ശുചീകരണ പ്രവർത്തനം അനിവാര്യമായിരുന്നെന്നും അതിനാൽ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലി തുടരണമെന്നും ചില അനുകൂലികൾ ട്വീറ്റ് ചെയ്‌തു. ഫേസ്‌ബുക്ക്, ഇൻസ്റ്റ ഗ്രാം തുടങ്ങിയ മറ്റു സേഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രമോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് ട്വിറ്റർ ഞായറാഴ്‌ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടത്തിയത്.
ട്വിറ്ററിലെ പ്രധാന നയമാറ്റങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ട സമയത്താണ് ട്വിറ്റർ നിയമങ്ങളിൽ മസ്‌ക് പുതിയ മാറ്റം കൊണ്ടുവന്നത്. കൂടാതെ മസ്‌കിനെ വിമർശിച്ച പല മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടമാണെന്ന് അവകാശപ്പെടുന്ന ഒരു വേദിയിൽ മാധ്യമ ശബ്‌ദങ്ങളെ നിശബ്‌ദമാക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് വിമർശനവുമായി എത്തി. ജനരോഷം അധികമായപ്പോൾ സസ്‌പെൻഡ് ചെയ്‌ത അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചു.