സാൻഫ്രാൻസിസ്കോ : ട്വിറ്റര്‍ ഏറ്റെടുക്കുന്നതോടെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഇലോണ്‍ മസ്‌ക് പദ്ധതിയിടുന്നതായി ദി വാഷിങ്ടൺ പോസ്റ്റിന്‍റെ റിപ്പോർട്ട്. 7,500 തൊഴിലാളികളുള്ള ട്വിറ്ററില്‍ നിന്ന് 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. ഇക്കാര്യം നിക്ഷേപകരുമായി മസ്‌ക് ചര്‍ച്ച ചെയ്‌തതായി വ്യാഴാഴ്‌ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്ത മാസം തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നത് പ്രാബല്യത്തില്‍ വരുത്താനാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ട്വിറ്ററോ മസ്‌കിന്‍റെ അഭിഭാഷകനായ അലക്‌സ് സ്‌പിറോയോ പ്രതികരിച്ചിട്ടില്ല. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുന്നതിന് മുമ്പ് തന്നെ കമ്പനി ചെലവ് ചുരുക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ശമ്പള ഇനത്തില്‍ ചെലവാക്കുന്ന തുക 800 മില്യണ്‍ ഡോളറായി കുറയ്ക്കാന്‍ മാനേജ്‌മെന്‍റ് തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഇത്തരത്തില്‍ ചെലവ് ചുരുക്കല്‍ നടപ്പിലാക്കിയാല്‍ ട്വിറ്ററിലെ നാലില്‍ ഒന്ന് ജീവനക്കാര്‍ക്ക് അവരുടെ ജോലി നഷ്‌ടമാകും. ട്വിറ്ററില്‍ നിന്ന് കുറച്ചുജീവനക്കാരെ പിരിച്ചുവിടേണ്ടതിന്‍റെ ആവശ്യകത മസ്‌ക് നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഒരു നിശ്ചിത ശതമാനം ജീവനക്കാരെ പിരിച്ചുവിടണമെന്ന കാര്യം അദ്ദേഹം പരസ്യമായി വ്യക്തമാക്കിയിരുന്നില്ല. '75 ശതമാനം ആളുകളെ വെട്ടിക്കുറച്ചാൽ ചെലവുകള്‍ കുറയുകയും ലാഭം വര്‍ധിക്കുകയും ചെയ്യും. ഇത് നിക്ഷേപകരെ ആകര്‍ഷിക്കും. നിക്ഷേപം കൂടുന്നത് കമ്പനിയെ വളര്‍ച്ചയിലേക്ക് നയിക്കും. എന്നാല്‍ ജീവനക്കാരുടെ ഇത്രയും വലിയ കുറവ് തീര്‍ച്ചയായും ട്വിറ്ററിനെ വര്‍ഷങ്ങളോളം പിന്നോട്ടടിപ്പിക്കും' - നിരീക്ഷകന്‍ ഡാന്‍ ഐവ്‌സ് പറഞ്ഞു.
ഇത്രയധികം ജീവനക്കാരെ ഒന്നിച്ച് പിരിച്ചുവിടുന്നത് കണ്ടന്‍റ് മോഡറേഷനെയും ഡാറ്റ സെക്യൂരിറ്റിയെയും തകര്‍ക്കുമെന്നും ഇത് കമ്പനിയെയും ഉപയോക്താക്കളെയും പ്രതികൂലമായി ബാധിക്കുമെന്നും ഇതിനകം തന്നെ വിദഗ്‌ധരും ട്വിറ്റര്‍ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മസ്‌ക് ആസൂത്രണം ചെയ്യുന്ന രീതിയില്‍ വന്‍തോതിലുള്ള പിരിച്ചുവിടല്‍ സംഭവിച്ചാല്‍ ട്വിറ്ററിലേക്ക് ഹാനികരമായ കണ്ടന്‍റുകളും സ്‌പാമുകളും കടന്നുവരാനുള്ള സാധ്യതകള്‍ ഏറെയാണ്.
എന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായാലും കമ്പനി ഏറ്റെടുത്ത ശേഷം അതെല്ലാം പരിഹരിക്കുമെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ ടെസ്‌ല സിഇഒ മസ്‌ക് തീരുമാനിച്ചെങ്കിലും പിന്നീട് പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ അറിയണമെന്ന് മസ്‌ക് കമ്പനിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ ട്വിറ്റര്‍, ഇലോണ്‍ മസ്‌കിന്‍റെ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ഥ കണക്കുകള്‍ കൈമാറിയില്ലെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജൂലൈയില്‍ പ്രഖ്യാപിച്ചു.
ഇതിനെതിരെ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ പിന്നീട് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്‍റെ കരാര്‍ ഓഹരി ഉടമകള്‍ അംഗീകരിക്കുകയായിരുന്നു. 4,400 കോടി ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത്. ഇതോടെ ട്വിറ്ററിലെ നിക്ഷേപകര്‍ക്കെല്ലാം ഓരോ ഷെയറിനും 54.2 ഡോളര്‍ വീതം ലഭിക്കും.