വാഷിങ്‌ടണ്‍: ട്വിറ്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതിനെ തുടര്‍ന്ന് കോടതിയുമായുള്ള പോരാട്ടത്തില്‍ അകപ്പെട്ട് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. 44 ബില്യൺ യുഎസ് ഡോളര്‍ ഇടപാടില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് മസ്‌കിനെതിരെ കേസ് ഫയല്‍ ചെയ്‌തത്. ഡെലവെയർ കോടതിയില്‍ മസ്‌കിനെതിരെ ഫയല്‍ ചെയ്‌ത പരാതി കഴിഞ്ഞ ദിവസമാണ് (04.08.2022) പരസ്യപ്പെടുത്തിയത്.
സാന്‍ ഫ്രാന്‍സിസ്‌ക്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി തന്നെ കമ്പളിപ്പിച്ചുവെന്ന് ഇലോണ്‍ മസ്‌ക് ആരോപിച്ചു. കോടതിയിലെ രേഖകള്‍ അനുസരിച്ച് ട്വിറ്റര്‍ ഇന്ത്യയിലെ പ്രാദേശിക നിയമം പാലിക്കേണ്ടതുണ്ടെന്ന് മസ്‌ക് പറഞ്ഞു. കേസിന്‍റെ കോടതി പകര്‍പ്പ് ഫോട്ടോ രൂപത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്‍റെ ടെക്ക് റിപ്പോര്‍ട്ടര്‍ കെയിറ്റ് കോംഗറുടെ ട്വിറ്റര്‍ പോസ്റ്റില്‍ നിന്നും വ്യക്തമാണ്.
'2021-ൽ, ഇന്ത്യയുടെ വിവരസാങ്കേതിക മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ പ്രകാരം സോഷ്യൽ മീഡിയ പോസ്റ്റുകളുടെ വിവരങ്ങൾ നല്‍കാന്‍ വിസമ്മതിച്ച കമ്പനികളെ കുറ്റാരോപണ വിധേയമാക്കാന്‍ അധികാരമുണ്ട്. വിവരങ്ങള്‍ അറിയുവാനുള്ള അവകാശത്തിനായാണ് മസ്‌ക് വാദിക്കുന്നത്. "ട്വിറ്റർ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മസ്‌ക് ആഗ്രഹിക്കുന്നുവെന്ന്' ന്യൂയോർക്ക് ടൈംസ് ടെക് റിപ്പോർട്ടറുടെ പോസ്റ്റ് വ്യക്തമാക്കുന്നു.
'കര്‍ണാടക ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത കേസ് പ്രകാരം ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വ്യവഹാരം തുറന്നുകാട്ടാന്‍ വിസമ്മതിച്ചത് ട്വിറ്ററിന്‍റെ പരാജയമാണെന്ന് മസ്‌ക് ചൂണ്ടികാട്ടി. വിവര സാങ്കേതിക വിദ്യ ആക്‌ട് 69എ പ്രകാരം രാഷ്‌ട്രീയക്കാർ, ആക്‌ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ എന്നിവരുടെ പോസ്റ്റുകള്‍ നീക്കം ചെയ്യാൻ ട്വിറ്ററിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും നിയമപരമായാണ് കമ്പനി മുന്നോട്ടുപോകുന്നതെന്നും' ട്വിറ്റര്‍ പ്രതികരിച്ചു. 'കര്‍ണാടക ഹൈക്കോടതിയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിന്‍റെ വിധിയില്‍ കമ്പനി നിയമത്തിനെതിരായി പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞാല്‍ ഇന്ത്യയിലുള്ള ബിസിനസ് അവസാനിപ്പിക്കുമെന്നും' കമ്പനി വ്യക്തമാക്കി.
നാല് ബില്യൺ യുഎസ് ഡോളറിന്‍റെ ട്വിറ്റർ പർച്ചേസ് കരാര്‍ അവസാനിപ്പിച്ചതായി കഴിഞ്ഞ മാസമാണ് മസ്‌ക് അറിയിച്ചത്. പർച്ചേസ് കരാറിന്‍റെ ഒന്നിലധികം ലംഘനങ്ങൾ മൂലമാണ് കരാർ താത്‌കാലികമായി നിർത്തിവയ്‌ക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു മസ്‌കിന്‍റെ വിശദീകരണം. സ്‌പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയിൽ താൻ ആവശ്യപ്പെട്ട ഡാറ്റ ലഭ്യമായില്ല എങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കലില്‍ നിന്ന് പിന്മാറുമെന്ന് മസ്‌ക് പറഞ്ഞിരുന്നു.
വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ട്വിറ്റര്‍ എതിര്‍ക്കുകയാണെന്ന് മസ്‌ക് ആരോപിച്ചു. വ്യാജ അക്കൗണ്ടുകള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് തെളിയിക്കുന്ന വിവരങ്ങളും കൈമാറണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ ലഭിക്കാതിരുന്നതാണ് കരാറില്‍ നിന്ന് മസ്‌കിനെ പിന്മാറാന്‍ പ്രേരിപ്പിച്ചത്.